

കൊച്ചി: ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങള്‍ ഭൂമി, ദളിത്, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കിയത് തട്ടിപ്പ് മാത്രമായിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ജമാഅത്തെ ഇസ്ലാമിയുടെ യുവജന പ്രസ്ഥാനമായ സോളിഡാരിറ്റി ഇത്തരം വിഷയങ്ങളില്‍ നടത്തിയ ഇടപെടലുകളെ വേഷം കെട്ടലുകള്‍ എന്നാണ് ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ എഴുതിയ ജിഹാദിസ്റ്റുകളുടെ തനിനിറം എന്ന ലേഖനത്തില്‍ എളമരം കരീം വിശേഷിപ്പിച്ചിരിക്കുന്നത്. പുരയ്ക്ക് മേല്‍ ചായുമെന്നായപ്പോള്‍ സോളിഡാരിറ്റിയെ നിശബ്ദമാക്കിയെന്നും എളമരം കരീം പരിഹസിക്കുന്നുണ്ട്.
നിഗൂഢമായ സംഘടനാ രൂപങ്ങളുണ്ടാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നാണ് ലേഖനത്തില്‍ എളമരം കരീം വ്യക്തമാക്കുന്നത്. ഈ നിഗൂഢ പ്രവര്‍ത്തനങ്ങളുടെ മാതൃകാരൂപമാണ് അവരുടെ മാധ്യമങ്ങള്‍ എന്നും കുറ്റപ്പെടുത്തലുണ്ട്. ഔദ്യോഗിക മത പ്രസിദ്ധീകരണം പ്രബോധനമാണ്. എന്നാല്‍, തങ്ങളുടെ 'രാഷ്ട്രീയ ഇസ്ലാം' എന്ന ഒളി അജന്‍ഡ നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങളാണ് മാധ്യമം, മീഡിയാ വണ്‍ മുതലായവയെന്നും ലേഖനം ആരോപിക്കുന്നു.
'ജമാഅത്തെ ഇസ്ലാമിയും അവരുടെ യുവജന- വിദ്യാര്‍ഥി സംഘടനകളും വേഷം മാറി പ്രവര്‍ത്തിക്കുന്ന സംഘടനകളും, മാധ്യമം, മീഡിയാ വണ്‍ എന്നീ മാധ്യമങ്ങളും സിപിഎമ്മിനെയും എല്‍ഡിഎഫിനെയും ലക്ഷ്യം വെച്ച് ഉറഞ്ഞുതുള്ളുകയാണെന്നും' ലേഖനത്തില്‍ എളമരം കരീം ആരോപിക്കുന്നുണ്ട്. മാധ്യമം പത്രം സാധാരണ ബൂര്‍ഷ്വ പ്രചാരണ ആയുധം മാത്രമല്ല മതാധിഷ്ഠിതരാഷ്ട്രം ലക്ഷ്യം വയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ജിഹ്വയാണെന്നും വിമര്‍ശനമുണ്ട്. ഈ പ്രച്ഛന്നവേഷങ്ങളെല്ലാം രാജ്യത്ത് മതചേരി തിരിവ് സൃഷ്ടിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണവും എളമരം കരീം മുന്നോട്ടു വെയ്ക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന രാഷ്ട്രീയലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിനെ പോലെ തന്നെയാണ് ജമാഅത്തെ ഇസ്ലാമിയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. സൗകര്യത്തിനനുസരിച്ച് ഇസ്ലാമിന്റെ ആത്മീയ വ്യവഹാരങ്ങളെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ ലക്ഷ്യമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന വിമര്‍ശനവും എളമരം കരീം ലേഖനത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്.
മുന്‍ എംഎല്‍എ എന്‍ കണ്ണന്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന്‍ മീഡിയാ വണ്‍ ചര്‍ച്ചയില്‍ വളച്ചൊടിച്ചെന്നും ലേഖനത്തില്‍ എളമരം കരീം കുറ്റപ്പെടുത്തുന്നുണ്ട്. 'മലപ്പുറത്ത് എന്‍ഡിഎഫ് നടത്തിയ നികൃഷ്ടമായ ചെയ്തികളെക്കുറിച്ച് അന്നത്തെ വണ്ടൂര്‍ എംഎല്‍എ കണ്ണന്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന്‍ വളച്ചൊടിച്ച് സിപിഐഎം മലപ്പുറം ജില്ലക്കാരെ അപമാനിച്ചെന്ന് വിളിച്ചുപറയാന്‍ മീഡിയാ വണ്ണിലെ ദാവൂദിന് ഒരു മടിയുമുണ്ടായില്ല' എന്നാണ് ലേഖനത്തില്‍ കരീം കുറ്റപ്പെടുത്തിയിരിക്കുന്നത്. സത്യം പറഞ്ഞ് എതിരാളികളെ നേരിടാന്‍ കഴിയാത്തവരാണ് നുണകളെ ആശ്രയിക്കുന്നതെന്നും വിമര്‍ശനമുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ തെരഞ്ഞെടുപ്പ് കാലത്തെ നിലപാടുകളെയും ലേഖനത്തില്‍ എളമരം കരീം വിമര്‍ശിക്കുന്നുണ്ട്. ഒരുകാലത്ത് സ്ഥാനാര്‍ഥികളുടെ ധാര്‍മികത നോക്കി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത ജമാഅത്തെ ഇസ്ലാമി എല്ലാ അധാര്‍മികതകളുടെയും കൂടാരമായ യുഡിഎഫില്‍ അഭയം തേടിയെന്ന വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ സംഘപരിവാര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന സിമി (സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം ആവിഷ്‌കരിച്ചുവെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യയെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്ന വിഘടനവാദികള്‍ക്ക് വളം വയ്ക്കുകയായിരുന്നു സിമിയെന്നും ഉസാമ ബിന്‍ലാദന്‍ ആയിരുന്നു സിമിയുടെ മാതൃകയെന്നും കുറ്റപ്പെടുത്തലുണ്ട്. സിമി ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും തീവ്ര ഇസ്ലാമിസം പ്രമാണമായി അംഗീകരിച്ച തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ബാധ്യതയില്‍നിന്ന് ജമാഅത്തെ ഇസ്ലാമിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ലേഖനത്തില്‍ പറയുന്നു.
ജനാധിപത്യവ്യവസ്ഥയെ ബാധിക്കുന്നവിധം രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്ലാമിയെ നിശിതമായ വിമര്‍ശത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെന്നും ലേഖനത്തില്‍ എളമരം കരീം നിലപാട് പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
