

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ ഉണ്ടെന്ന സിപിഎം ആരോപണത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സീല്‍ വന്നത് ക്ലറിക്കല്‍ പിഴവാണെന്നും പിശക് തിരിച്ചറിഞ്ഞു നേരത്തെ തന്നെ തിരുത്തല്‍ നടത്തിയതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ഭാരതീയ ജനത പാര്‍ട്ടി സീല്‍ വന്നത് തികച്ചും ക്ലെറിക്കല്‍ പിഴവാണ്. ബി ജെ പി കേരള ഘടകം, ക്രിമിനല്‍ ആന്റിസെഡന്റ്‌റ്‌സ് സംബന്ധിച്ച 2019 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തെ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് സി ഇ ഓ ഓഫീസില്‍ എത്തിയിരുന്നു. വിശദീകരണം ആവശ്യപ്പെട്ട അപേക്ഷയോടൊപ്പം സമര്‍പ്പിച്ച 2019 ലെ കത്തിന്റെ പകര്‍പ്പില്‍ ആണ് പാര്‍ട്ടി സീല്‍ ഉണ്ടായിരുന്നത്. അശ്രദ്ധ മൂലം പാര്‍ട്ടി സമര്‍പ്പിച്ച കത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കപ്പെടുകയാണുണ്ടായത്. എന്നാല്‍ ഈ നിര്‍ദേശത്തിനു 2019 നു ശേഷം മാറ്റങ്ങള്‍ വന്നിട്ടുള്ളതും അത് പാര്‍ട്ടികളെ അറിയിച്ചിട്ടുള്ളതുമാണ്.
ഇത്തരത്തില്‍ ഒരു ക്ലറിക്കല്‍ പിശക് സംഭവിച്ചിട്ടുള്ളത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടുള്ളതും മാര്‍ച്ച് 21 നു തന്നെ ഡെപ്യൂട്ടി ചീഫ് ഇലക്ട്‌റല്‍ ഓഫീസര്‍ ഇത് സംബന്ധിച്ച പിശക് ചൂണ്ടിക്കാട്ടി നിര്‍ദേശം പിന്‍വലിച്ചുകൊണ്ട് അറിയിപ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും,ജില്ലാ ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്കും റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുള്ളതുമാണ്.
ക്ലറിക്കല്‍പിഴവ് ഉയര്‍ത്തിക്കാട്ടിയുള്ള തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പിന്റെ പ്രക്രിയകളില്‍ മറ്റൊരു ശക്തിക്കും ഇടപെടാന്‍ സാധിക്കാതെ പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് കമ്മീഷന്‍ നടത്തി വരുന്നതെന്നും അദ്ദേഹം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates