'ചക്കകൊമ്പനെ പിടികൂടാനുള്ള നീക്കം ഉപേക്ഷിക്കണം, ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം'; ആവശ്യവുമായി പരിസ്ഥിതി സംഘടനകൾ

ദൗത്യം ഇന്ത്യ-പാകിസ്ഥാൻ യുദ്ധമല്ലെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ
chakkakomban
chakkakomban
Edited By:
Updated on: 
2 min read

തിരുവനന്തപുരം: കാട്ടാന ചക്കകൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഉപേക്ഷിക്കണമെന്നും, പരിസ്ഥിതി-വനംവകുപ്പ് മാർഗനിർദ്ദേശങ്ങളും ചട്ടങ്ങളും ലംഘിച്ച് മൂന്ന് ദിവസത്തോളം ആനയെ മലനിരകളിലൂടെയും ജലാശയത്തിലൂടെയും നിർത്താതെ പിന്തുടർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ 'കോ-എക്സിസ്റ്റൻസ് കളക്ടീവ്' ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംഘടന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും സംസ്ഥാന വനംവകുപ്പിനും കത്ത് നൽകി.

ചക്കകൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഒരു ഇന്ത്യ-പാകിസ്ഥാൻ യുദ്ധമല്ലെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ പ്രതികരിച്ചു. ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കോ ആനയ്ക്കോ മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുതെന്നും, ആനയ്ക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാത്ത വിധത്തിൽ ദൗത്യം നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രൂരവും നിയമവിരുദ്ധവുമായ ആനവേട്ടയാണ് വനംവകുപ്പ് നടത്തിയതെന്ന് കോ-എക്സിസ്റ്റൻസ് കളക്ടീവ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ചിന്നക്കനാലിലെ 17 ആനകളുടെ മാത്രമല്ല, മതികെട്ടാൻ ചോല, അമ്പാസമുദ്രം, പൈതൊട്ടി, കോരൻപാറ, കെ.ആർ.വി. എസ്റ്റേറ്റ്, കിള്ളിപ്പാറ, ആനയിറങ്കൽ എന്നിവ ഉൾപ്പെടുന്ന വിശാലമായ ആവാസവ്യവസ്ഥയിലെ മറ്റ് ജീവജാലങ്ങളുടെയും നിലനിൽപ്പിന് ചക്കകൊമ്പന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. ഈ മേഖലയിലെ പൂർണ്ണവളർച്ചയെത്തിയ ഏക കൊമ്പനാനയായ ചക്കകൊമ്പന്റെ സാന്നിധ്യം ജനിതകപരമായി കരുത്തുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിനും ആനക്കൂട്ടത്തിന്റെ സ്വഭാവരൂപീകരണത്തിനും അനിവാര്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

ഒരു ആനയെ ജീവിതകാലം മുഴുവൻ കൂട്ടിലടച്ച് പീഡിപ്പിച്ച് കുങ്കിയാനയാക്കി മാറ്റുന്നതിന് പകരം, ആനയെ നിരീക്ഷിക്കുന്നതിനും നിരന്തരം വിവരങ്ങൾ കൈമാറുന്നതിനുമായി നാലോ അഞ്ചോ വാച്ചർമാരെയും ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും നിയമിക്കുന്നതാണ് കൂടുതൽ ഉചിതവും ചെലവ് കുറഞ്ഞതുമായ മാർഗമെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ആനകളെ സ്ഥലംമാറ്റുന്നത് മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരമല്ലെന്നും, 2023-ൽ അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പെരിയാറിലേക്ക് മാറ്റിയത് മേഖലയിലെ മനുഷ്യ-ആന സംഘർഷം കുറയ്ക്കാൻ സഹായിച്ചിട്ടില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും സംഘടന പറഞ്ഞു.

രാഷ്ട്രീയ താൽപ്പര്യങ്ങൾ, മാധ്യമങ്ങളിലെ ഒരു വിഭാഗം, ടൂറിസം ഓപ്പറേറ്റർമാർ, കൈയേറ്റക്കാർ, മതനേതാക്കൾ എന്നിവരുടെ കൂട്ടുകെട്ടാണ് ചക്കകൊമ്പനെ പിടികൂടണമെന്ന നിലവിലെ പ്രചാരണത്തിന് പിന്നിലെന്നും കോ-എക്സിസ്റ്റൻസ് കളക്ടീവ് ആരോപിച്ചു. ആനത്താരകളെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയിലെ തത്വങ്ങൾ കർശനമായി നടപ്പാക്കണമെന്നും ആനകളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ചിന്നക്കനാൽ മേഖലയിൽ ആനകളുടെ സഞ്ചാരത്തിന് തടസ്സമാകുന്ന കാര്യങ്ങൾ നീക്കം ചെയ്യാൻ ഇടുക്കി ജില്ലാ കളക്ടർ വഴി സംസ്ഥാന സർക്കാർ ആരംഭിച്ച മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തണമെന്നും, കഴിഞ്ഞ 10 വർഷത്തിനിടെ ആനകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായ സാഹചര്യത്തിൽ കുടിയേറ്റ മേഖലകളിൽ ആനകളെ ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Summary

Co-existence Collective, a coalition of environmental groups, has urged the government to permanently abandon attempts to capture or radio-collar wild elephant Chakkakomban and take action against forest officials for allegedly violating SOPs during the three-day chase in Chinnakanal, while Forest Minister Shibu Baby John stated the mission was temporarily halted and stressed it is "not an India-Pakistan war."

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER