

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് പിന്തുണ പരസ്യമാക്കി എറണാകുളം ഡിസിസി അധ്യക്ഷനും കൊച്ചി നിയോജക മണ്ഡലം സ്ഥാനാര്‍ഥിയുമായി മുഹമ്മദ് ഷിയാസ്. കേരളത്തിന് വേണ്ടത് വിഡി സതീശന്റെ പ്രവര്‍ത്തന രീതിയാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എറണാകുളത്തുനിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകണമെന്ന് ഷിയാസ് പറഞ്ഞു.
'പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഡി സതീശന്‍ ഉജ്ജ്വലമായ പ്രവര്‍ത്തനമാണ് നടത്തിയത്.നിയമസഭയ്ക്ക് അകത്തും പുറത്തും കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നയാളാണ് സതീശന്‍. അത് ജനങ്ങള്‍ മനസിലാകുകയും ചെയ്തിട്ടുണ്ട്. പുതിയ കേരളത്തിന് എന്താണ് വേണ്ടതെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സതീശന്‍ കഴിഞ്ഞിട്ടുണ്ട്. സതീശന്‍ മുഖ്യമന്ത്രിയാകാന്‍ ജനം അതാഗ്രഹിക്കുന്നു. സതീശനെ പോലെയുള്ള നേതാക്കളാണ് കേരളത്തിനാവശ്യം. എല്ലാജനവിഭാഗങ്ങളെയും യോജിപ്പിച്ച് കൊണ്ടുപോകാനും സതീശന് കഴിഞ്ഞിട്ടുണ്ട്. ജനം ആഗ്രഹിക്കുന്ന പോലെ പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്' ഷിയാസ് പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാരാകുമെന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സതീശന് പരസ്യപിന്തുണയുമായി ഷിയാസ് രംഗത്തുവന്നത്. ആരാവും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് രമേശ് ചെന്നത്തലയുടെ മറുപടി ഇങ്ങനെ; ആലപ്പുഴയില്‍ നിന്നാണോ, എറണാകുളത്ത് നിന്നാണോ എന്നറിയില്ല, കേരളത്തില്‍ നിന്നുള്ള ആളാവും മുഖ്യമന്ത്രി എന്നായിരുന്നു. യുഡിഎഫിന് കംഫര്‍ട്ടബിളായ ഭൂരിപക്ഷം ലഭിക്കും. ഇരട്ട വോട്ടുകള്‍ മരിച്ചവര്‍, സ്ഥലത്തില്ലാത്തവര്‍ തുടങ്ങിയവരുടെ വോട്ടുകളും നേരത്തെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ എസ്ഐആര്‍ വന്നതോടെ ഇതൊക്കെ മാറി. കൂടാതെ കള്ളവോട്ടു ചെയ്യാനുള്ള സാധ്യതകളും കുറഞ്ഞു. ഇത് പോളിങ് വര്‍ധിക്കാന്‍ ഒരു കാരണമാണ്. മറ്റൊന്ന് ഭരണമാറ്റത്തിനായി ജനങ്ങള്‍ അത്യാവേശത്തോടെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ തയ്യാറായി എന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന്റെ കഠിനാധ്വാനം, പ്രവര്‍ത്തകരുടെ കഠിനാധ്വാനം, നേതാക്കളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലം എന്നിവയെല്ലാം പോളിങ് ശതമാനത്തിന്റെ വര്‍ധനയില്‍ സഹായകമായിട്ടുണ്ട്. പോളിങ് വര്‍ധനയെക്കുറിച്ച് വിശകലനം നടത്തിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനവും ഐക്യത്തോടെ, ഒറ്റമനസ്സോടെയാണ് പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇതേപോലെ മുന്നോട്ടു പോകും. അമ്പലപ്പുഴയില്‍ ജി സുധാകരന്റെ ആഗ്രഹം സഫലമാകും. ജി സുധാകരന്‍ മികച്ച വിജയം നേടും. ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുന്നില്ല എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഉപമുഖ്യമന്ത്രിസ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹതയുണ്ടെന്നു മാത്രമാണ് മുനവറലി തങ്ങള്‍ പറഞ്ഞത്. പക്ഷെ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുമെന്ന് പറഞ്ഞത് വെള്ളാപ്പള്ളി നടേശന്റെ മാറ്റമായിട്ടാണ് കാണുന്നത്. നേരത്തെ തുടര്‍ഭരണം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍ക്കൊള്ളുന്നു എന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. പോളിങ് കൂടിയത് ഭരണമാറ്റത്തിന്റെ സൂചനയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates