

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ശിവക്ഷേത്രമാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. രൗദ്രഭാവത്തില്‍ ഉള്ള ശിവ ഭഗവാന്‍ ആണ് മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോരമൂര്‍ത്തിയായും ഉച്ചക്ക് ശരഭമൂര്‍ത്തിയായും വൈകുന്നേരം അര്‍ദ്ധനാരീശ്വരനായും സങ്കല്‍പ്പിച്ചാണ് ക്ഷേത്രത്തില്‍ ആരാധനകള്‍ നടക്കുന്നത്.
എല്ലാ വര്‍ഷവും കുംഭമാസത്തിലെ തിരുവാതിര ആറാട്ടായി വരുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷം . ഉത്സവത്തിന്റെ എട്ടാം നാളാണ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പുറത്തെടുക്കുന്ന ഏഴരപ്പൊന്നാന ദര്‍ശനം. കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടത്തുന്നത്. അന്നേ ദിവസം ഏറ്റുമാനൂര്‍ തേവര്‍ ക്ഷേത്ര മതില്‍ക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനം നല്‍കി എഴുന്നള്ളിയിരിക്കുന്നു. അന്ന് ഭഗവന്‍ ഏഴരപ്പൊന്നാനയുടെ പുറത്തെഴുന്നള്ളുന്നത് കാണാന്‍ ഭക്തജനങ്ങളുടെ പ്രവാഹമാണ് ഉണ്ടാവുന്നത് . ഏഴരപ്പൊന്നാന ദര്‍ശനം മഹാപുണ്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ മാസം 25 ബുധനാഴ്ച രാത്രിയിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം. ഉത്സവത്തിന് 18നാണ് കൊടിയേറിയത്. 26നാണ് പള്ളിവേട്ട. 27ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.
പരശുരാമന്‍ സ്ഥാപിച്ച 108 പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങളില്‍ ഒന്നായിട്ടാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം കരുതി പോരുന്നത്. എങ്കിലും ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് പിന്നില്‍ മറ്റൊരു ഐതിഹ്യം കൂടി പറയാറുണ്ട് . അതിപ്രകാരമാണ് . ഖരന്‍ എന്ന അസുരന്‍ തന്റെ മുത്തശ്ശനില്‍ നിന്ന് ശൈവവിദ്യ ഗ്രഹിച്ചതിന് ശേഷം , ചിദംബരത്ത് പോയി ശിവ ഭഗവാനെ പ്രീതിപ്പെടുത്താന്‍ തപസ്സാരംഭിച്ചു . ഖരന്റെ തപസ്സില്‍ സംപ്രീതനായ ശിവഭഗവാന്‍ അദ്ദേഹത്തിന് മൂന്ന് ജ്യോതിര്‍ലിംഗങ്ങള്‍ നല്‍കുകയും ചെയ്തു.
രണ്ടു ശിവലിംഗങ്ങള്‍ ഇരു കൈകളിലായും മറ്റൊന്ന് വായില്‍ കടിച്ചുപിടിച്ചു കൊണ്ടും ഖരന്‍ വായുമാര്‍ഗ്ഗം സ്വസ്ഥാനത്തേക്ക് പ്രയാണം ആരംഭിച്ചു . സഞ്ചാര വേളയില്‍ അദ്ദേഹം വൈക്കത്തെത്തിയപ്പോള്‍ വിശ്രമിക്കാനായി കുറച്ചു നേരം അവിടെ സമയം ചെലവഴിക്കുകയും തന്റെ ഒരു കയ്യില്‍ ഇരുന്ന ശിവലിംഗം നിലത്ത് വെക്കുകയും ചെയ്തു . വിശ്രമം കഴിഞ്ഞു പോരാന്‍ തുടങ്ങിയപ്പോള്‍ നിലത്തു വെച്ച വിഗ്രഹം എടുക്കാന്‍ സാധിക്കാതെ വരികയും തനിക്കു ഇവിടെ കുടികൊള്ളുന്നതാണ് ഇഷ്ടം എന്ന് ശിവഭഗവാന്‍ അരുളി ചെയ്യുകയും ചെയ്തു .
തുടര്‍ന്ന് ഖരന്‍ അവിടെ തപസ്സനുഷ്ടിച്ചിരുന്ന വ്യാഘ്രപാദന്‍ എന്ന മഹര്‍ഷിയെ ശിവലിംഗം ഏല്‍പ്പിക്കുകയും തന്റെ പ്രയാണം ആരംഭിക്കുകയും ചെയ്തു . തന്റെ മറു കയ്യില്‍ ഇരുന്ന ശിവലിംഗം ഏറ്റുമാന്നൂരും വായില്‍ കടിച്ചുപിടിച്ചിരുന്ന ശിവലിംഗം കടുത്തുരുത്തി തളി ശിവക്ഷേത്രത്തിലും സ്ഥാപിച്ചു എന്നാണ് ഐതിഹ്യം .
ആയിരം വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള്ള ക്ഷേത്രത്തിലെ ഏറ്റവും വലിയ രണ്ടു സവിശേഷതകള്‍ ആണ് ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും . അഞ്ചു തിരികളോട് കൂടിയുള്ള കെടാവിളക്കാണ് ബലിക്കല്‍പ്പുരയില്‍ സ്ഥാപിച്ചിട്ടുള്ള വലിയ വിളക്ക് . ഈ രണ്ട് സവിശേഷ വസ്തുക്കളും ക്ഷേത്രത്തില്‍ എത്തിയതിന്റെ പിന്നിലും രസകരമായ ഐതിഹ്യങ്ങള്‍ ഉണ്ട് .
1540 ലാണ് ക്ഷേത്രത്തില്‍ വലിയ വിളക്ക് സ്ഥാപിക്കുന്നത് . വിളക്കുകള്‍ പണിയുന്ന ഒരു മൂശാരി വലിയ ഒരു വിളക്ക് പണിത് കൊണ്ട് വരികയും അത്രയും വലിയ വിളക്ക് ഇതുവരെ ആരും കണ്ടിട്ടില്ല എന്നും ഇതെവിടെ സ്ഥാപിക്കും എന്ന് ചോദ്യം ഉയരുകയും ചെയ്തു . മൂശാരി ഉത്തരമില്ലാതെ നിന്നപ്പോള്‍ ക്ഷേത്രത്തിനകത്തു നിന്ന് ഒരു വിദ്വാന്‍ തുള്ളി കൊണ്ട് വരികയും മൂശാരിയുടെ കയ്യില്‍ നിന്ന് വിളക്ക് വാങ്ങി ബലിക്കല്‍പ്പുരയില്‍ കൊണ്ട് സ്ഥാപിക്കുകയും ചെയ്തു . വിളക്ക് സ്ഥാപിച്ച ഉടന്‍ തന്നെ ഒരു ഇടിമിന്നല്‍ ഉണ്ടാവുകയും എണ്ണയില്ലാതെ തന്നെ വിളക്കില്‍ തിരി കത്തുവാനും തുടങ്ങി . അന്ന് മുതല്‍ ഇന്ന് വരെ ഈ വിളക്കിലെ തിരി കെട്ടിട്ടില്ല . ഈ സംഭവത്തോടെ അകത്തു നിന്ന് തുളളി കൊണ്ട് വന്ന വിദ്വാനും മൂശാരിയും അപ്രത്യക്ഷമാവുകയും ചെയ്തു . തുള്ളി കൊണ്ട് വന്ന വിദ്വാന്‍ സാക്ഷാല്‍ ശിവ ഭഗവാന്‍ ആണെന്നും മൂശാരി ഭഗവാനില്‍ ലയിച്ചു എന്നും വിശ്വസിച്ചു പോരുന്നു .
ക്ഷേത്രത്തിലെ മറ്റൊരു സവിശേഷതയാണ് ഏഴരപ്പൊന്നാന . പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഏഴു വലിയ ആനകളും അവയുടെ പകുതി മാത്രം വരുന്ന ഒരാനയുടെയും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ ആണ് ഏഴരപ്പൊന്നാന . പ്ലാവിന്റെ കാതല്‍ കൊണ്ടുണ്ടാക്കിയ വിഗ്രഹത്തില്‍ സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞതാണ് ഏഴരപ്പൊന്നാന . ഏഴരപ്പൊന്നാന ക്ഷേത്രത്തില്‍ എത്തിയതിന്റെ പിന്നിലും ധാരാളം ഐതിഹ്യങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നു . അതില്‍ ഏറ്റവും പ്രശസ്തമായ ഐതിഹ്യം ഇപ്രകാരമാണ് . കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവ് ഏഴരപ്പൊന്നാന വൈക്കത്തപ്പന് കാണിക്കയായി നിര്‍മ്മിച്ച് കൊടുത്തയച്ചതാണെന്നും യാത്രാമദ്ധ്യ ഇവ ഏറ്റുമാന്നൂര്‍ ക്ഷേത്രത്തില്‍ ഇറക്കി വെക്കുകയും തിരിച്ചു പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ആനകള്‍ വെച്ചിരുന്നിടത്ത് നിന്ന് അനങ്ങിയില്ല എന്നും അവയില്‍ ഉഗ്രസര്‍പ്പങ്ങള്‍ ചുറ്റിയിരുന്നു എന്നും പ്രശ്‌നം വെച്ചപ്പോള്‍ അവ ഏറ്റുമാനൂരപ്പന് നടക്കു വെക്കണം എന്നും അങ്ങിനെ ഒരു ശുഭമുഹൂര്‍ത്തത്തില്‍ അവ ഏറ്റുമാന്നൂരപ്പന് കാഴ്ചയായി സമര്‍പ്പിച്ചു എന്നുമാണ് പറയപ്പെടുന്നത് .
പടിഞ്ഞാറോട്ട് ദര്‍ശനമായി ഇരിക്കുന്ന ക്ഷേത്രത്തില്‍ ദക്ഷിണാമൂര്‍ത്തി , ഗണപതി , ശാസ്താവ് , ദുര്‍ഗ്ഗാദേവി , നാഗദൈവങ്ങള്‍ , യക്ഷി എന്നിവര്‍ ഉപദേവതകളായി കുടികൊള്ളുന്നു . കൂടാതെ ക്ഷേത്രത്തിനടുത്തായി അന്തിമഹാകാളനും ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates