

തിരുവനന്തപുരം: പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വഷണ സംഘം വീണ്ടും നോട്ടീസ് നല്‍കി. ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പുതിയ സമന്‍സ്. കേസില്‍ ചെയര്‍മാനെ പ്രതി ചേര്‍ക്കുന്നതിനും അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുന്നതിനും മുന്നോടിയായാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കമെന്നാണ് അറിയുന്നത്.
കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍, അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി അന്വേഷണം തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് അയച്ചത്. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടിലാണ് വീണ്ടും ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഈ കേസില്‍ നിര്‍ണായകമായ മൊഴികളും തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. പത്ത് ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതിരുന്നത് ആസൂത്രിതമാണെന്നാണ് കണ്ടെത്തല്‍.
എഴുത്തു പരീക്ഷകളിലെ മാര്‍ക്ക് ചെയര്‍മാനും അംഗങ്ങള്‍ക്കും ചോര്‍ന്നു കിട്ടിയിട്ടുണ്ടെന്നുള്ള സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും ചെയര്‍മാന്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച മൊഴി. കേസില്‍ നേരത്തെ അറസ്റ്റിലായ അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരി, ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റ് പിഎസ് സി അംഗങ്ങളുടെ മൊഴിയില്‍ നിന്നുമാണ് ചെയര്‍മാനെതിരെ ശക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.
ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടുകള്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷാ തട്ടിപ്പ് തുടങ്ങിയവയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ചൊവ്വാഴ്ച്ചയും ചെയര്‍മാന്‍ ഹാജരായില്ലെങ്കില്‍ വിവരം ഹൈക്കോടതിയെ അറിയിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഖാദി ബോര്‍ഡ് വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷകളില്‍ മുന്‍ ചെയര്‍മാന്‍ എം കെ സക്കീറും ആരോപണവിധേയനാണ്. എന്നാല്‍ അദ്ദേഹത്തിന് ഇതുവരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates