

പാലക്കാട്: കൊടും ചൂട് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദേശം. ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കണമെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം. കോളേജുകള്‍ (പ്രൊഫഷണല്‍/ടെക്‌നിക്കല്‍ ഉള്‍പ്പെടെ) കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെ തിങ്കളാഴ്ച മുതല്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്.
ജില്ലയില്‍ നിലവിലെ താപനില: 40.1 ഡിഗ്രി സെല്‍ഷ്യസ് എത്തുകയും (ഫീല്‍ഡ് ടെംപറേച്ചര്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ) ഉയര്‍ന്ന യുവി ഇന്‍ഡക്‌സ്, ഹീറ്റ് സ്‌ട്രോക്ക്, ഡീഹൈഡ്രേഷന്‍ എന്നിവയ്ക്കുള്ള സാധ്യത, ക്ലാസ് മുറികളിലെ മിതമായ താപനില,വെന്റിലേഷന്‍ സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളില്‍ താപനില കുറയാനുള്ള സാധ്യതയില്ലെന്നതുള്‍പ്പെടെയുള്ള സാഹതര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ രണ്ട് തുടര്‍ച്ചയായ ദിവസങ്ങള്‍ രേഖപ്പെടുത്തിയാല്‍ മാത്രമെ ഉത്തരവ് പിന്‍വലിക്കപ്പെടുകയുള്ളുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
യൂണിവേഴ്‌സിറ്റി/ ബോര്‍ഡുകള്‍ അംഗീകരിച്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ക്ലാസുകള്‍ , പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ ഉപാധികളിലൂടെ മാത്രം ക്ലാസുകളുടെ തുടര്‍ച്ചയും ഹാജര്‍ നിലയും നിലനിര്‍ത്തണം. അതു വഴി ഒരു വിദ്യാര്‍ത്ഥിക്കും അക്കാദമിക്ക് തലത്തില്‍ നഷ്ടങ്ങള്‍ ഉണ്ടാകരുതെന്നും ഉത്തരവില്‍ പറയുന്നു. നിശ്ചയിച്ച പരീക്ഷകളും പ്രാക്ടിക്കല്‍ ക്ലാസുകളും മിതമായ താപനിലയില്‍, കുടിവെള്ളം, ഒആര്‍എസ് ലായനി എന്നിവ ഉറപ്പാക്കി കൊണ്ട് നടത്താം. ഒഴിച്ചുകൂടാന്‍ പറ്റാത്തതും ഓണ്‍ലൈനായി സാധ്യമാകാത്തതുമായ ലാബോറട്ടറി, ക്ലിനിക്കല്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറില്‍ കൂടാത്ത സമയ പരിധിക്കുള്ളില്‍ മതിയായ വെന്റിലേഷനോടെയും മിതമായ താപനിലയും ഉറപ്പാക്കി കൊണ്ട് നടത്താവുന്നതാണ്.
രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മതിയായ അളവില്‍ വെള്ളം കുടിക്കണം. ഹോസ്റ്റലുകളിലും റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളിലും ആവശ്യമായ ശുദ്ധജല ലഭ്യത, ശീതീകരണ സംവിധാനങ്ങള്‍, മെഡിക്കല്‍ സഹായം ഉറപ്പാക്കണം. ഉത്തരവിന്റെ ലംഘനം ശ്രദ്ധയില്‍ പ്പെട്ടാല്‍ ഡിസ്ട്രിക്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1077 എന്നതില്‍ ബന്ധപ്പെടാവുന്നതാണ്. നിര്‍ദേശങ്ങല്‍ ലംഘിക്കുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates