'വർഷങ്ങൾക്ക് മുമ്പേ തന്റെ കവിതകളിലൂടെ പറഞ്ഞു വെച്ചു'; 'എഴുമംഗലം കവിതകൾ' പ്രകാശനം ചെയ്‌തു
തിരുവനന്തപുരം: ലോകത്ത് ഇന്നു നടക്കുന്ന പല സംഭവവികാസങ്ങളും വർഷങ്ങൾക്കു മുമ്പേ എഴുമംഗലം മാഷ് തന്റെ കവിതകളിലൂടെ പറഞ്ഞുവെച്ചിരുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി. എഴുമംഗലം കവിതകളുടെ പ്രകാശനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായി എംപി.
തന്റെ ഗുരുനാഥൻ കൂടിയായ മാഷ് പലപ്പോഴും തന്നോട് ഹിന്ദിയിൽ കൂടുതൽ പ്രാവീണ്യം നേടണമെന്ന് പറഞ്ഞിരുന്നതിന്റെ പ്രാധാന്യം പാർലമെന്റ് അംഗമായപ്പോഴാണ് ശരിക്കും മനസിലായതെന്നും അദ്ദേഹം പറഞ്ഞു. താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് സംസ്കൃത സർവകലാശാല ആരംഭിക്കുന്നത്. അതിന്റെ ആദ്യ രജിസ്ട്രാറായി നിയോഗിച്ചത് ഡോ.എഴുമംഗലം കരുണാകരനെ ആയിരുന്നു. തന്റെ തീരുമാനം തെറ്റായില്ല എന്ന് മാഷ് തന്റെ മികവുറ്റ പ്രവർത്തനത്തിലൂടെ തെളിയിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു.
എഴുമംഗലത്തിന്റ പദ്യകൃതികളെ സമാഹരിച്ചു കൊണ്ട് ബുക്കർ മീഡിയ പുറത്തിറക്കിയ 'എഴുമംഗലം കവിതകൾ' എന്ന കൃതി അദ്ദേഹത്തിന്റെ സഹധർമ്മിണി ഡോ. സുഗന്ധവല്ലി എഴുമംഗലം ഏറ്റുവാങ്ങി. സ്വന്തം രചനകൾ പ്രകാശിപ്പിക്കുന്നതിനേക്കാൾ വളർന്നു വരുന്ന പ്രതിഭകളുടെ കൃതികൾ പ്രസിദ്ധീകരിക്കുന്നതിലായിരുന്നു എഴുമംഗലത്തിന്റെ താല്പര്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കവിയും പ്രഭാഷകനുമായ കെ സുദർശനൻ പറഞ്ഞു.
ഇന്ന് പ്രമുഖരായി തീർന്ന പല കവികൾക്കും പ്രോത്സാഹനം നൽകിയത് എഴുമംഗലം കരുണാകരനായിരുന്നു. അദ്ദേഹത്തിന്റെ അപ്രകാശിത കവിതകൾ ആയിരുന്നു പ്രകാശിതമായവയെക്കാൾ കൂടുതൽ. തന്നെ പുച്ഛിക്കുന്നവരും പുറന്തള്ളുന്നവരും പൂജാപുഷ്പങ്ങളുമായി പിന്നാലെ വരുന്ന ഒരു കാലം ഉണ്ടാകുമെന്ന് അദ്ദേഹം എഴുതിയത് ഈ പുസ്തകത്തിലൂടെ യാഥാർത്ഥ്യമാവുകയാണെന്ന് കെ സുദർശനൻ പറഞ്ഞു. എഴുമംഗലം കവിതകളുടെ അവതരണവും ആസ്വാദനവും കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു. സനിത അനൂപ് കെ.ജി പങ്കജാക്ഷൻ, സന്തോഷ് ജയകുമാർ, സ്വാതി ജയകുമാർ എന്നിവർ സംസാരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

