

തൃശൂര്‍: സൈക്കോളജിസ്റ്റായ വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി എംകെ പ്രസാദ് എന്ന പ്രസാദ് അമോറിനെ ഫെയ്‌സ്ബുക്കിലൂടെ വ്യാജ പോസ്റ്റ് ഇട്ട് അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതിയായ കോളജ് അധ്യാപകന്‍ പത്തുലക്ഷം രൂപ പിഴ നല്‍കാന്‍ കോടതി ശിക്ഷിച്ചു. കോട്ടയം വേവടയില്‍ വേഴാവശേരി വീട്ടില്‍ ഷെറിന്‍ വി ജോര്‍ജിനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ സബ് ജഡ്ജ് രാജീവന്‍ വാചാല്‍ ശിക്ഷിച്ചത്.
പത്തു ലക്ഷം കൂടാതെ ആറു ശതമാനം പലിശയും മുഴുവന്‍ കോടതിച്ചെലവുകളും നല്‍കണം. ലൈസന്‍സ്ഡ് റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റുമായി ആലപ്പുഴ അരൂരിലെ ലക്ഷ്മി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന പ്രസാദിന്റെ സൈക്കോളജി ബിരുദാനന്തര ബിരുദവും എംഫില്ലും, ലണ്ടനിലെ എന്‍സിഎഫ്സിയില്‍നിന്നുള്ള എച്ച്പിഡി ഡിപ്ലോമയും റീഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ ബിരുദാനന്തരഡിപ്ലോമയും വ്യാജമാണെന്ന തരത്തിലാണ് ഷെറിന്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. മാത്രമല്ല, പ്രസാദ് അമോര്‍ യോഗ്യതയില്ലാത്ത സൈക്കോളജിസ്റ്റാണെന്ന് ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പ്രസാദ്, ദേവഗിരി സെന്റ് ജോസഫ് കോളേജിലെ അസി. പ്രൊഫസര്‍ ഷെറിന്‍ വി ജോര്‍ജിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.
വ്യാജ പ്രചാരണത്തെത്തുടര്‍ന്ന് പലരോഗികളും ചികിത്സ നിര്‍ത്തി പോയി. പുതുതായി ആരും ചികിത്സയ്ക്ക് വരാത്ത സ്ഥിതിയും ഉണ്ടായി. ഇതേത്തുടര്‍ന്ന് പരാതിക്കാരന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഷെറിന്‍ വി ജോര്‍ജിനോട് പിഴ നല്‍കാന്‍ കോടതി വിധിച്ചത്. പരാതിക്കാരനുവേണ്ടി അഡ്വ. ശരത് ബാബു കോട്ടയ്ക്കല്‍ ഹാജരായി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates