'യുഡിഎഫിന്റെ അടുപ്പില്‍ എന്തിനോ വേണ്ടി തിളക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി, ആര്യാടനുള്ള പിന്തുണ എന്തിന്‍റെ പേരില്‍?' കുറിപ്പ്

നിലമ്പൂരിലെ പിന്തുണ കൊണ്ട് വെല്‍ഫയറിന് വല്ല നേട്ടവുമുണ്ടോ? ജമാഅത്തിനെ എന്ത് തോന്ന്യാസം പറഞ്ഞാലും കോംപ്രമൈസ് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന സന്ദേശമല്ലേ മുഖ്യധാര രാഷ്ട്രീയക്കാര്‍ക്ക് കിട്ടുക?
Welfare Party
ആര്യാടന്‍ ഷൗക്കത്ത്, ആബിദ് / Welfare Party Issue ഫെയ്‌സ്ബുക്ക്‌
Updated on
2 min read

മലപ്പുറം: കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി(Welfare Party )യുമായി ബന്ധമുണ്ടെന്ന് പറയാന്‍ ഇരുമുന്നണികള്‍ക്കും ഭയമാണെന്ന് കുറിപ്പ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ആബിദ് അടിവാരത്തിന്‍റേതാണ് പോസ്റ്റ്. എല്‍ഡിഎഫിന് പിന്തുണ കൊടുത്ത കാലത്തും യുഡിഎഫിന് പിന്തുണ കൊടുത്ത കാലത്തും ഇരുമുന്നണികളുടേയും നേതൃത്വവുമായി വെല്‍ഫെയര്‍ പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇരു കൂട്ടരും അത് സമ്മതിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.

നിലമ്പൂരിലെ പിന്തുണ കൊണ്ട് വെല്‍ഫയറിന് വല്ല നേട്ടവുമുണ്ടോ? ജമാഅത്തിനെ എന്ത് തോന്ന്യാസം പറഞ്ഞാലും കോംപ്രമൈസ് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന സന്ദേശമല്ലേ മുഖ്യധാര രാഷ്ട്രീയക്കാര്‍ക്ക് കിട്ടുക?

ഇടതിനും വലതിനുമപ്പുറം കേരളത്തില്‍ രാഷ്ട്രീയം പറയാനുള്ള ഒരു സ്‌പെയ്‌സ് ഉണ്ടാക്കിയെടുക്കുക എന്ന ദൗത്യം പോലും നിര്‍വഹിക്കാന്‍ കഴിയാതെ പാര്‍ലമെന്ററി വ്യാമോഹത്തില്‍പെട്ട് യുഡിഎഫിന്റെ അടുപ്പില്‍ എന്തിനോ വേണ്ടി തിളക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. തലകുത്തി നിന്നാലും യുഡിഎഫില്‍ കയറിപ്പറ്റാന്‍ സാധിക്കില്ലെന്ന് അവര്‍ക്ക് മാത്രമാണ് മനസ്സിലാകാത്തതെന്നും കുറിപ്പില്‍ പറയുന്നു. ആര്യാടന്‍ ഷൗക്കത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് കുറിപ്പില്‍ ഉന്നയിച്ചിരിക്കുന്നത്. ജമാഅത്തിനെ രാക്ഷസവല്‍ക്കരിച്ച ഒരാള്‍ക്ക് രാഷ്ട്രീയ പിന്തുണ കൊടുക്കേണ്ട എന്ത് രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂരുള്ളതെന്നും കുറിപ്പിലൂടെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

നിലമ്പൂരിലെ വെൽഫെയർ ദുരന്തം.

വെൽഫെയർ പാർട്ടിക്ക് ജമാഅത്തെ ഇസ്ലാമിയുമായി യാതൊരു ബന്ധവുമില്ല എന്ന് ജമാഅത്തുകാർ പറയും. ജമാഅത്തിന്റെ കാർമികത്വത്തിൽ രൂപം കൊണ്ട പാർട്ടിയാണ് വെൽഫെയർ പാർട്ടി എന്ന് മലോകാർക്കെല്ലാം അറിയാം. പക്ഷേ, ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ജമാഅത്ത്കാർക്ക് പേടിയാണ്. ആ ജന്മദോഷം പാർട്ടിയെ പിന്തുടരുന്നുണ്ട്, അവരുമായി ബന്ധമുണ്ട് എന്ന് പരസ്യമായി സമ്മതിക്കാൻ കേരളത്തിലെ ഇരുമുന്നണികൾക്കും പേടിയാണ്.

എൽഡിഎഫിന് പിന്തുണ കൊടുത്ത കാലത്തും യുഡിഎഫിന് പിന്തുണ കൊടുത്ത കാലത്തും ഇരുമുന്നണികളുടെയും നേതൃത്വവുമായി വെൽഫെയർ പാർട്ടി ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും ഇരു കൂട്ടരും അത് സമ്മതിക്കില്ല. രഹസ്യമായി ചെലവിന് കൊടുക്കുകയും പരസ്യമായി നാട്ടുകാരുടെ കൂടെ കൂടി അവളോ അവളൊക്കെ പോക്ക് കേസാണ് എന്ന് പറയുകയും ചെയ്യുന്നവന്റെ കൂടെ കിടക്ക പങ്കിടേണ്ടി വരുന്ന അവിഹിത കാമുകിയുടെ അവസ്ഥയിൽ ജീവിക്കുന്ന പാർട്ടിയാണ് വെൽഫെയർ പാർട്ടി.

അവർക്ക് ഇങ്ങനെ ഒരവസ്ഥയുണ്ടാകാൻ കാരണങ്ങൾ പലതുമുണ്ട്. മൗദുദിയുടെ അര നൂറ്റാണ്ട് പഴക്കമുള്ള പുസ്തകങ്ങൾ മുതൽ പുതിയ കാലത്തെ പ്രത്യയശാസ്ത്ര വിശദീകരണങ്ങൾ വരെ. ഏതൊരു സംഘടനക്കും ഉണ്ടാകാവുന്ന ബൗദ്ധിക പ്രതിസന്ധികളായി തള്ളിക്കളയാൻ സാധിക്കുന്ന അത്തരം വിഷയങ്ങളെ കത്തിച്ചു നിർത്തി ജമാഅത്തിനെ രാക്ഷസവൽക്കരിക്കാൻ ചിലർ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അവരിൽ ഒരാളാണ് ആര്യാടൻ ശൗകത്ത്.

ഒരു മുസ്ലിമിന് മതേതരൻ ആകണമെങ്കിൽ ഇസ്ലാം മത്തിനെ പൂർണമായോ ഭാഗികമായോ തള്ളിപ്പറയണം എന്ന ഒരവസ്ഥ കാലങ്ങളായി നിലനിൽക്കുന്നുണ്ട്, മതത്തെ തള്ളിക്കളിയുന്നതിന്റെ സങ്കീർണ്ണത ഒഴിവാക്കാൻ മതക്കാരിൽ ചിലരെ തള്ളിപ്പറയുക എന്ന ഇപ്പോൾ സിപിഎമ്മിലെ മുസ്ലിംകൾ പിന്തുടരുന്ന നയം പണ്ടേ നടപ്പാക്കിയ ആളാണ് ആര്യാടൻ ഷൗകത്ത്. അയാൾക്ക് മതേതര സംസ്കാരിക നായകനാകാൻ വേണ്ടി പിന്തുടർന്ന് ആക്രമിച്ച സംഘടനയാണ് ജമാഅത്ത്, മുസ്ലിം തീവ്രവാദത്തിന്റെ നാരായവേര് ജമാഅത്തും മൗദുദിയും ആണെന്ന കാര്യത്തിൽ ആര്യാടൻ ശൗകത്തിനും സ്വരാജിനും രണ്ടഭിപ്രായങ്ങൾ ഉണ്ടാവില്ല.

എന്നിട്ടും വെൽഫയർ ആര്യാടന് പിന്തുണ പ്രഖ്യാപിക്കുന്നത് എന്തിന്റെ പേരിലാണ്? പാണക്കാട്ട് തങ്ങളെ തള്ളിപറഞ്ഞ ആര്യാടന് ലീഗ് പിന്തുണ കൊടുക്കുന്നില്ലേ എന്ന ചോദ്യമുണ്ടാകും. ലീഗ് യുഡിഎഫ് ഘടക കക്ഷിയാണ് അവർക്ക് മുന്നിൽ വേറെ വഴിയില്ല. ജമാഅത്ത് ആ സംഘടനയെ രാക്ഷസവൽക്കരിച്ച ഒരാൾക്ക് പിന്തുണ കൊടുക്കേണ്ട എന്ത് രാഷ്ട്രീയ സാഹചര്യമാണുള്ളത്? തൃക്കാക്കരയിലും പാലക്കാട്ടും കേട്ട സെമി ഫൈനൽ മുദ്രാവാക്യമല്ലാതെ പുതുതായി എന്തെങ്കിലും നിലമ്പൂരിൽ ചർച്ചയാകുന്നുണ്ടോ? പോലീസിലെ സംഘിവൽക്കരണം മുതൽ മലപ്പുറത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ വരെ എന്തെങ്കിലും ചർച്ചചെയ്യുന്നുണ്ടോ? എന്താണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കേണ്ട അടിയന്തിര സാഹചര്യം? സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ആർഎസ്എസ് ആചാര്യൻ ഗോൾവാക്കറിന്റെ ചിത്രത്തിന് മുന്നിൽ തിരിതെളിയിച്ചത് തനിക്ക് പറ്റിയ അബദ്ധമായിരുന്നു എന്ന് പിണറായിക്ക് പകരം വരാനിരിക്കുന്ന സതീശൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

നിലമ്പൂരിൽ വെൽഫെയർ പാർട്ടി മനസാക്ഷി വോട്ട് പ്രഖ്യാപിച്ചിരുന്നെങ്കിൽ ജമാഅത്തിനെ അധിക്ഷേപിക്കുന്നവർക്ക് ആ പാർട്ടിയുടെ പിന്തുണ കിട്ടില്ല എന്നൊരു സന്ദേശമെങ്കിലും കൊടുക്കാമായിരുന്നു.

നിലമ്പൂരിലെ പിന്തുണ കൊണ്ട് വെൽഫയറിന് വല്ല നേട്ടവുമുണ്ടോ? ജമാഅത്തിനെ എന്ത് തോന്ന്യാസം പറഞ്ഞാലും കോംപ്രമൈസ് ചെയ്യാൻ സാധ്യതയുണ്ട് എന്ന സന്ദേശമല്ലേ മുഖ്യധാര രാഷ്ട്രീയക്കാർക്ക് കിട്ടുക?

ഒരു പക്ഷേ യുഡിഎഫ് വല്ല ഉറപ്പും കൊടുത്തിട്ടുണ്ടാകും. മാതൃ സംഘടനക്ക് പിതൃത്വം അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള വെൽഫയറിന് യുഡിഎഫ് കൊടുക്കുന്ന ഉറപ്പൊക്കെ വെള്ളത്തിൽ വരച്ച വരെയായിരിക്കുമെന്ന് 2021 ലെ കുഞ്ഞാലിക്കുട്ടിയുടെ ഉറപ്പുകൾക്ക് ശേഷവും വെൽഫയറിന് മനസിലായിട്ടില്ലെങ്കിൽ അവരോട് നല്ല നമസ്കാരം പറയുകയേ നിവർത്തിയുള്ളൂ.

ഇടതിനും വലതിനുമപ്പുറം കേരളത്തിൽ രാഷ്ട്രീയം പറയാനുള്ള ഒരു സ്പെയ്സ് ഉണ്ടാക്കിയെടുക്കുക എന്ന ദൗത്യം പോലും നിർവഹിക്കാൻ കഴിയാതെ പാർലമെന്ററി വ്യാമോഹത്തിൽപെട്ട് യുഡിഎഫിന്റെ അടുപ്പിൽ എന്തിനോ വേണ്ടി തിളക്കുകയാണ് വെൽഫെയർ പാർട്ടി. തലകുത്തി നിന്നാലും യുഡിഎഫിൽ കയറിപ്പറ്റാൻ സാധിക്കില്ലെന്ന് അവർക്ക് മാത്രമാണ് മനസ്സിലാകാത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com