

2009 ലെ ചെങ്ങന്നൂർ ഭാസ്‌കര കാരണവർ കൊലപാതകക്കേസിലെ പ്രതി ഷെറിന് ജയിൽ മോചിതയായി. ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതായിരുന്നു അവരുടെ ജയിൽ മോചനം സംബന്ധിച്ച സർക്കാർ ശിപാർശ.
പരോളിലിറങ്ങിയിരുന്ന ഷെറിന്‍ വൈകിട്ട് കണ്ണൂര്‍ വനിതാ ജയിലിലെത്തി മോചനത്തിനുള്ള നടപടികള്‍ പൂർത്തിയാക്കി. ഷെറിന്‍ അടക്കം 11 പേർക്കാണ് ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന് മന്ത്രിസഭാ യോഗം ശിപാര്‍ശ ചെയ്തത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മന്ത്രിസഭാ തീരുമാനം അംഗീകരിച്ചതിന് പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
ഗുരുതരമായ രോഗങ്ങളുള്ളവർ ഉൾപ്പെടെ ദീർഘകാലമായി തടവിൽ കഴിയുന്ന മറ്റ് തടവുകാരെ പരിഗണിക്കാത്തപ്പോൾ, ഷെറിന് ശിക്ഷ ഇളവ് ലഭിക്കാൻ അർഹതയുണ്ടായത് എങ്ങനെ ചോദ്യമുയർത്തിയാണ് വിവാദങ്ങളുണ്ടായത്.
ശിക്ഷായിളവ് ശിപാർശയ്ക്കു പിന്നാലെ സര്‍ക്കാരിലെ ഉന്നതതല ഇടപെടലിലൂടെയാണ് പരോൾ ലഭിച്ചതെന്ന് ആക്ഷേപം ഉയരുകയുണ്ടായി. 14 വര്‍ഷത്തിനിടയിൽ 500 ദിവസം ഇവര്‍ക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോള്‍ അനുവദിക്കാന്‍ നിയമതടസ്സമുണ്ടെങ്കിലും ഷെറിന് ആദ്യം 30 ദിവസവും പിന്നീട് ദീര്‍ഘിപ്പിച്ച് കൂടുതലായി 30 ദിവസവും പരോള്‍ ലഭിച്ചിരുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ ഉയർന്നു.
എന്നാൽ, ഷെറിൻ,ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിനായി സാധാരണ, അടിയന്തര സാഹചര്യങ്ങളിൽ നേടിയിട്ടുള്ള പരോളുകളുടെ എണ്ണം പരിശോധിച്ചപ്പോൾ അത് ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തി. , ഷെറിന് ആകെ 444 ദിവസത്തെ പരോൾ അനുവദിച്ചു - 345 സാധാരണ പരോളും 92 അടിയന്തര പരോളും. യാത്രയ്ക്കായി ഏഴ് ദിവസം കൂടി അനുവദിച്ചു എന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു.
"ജയിലിൽ 14 വർഷം തടവ് അനുഭവിച്ച ഒരു തടവുകാരന് അല്ലെങ്കിൽ തടവുകാരിക്ക്, ആകെ പരോൾ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം 444 എണ്ണം എന്ന പരിധി കവിയരുത്," മുൻ ഐജി പറഞ്ഞു.
പോക്സോ, എൻഡിപിഎസ്, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഒഴികെയുള്ള തടവുകാർക്ക് വർഷത്തിൽ 60 ദിവസം വരെ സാധാരണ പരോൾ ലഭിക്കും. തുടർച്ചയായി പരമാവധി 30 ദിവസം മാത്രമേ ലഭിക്കൂ. ജയിൽ സൂപ്രണ്ട് ജയിൽ ഡിജിപിക്ക് നൽകുന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് തടവുകാർക്ക് പരോൾ അനുവദിക്കുന്നത്.
മരണമോ ഗുരുതരമായ രോഗങ്ങളോ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ അനുവദിക്കുന്ന അടിയന്തര പരോൾ 10 ദിവസം വരെ ജയിൽ സൂപ്രണ്ടിന് അനുവദിക്കാം. ജയിൽ ഡിജിപിക്കും സർക്കാരിനും 15 ദിവസം വരെയും 45 ദിവസം വരെയും യഥാക്രമം ഇത് നീട്ടി നൽകാവുന്നതാണ്.
ഷെറിന്‍റെ ശിക്ഷയായ ജീവപര്യന്തം തടവ് എന്നത് ജീവിതകാലം മുഴുവൻ മോചന സാധ്യതയില്ലാത്തതാണ് എന്ന് വിധിന്യായത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ലാത്തതിനാൽ, നിയമവകുപ്പ് ജയിൽ മോചനത്തിന് ശിപാർശ ചെയ്തു.
"തടവുകാർ പരിചരണം, ചികിത്സ, നല്ലനടപ്പ്, പുനരധിവാസം എന്നിവ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ കടന്നുപോകുന്നു.ഇതിന് കുടുംബപരവും സാമൂഹികവുമായ സ്വീകാര്യത ആവശ്യമാണ്. സാമൂഹിക ഇടപെടലിന്റെ സാഹചര്യമൊരുക്കുന്നതിനാണ് പരോൾ അനുവദിക്കുന്നത്. ഈ കാലത്തും തടവുകാർ ഒരു പ്രൊബേഷൻ ഓഫീസറുടെ മേൽനോട്ടത്തിലായിരിക്കും, കൂടാതെ ഏതെങ്കിലും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ അവരുടെ പരോൾ റദ്ദാക്കാവുന്നതാണ്. ശിക്ഷാ ഇളവിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി," വിരമിച്ച ഒരു ഐജി പറഞ്ഞു.
ജയിൽ ഉപദേശക സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഷെറിനെ ശിക്ഷാ ഇളവിന് പരിഗണിക്കാൻ തീരുമാനിച്ചത്. നല്ലനടപ്പ്, ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും ഉള്ള പരിഗണന, അവരുടെ ശിക്ഷായിളവിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ശിക്ഷാ കാലയളവായ 14 വർഷത്തിലധികം ശിക്ഷ പൂർത്തിയാക്കി എന്ന വസ്തുത, അവർക്ക് വന്നിട്ടുള്ള മാറ്റം എന്നിവ കമ്മിറ്റി ഇതിനായി പരിഗണിച്ചു.
എന്നാല്‍, ശിക്ഷായിളവിനുള്ള മന്ത്രിസഭാ തീരുമാനം വന്നതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ സഹതടവുകാരിയെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
ആറുമാസത്തിലൊരിക്കൽ, ജയിൽ ഉപദേശക സമിതി ഇളവിന് അർഹമായ കേസുകൾ അവലോകനം ചെയ്യുന്നു. ജയിൽ ഡിജിപി ചെയർമാനായ പാനലിൽ ജില്ലാ പൊലീസ് മേധാവി, ജില്ലാ കളക്ടർ, ജില്ലാ പ്രൊബേഷൻ ഓഫീസർ, ജയിൽ സൂപ്രണ്ട്, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് അനൗദ്യോഗിക അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു. ഇവർ ഇളവ് അഭ്യർത്ഥന അംഗീകരിച്ചാൽ, അത് സംസ്ഥാന മന്ത്രിസഭയുടെ അവലോകനത്തിനായി അയയ്ക്കും. മന്ത്രിസഭ അഭ്യർത്ഥന അംഗീകരിച്ചാൽ, അത് അന്തിമ അധികാരമുള്ള ഗവർണർക്ക് അയയ്ക്കും.
ബോർഡ് ഒരു ശിപാർശ നിരാകരിക്കുകയാണെങ്കിൽ, ബന്ധപ്പെട്ട തടവുകാർക്ക് വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സംസ്ഥാന ഉപദേശക സമിതിയെ സമീപിക്കാം. സാമൂഹിക നീതി സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, അനൗദ്യോഗിക അംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഈ സമിതി. ഭരണഘടന പ്രകാരം ഏത് സാഹചര്യത്തിലും ഗവർണർക്കാണ് അന്തിമ അധികാരം. എന്നാൽ, ഈ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയും.
ഷെറിന് മുന്‍ഗണനാ പരിഗണന നല്‍കിയതായി ആരോപിക്കപ്പെടുന്നതിനാല്‍ അവരുടെ കേസ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അവരുടെ ജയില്‍ കാലം അത്രനല്ലതല്ലായിരുന്നുവെന്നും അധികാരികള്‍ അത് അവഗണിച്ചുവെന്നാണ് ആരോപണം.
"ശിക്ഷാ ഇളവ് യഥാർത്ഥത്തിൽ കുറ്റം ചെയ്യുന്ന കാലത്ത് നിന്നുള്ള നല്ല നിലയിലേക്ക് മാറ്റം വന്ന വ്യക്തിക്കായിരിക്കണം. ജയിൽ വാസത്തിനിടയിലും ഷെറിൻ അപകടകരമായ ക്രിമിനൽ പ്രവണതകൾ പ്രകടിപ്പിച്ചു. രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാൽ അധികാര ദുർവിനിയോഗമാണിത്. ജയിൽ ഉപദേശക സമിതിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളുണ്ട്, അവരുടെ തീരുമാനം സാമൂഹിക സുരക്ഷയെ ദുർബലപ്പെടുത്തുന്നു," മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി അസഫ് അലി ഈ വിവാദം കത്തിനിന്നപ്പോൾ വ്യക്തമാക്കി.
കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അംഗമായ എം വി സരള ശിക്ഷായിളവിനെ ന്യായീകരിച്ചു. വർഷങ്ങളായി ഷെറിൻ വളരെയധികം മികച്ച രീതിയിൽ മാറിയിട്ടുണ്ടെന്നും പ്രത്യേക ആനുകൂല്യങ്ങളൊന്നും നൽകിയിട്ടെന്നുും അവർ നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഭർതൃപിതാവായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ 2010ൽ സുഹൃത്തുക്കളായ ബാസിത് അലി, നിതിൻ, ഷാനു റഷീദ് ഷെറിൻ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. കൊലപാതകം, ഗൂഢാലോചന, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, കവർച്ച, ആക്രമണം തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ ശിക്ഷിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates