

കാസർകോട്: പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങിയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്. ഉദുമ റെയില്‍വേ ഗേറ്റിന് സമീപത്തെ പുഷ്പലത ജ്വല്ലറിയില്‍ നിന്നു കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു തട്ടിപ്പ്. ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ അഖില്‍രാജ് ആണെന്ന് പരിചയപ്പെടുത്തി ഉച്ചയ്ക്ക് ഒരു മണിയോടെ ഇയാള്‍ ജ്വല്ലറിയില്‍ എത്തിയത്.
കൊല്ലം സ്വദേശിയാണെന്നും ഏഴു മാസമായി ബേക്കല്‍ സ്റ്റേഷനില്‍ ജോലി ചെയ്യുകയാണെന്നും ഇയാള്‍ ജ്വല്ലറി ഉടമയായ ഗണേശനോട് പറഞ്ഞു. ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരുകള്‍ കൂടി പറഞ്ഞതോടെ പ്രതിയെ വിശ്വാസത്തിലെടുത്ത ജ്വല്ലറി ഉടമ സ്വര്‍ണം നല്‍കുകയായിരുന്നു.
കൈ ചെയിന്‍, മോതിരം എന്നിവ വാങ്ങി 1,29,500 രൂപ അക്കൗണ്ടിലേക്ക് അയച്ച മെസേജ് ജ്വല്ലറി ഉടമയെ കാണിച്ച് സ്വര്‍ണ്ണവുമായി ഇയാള്‍ പോയി. എന്നാൽ പിന്നീട് വൈകീട്ട് നാലു മണിക്ക് വീണ്ടും തിരിച്ചെത്തി ഭാര്യ സഹോദരന് സമ്മാനമായി നല്‍കാനാണെന്ന് പറഞ്ഞു ഒരു കൈ ചെയിൻ കൂടി വാങ്ങുകയായിരുന്നു.
ഇതിന്റെ തുകയായ 1,31,000 രൂപ അക്കൗണ്ടില്‍ അയച്ചതിന്റെ മെസേജ് ജ്വല്ലറി ഉടമയ്ക്ക് കാണിച്ച് ഇയാള്‍ പോകുകയായിരുന്നു. പിന്നീട് ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് പണം അക്കൗണ്ടില്‍ എത്തിയില്ലെന്ന് അറിയുന്നത്. ഉടൻ ബേക്കൽ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് സിസിടിവി പരിശോധിച്ചപ്പോളാണ് പ്രതി സ്ഥിരം തട്ടിപ്പ് വീരനായ തിരുവനന്തപുരം സ്വദേശി മനുവാണെന്ന് മനസ്സിലായത്. 2,60,500 രൂപ വിലമതിക്കുന്ന 16.200 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഇയാൾ കബളിപ്പിച്ചെടുത്തത്. പ്രതിയായ മനുവിനെ കണ്ടെത്താനായി ബേക്കല്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates