

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് പ്രൊഫസർ ടി എൻ കൃഷ്ണൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. രാജ്യത്തിനകത്തും പുറത്തുമായി നിരവധി കച്ചേരികൾ അവതരിപ്പിച്ച അദ്ദേഹം പത്മഭൂഷൻ ബഹുമതിക്കും അർഹനായിട്ടുണ്ട്.
ഫിഡിൽഭാഗവതർ എന്നറിയപ്പെട്ടിരുന്ന ഭാഗവതർ മഠത്തിൽ എ നാരായണ അയ്യരുടേയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബർ ആറിന് തൃപ്പൂണിത്തുറയിലാണ് ടി എൻ കൃഷ്ണനെന്ന തൃപ്പുണിത്തുറ നാരായണയ്യർ കൃഷ്ണൻ ജനിച്ചത്. പിതാവിന്റെ കീഴിൽ മൂന്നാം വയസുമുതൽ വയലിൻ പഠിച്ചുതുടങ്ങിയ കൃഷ്ണൻ. പ്രഗത്ഭരായ സംഗീതഞ്ജർക്കു വേണ്ടിയെല്ലാം ടി എൻ കൃഷ്ണൻ പക്കം വായിച്ചു.
മദ്രാസ് സംഗീത കോളജിൽ വയലിൻ അധ്യാപകനായിരുന്നു. 1978ൽ പ്രിൻസിപ്പലായി .1985ൽ ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ പ്രൊഫസറും ഡീനായും പ്രവർത്തിച്ചിട്ടുണ്ട്. 1991 -1993 കാലഘട്ടത്തിൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷനായിരുന്നു.
പത്മശ്രീ (1973), പത്മഭൂഷൺ (1992), കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും (1974) സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും (2006) കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് (1974), മദ്രാസ് സംഗീത അക്കാദമി നൽകുന്ന സംഗീത കലാനിധി പുരസ്‌കാരം( 1980), ഇന്ത്യൻ ഫൈൻ ആർട്‌സ് സൊസൈറ്റി നൽകുന്ന സംഗീത കലാശിഖാമണി പുരസ്‌കാരം (1999), ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം (2017) തുടങ്ങിയ നിരവധി അംഗീകരങ്ങൾ നേടി.
പാലക്കാട് നെന്മാറ സ്വദേശിനിയായ കമലയാണ് ഭാര്യ. മക്കളായ വിജി കൃഷ്ണനും ശ്രീറാം കൃഷ്ണനും അറിയപ്പെടുന്ന വയലിൻ വാദകരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates