

തിരുവനന്തപുരം: കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തുണ്ടായ കനത്തചൂടിലും വരള്‍ച്ചയിലും 23,021 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചതിനെത്തുടര്‍ന്ന് 257 കോടിയുടെ പ്രത്യക്ഷ നഷ്ടമുണ്ടായതായി വിദഗ്ധസമിതി വിലയിരുത്തി.
23569 ഹെക്ടറിലായി 250 കോടിയുടെ ഉത്പാദനനഷ്ടംകൂടി കണക്കാക്കുമ്പോള്‍ കാര്‍ഷികമേഖലയുടെ ആകെ നഷ്ടം 500 കോടിയിലധികമാകും. 56,947 കര്‍ഷകരെ വരള്‍ച്ച നേരിട്ട് ബാധിച്ചതായാണ് വിലയിരുത്തല്‍.
വരള്‍ച്ച വിലയിരുത്താന്‍ കൃഷി വകുപ്പ് നിയോഗിച്ച വിദഗ്ധസമിതി വിവിധ ജില്ലകളില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ സന്ദര്‍ശിച്ചശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി പി പ്രസാദിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസഹായം തേടാനാണ് തീരുമാനം.
ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് കനത്ത കൃഷിനാശം. ഏലം, നെല്ല്, കുരുമുളക്, വാഴ എന്നിവയാണ് ഏറ്റവും കൂടുതല്‍ നശിച്ചത്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 60,000 ചെറുകിട നാമമാത്ര കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ് വരള്‍ച്ച എന്നാണ് വിലയിരുത്തല്‍. പൂര്‍ണമായി വിളനാശം സംഭവിച്ച മേഖലകളില്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് നടീല്‍വസ്തുക്കളുടെ ദൗര്‍ലഭ്യമുണ്ടായേക്കുമെന്നും വിലയിരുത്തുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിളകളുടെ വളര്‍ച്ച, ഉത്പാദനത്തിലെ ഇടിവ്, ദീര്‍ഘകാല ദൂഷ്യഫലങ്ങള്‍, വിള ആരോഗ്യം, വിളനാശം തുടങ്ങിയ ഘടകങ്ങളാണ് സമിതി വിലയിരുത്തിയത്. സംസ്ഥാനമെമ്പാടുമായി ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന 2800 ഹെക്ടറിലധികം വാഴക്കൃഷി നശിച്ചു.
ഇടുക്കി ജില്ലയിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. 175.54 കോടിയാണ് ഇടുക്കിയിലെ നഷ്ടം. 30 ശതമാനത്തിലധികം ഏലകൃഷി നശിച്ചു. വിളവില്‍ 60 ശതമാനം കുറവ്. കുരുമുളക്, കാപ്പി, പച്ചക്കറി, വാഴക്കുല തുടങ്ങിയവയിലും കനത്തനാശമുണ്ടായി. വയനാട്ടില്‍ 419.5 ഹെക്ടറിലെ കുരുമുളകും 208 ഹെക്ടറിലെ കാപ്പിയും നശിച്ചു. തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലും വ്യാപകമായ കൃഷി നാശമുണ്ടായതാണ് കണക്കുകള്‍. 3495 ഹെക്ടറിലായി 84 ലക്ഷത്തിന്റെ നാശമാണ് തൃശൂരില്‍ ഉണ്ടായത്. പത്തനംതിട്ടയില്‍ 82 ലക്ഷവും കാസര്‍കോട് 68 ലക്ഷത്തിന്റേയും കൃഷിനാശമുണ്ടായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates