"ഭാര്യ പറഞ്ഞതാണ് പോകണ്ടെന്ന്, മോൾക്ക് കടൽ കാട്ടിക്കൊടുക്കാം എന്ന് കരുതി"; കണ്ണ് നിറഞ്ഞൊഴുകി അച്ഛന്റെ വാക്കുകൾ

സപ്ലൈക്കോ ജീവനക്കാരനായ നിഹാസ് ഞായറാഴ്ച്ച ഒഴിവുള്ള ദിവസമായതുകൊണ്ട് ഭാര്യയും മകളുമായി എത്തിയതാണ്
എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം
Updated on
1 min read

"ഭാര്യ ഒരുപാട് വട്ടം പറഞ്ഞതാണ് പോകണ്ടെന്ന്. പിന്നെ മോൾക്ക് കടൽ കാട്ടിക്കൊടുക്കാം, കടൽപ്പാലത്തിൽ കയറ്റാം എന്ന് കരുതി പോയതാണ്...", താനൂർ ബോട്ടപകടത്തിൽ ഏകമകളെ നഷ്ടപ്പെട്ട വേദനയിൽ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി നിഹാസ് പറഞ്ഞു. സപ്ലൈക്കോ ജീവനക്കാരനായ നിഹാസ് ഞായറാഴ്ച്ച ഒഴിവുള്ള ദിവസമായതുകൊണ്ട് ഭാര്യയും മകളുമായി എത്തിയതാണ്. 

"ഞങ്ങൾ അവിടെ എത്തിയത് തന്നെ 6:40നാണ്. കടൽപ്പാലം കാണാനാണ് ഞാനും മോളും ഭാര്യയും കൂടെ വന്നത്. ബോട്ടിൽ ആള് ആയിട്ടില്ലായിരുന്നു. മുഴുവനായിട്ട് ആള് നിറയുമ്പോഴാണ് ബോട്ടെടുക്കുന്നത്. ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നു, പക്ഷെ ആരും ഇട്ടില്ല. കുട്ടികൾ കയറിയപ്പോൾ ജാക്കറ്റ് ഇടണമെന്ന് നിർബന്ധമായും പറഞ്ഞു. പെട്ടെന്ന് ഒരു സെക്കൻഡ് കൊണ്ടാണ് ചരിഞ്ഞത്. ഇടതുവശത്തേക്ക് അങ്ങ് ചരിഞ്ഞിട്ട് മൊത്തം അങ്ങ് പോയി. മോള് എന്റെ കൈയിൽ തന്നെയുണ്ടായിരുന്നു, പക്ഷെ ബോട്ടിനുള്ളിൽ കിടക്കുകയായിരുന്നു. ഞാൻ ബോട്ടിന് പുറത്തുവന്ന് നോക്കുമ്പോൾ എന്റെ കുട്ടീനെ കാണുന്നില്ല, ഭാര്യയെയും കാണുന്നില്ല", നിഹാസ് പറഞ്ഞു.

"കുറേ തെരഞ്ഞ് നോക്കിയപ്പോൾ ഒരു കുട്ടിയെ കിട്ടി, അതിനെ മുകളിലെത്തിച്ചുകൊടുത്തു. പിന്നെയും ഞാൻ പോയി നോക്കി വേറൊരു കുട്ടിയെ കിട്ടി, എന്റെ കുട്ടിയെ കിട്ടണില്ല. എനിക്കാകെ ഒറ്റ കുട്ടിയെ ഒള്ളു, ഈ ഓഗസ്റ്റിൽ ഏഴ് വയസ്സ് തികയത്തൊള്ളു", ഓരോ വാക്കിലും നിയാസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. 

താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടാണ് ഇന്നലെ രാത്രി ഏഴരയോടെ അപകടത്തിൽപ്പെട്ടത്. തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോൾ ചരിഞ്ഞ് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബോട്ട് പൂർണ്ണമായും മുങ്ങി. ബോട്ടിന്റെ വാതിൽ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ജെസിബി ഉപയോ​ഗിച്ച് ബോട്ട് ഉയർത്തിയിന് ശേഷമാണ് ആളുകളെ പുറത്തെടുക്കാനായത്. അപകടസ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്സ് സംഘത്തിന്റെ തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com