സ്ത്രീ ശാക്തീകരണ നിലപാടിൽ മാറ്റമില്ല; എന്നാൽ കാന്തപുരത്തെ വേട്ടയാടുന്നതിനോട് യോജിപ്പില്ല: ഫാത്തിമ തഹ്‌ലിയ

പണ്ഡിതനായ കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല; തന്റെ പൊതുനിലപാടുകൾ എല്ലാവർക്കും അറിയാമെന്നും പേരാമ്പ്ര എംഎൽഎ
fathima thahiliya
fathima thahiliyafb
Edited By:
Updated on
1 min read

കോഴിക്കോട്: സ്ത്രീ ശാക്തീകരണ വിഷയത്തിലുള്ള തന്റെ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും എന്നാൽ പ്രസ്താവനകളുടെ പേരിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎ ഫാത്തിമ തഹ്‌ലിയ. സ്ത്രീകളെ പൊതുവേദികളിൽ കൊണ്ടുവരുന്നത് വലിയ വിനാശത്തിന് കാരണമാകുമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പേരാമ്പ്രയിൽ നിന്നുള്ള ജനപ്രതിനിധിയായ തഹ്‌ലിയ.

"അന്നും ഇന്നും എപ്പോഴും ഞാൻ സംസാരിക്കുന്നത് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ വിഷയങ്ങളിൽ ഞാൻ ഇടപെടാറുമുണ്ട്. അക്കാര്യം നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണ്," അവർ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തിൽ പ്രത്യേകമായി കൂടുതൽ വ്യാഖ്യാനങ്ങൾ നൽകാനില്ലെന്ന് വ്യക്തമാക്കിയ എംഎൽഎ, തന്റെ മുൻകാല നിലപാടുകളിൽ തന്നെ ഉറച്ചുനിൽക്കുന്നതായി അറിയിച്ചു. "ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല. മുമ്പ് എന്ത് നിലപാടാണോ എടുത്തത്, ആ നിലപാടിൽ തന്നെയാണ് ഇന്നും ഉറച്ചുനിൽക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള എന്റെ രാഷ്ട്രീയ നിലപാട് പരസ്യമായിട്ടുള്ളതാണ്. അതുകൊണ്ട് ഒരു വിഷയം ഉയർന്നു വരുമ്പോഴൊക്കെ ഞാൻ വന്ന് വിശദീകരിക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല," തഹ്‌ലിയ പറഞ്ഞു.

സ്ത്രീ ശാക്തീകരണ നിലപാടുകൾ ആവർത്തിക്കുമ്പോഴും കാന്തപുരത്തെ കടന്നാക്രമിക്കുന്ന പൊതുവിമർശനങ്ങളെ തഹ്‌ലിയ പിന്തുണച്ചില്ല. "അദ്ദേഹം വലിയൊരു മതപണ്ഡിതനാണ്. അദ്ദേഹത്തെ ലക്ഷ്യമിട്ട് അധിക്ഷേപിക്കുന്നതിനോടോ വ്യക്തിപരമായി ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോടോ ഞാൻ ഒരിക്കലും യോജിക്കില്ല," അവർ നിലപാട് വ്യക്തമാക്കി. തുടർചോദ്യങ്ങളോട് പ്രതികരിക്കാൻ അവർ വിസമ്മതിച്ചു.

സ്ത്രീകളെ പൊതുരംഗത്തിറക്കുന്നതിനെതിരെയുള്ള കാന്തപുരത്തിന്റെ നിലപാടുകളെ ശക്തമായി എതിർത്ത് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ അടക്കമുള്ള യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്‌ലിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് സ്ത്രീ ശാക്തീകരണത്തിന്റെ അഭിമാനകരമായ തെളിവാണെന്ന് ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാക്കൾ കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com