

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. ജൂലൈ ഒന്നിനു മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഇടംപിടിച്ചു. ഇത് ഉള്‍പ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു.
0.5 ശതമാനം മുതല്‍ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനം വില്‍പ്പന നികുതിയും 10 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുള്ളതിനു 175 ശതമാനം വില്‍പ്പന നികുതിയും നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനമാണു ബില്ലിന്റെ കരടില്‍ ഉള്‍പ്പെടുത്തിയത്. 'ലോ ആല്‍ക്കഹോളിക് ബവ്‌റിജസ്' എന്ന വിഭാഗത്തിനു നികുതി നിരക്കു നിശ്ചയിച്ച് കേരള പൊതു വില്‍പ്പനനികുതി നിയമം (കെജിഎസ്ടി) 1963 ഭേദഗതി വരുത്താനാണു നിര്‍ദേശം. ധനവകുപ്പ് നിയമസഭാ സെക്രട്ടേറിയറ്റിനു കൈമാറിയ കരടിന്റെ പകര്‍പ്പ് ഇന്നുതന്നെ എംഎല്‍എമാര്‍ക്കു ലഭിക്കും.
ബില്‍ പാസായാലും വില്‍പ്പനക്ക് അനുമതി നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. പുതിയ ഇനം മദ്യം വിപണിയില്‍ എത്തിക്കണമെങ്കില്‍ എക്‌സൈസിന്റെ അനുമതി ആവശ്യമാണെന്നും സര്‍ക്കാര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികള്‍ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.
വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ എന്നു മദ്യനയത്തില്‍ യുഡിഎഫ് തീരുമാനിക്കുമെന്നും വില്‍ക്കുന്നുണ്ടെങ്കില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതു തന്നെയാകും നികുതി ഘടനയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. ബജറ്റ് പ്രഖ്യാപനം മദ്യക്കമ്പനികള്‍ക്കു വേണ്ടിയാണെന്ന് ആരോപിച്ച പ്രതിപക്ഷം, നികുതി കുറച്ച നടപടി ധനബില്ലില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണു സര്‍ക്കാര്‍ നടപടി. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിഭാഗം മദ്യത്തിന് നികുതി നിശ്ചയിക്കാതിരുന്നതിനാല്‍ നികുതിഘടന നിശ്ചയിക്കുക മാത്രമാണു ചെയ്തതെന്നാണു യുഡിഎഫ് സര്‍ക്കാര്‍ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates