

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ മരണം സംഭവിച്ചാൽ അവകാശികൾക്ക് സാമ്പത്തിക സഹായം ഉറപ്പ് വരുത്തുന്ന പദ്ധതിക്ക് നിർദേശം നൽകി സർക്കാർ. ജോലിക്കിടെ അപകടം സംഭവിച്ചുള്ള മരണംകൂടാതെ കുഴഞ്ഞുവീണും ഹൃദയാഘാതം മൂലവും മരിച്ചാലും അവകാശികൾക്ക് സാമ്പത്തിക സഹായം ലഭിക്കും. 75,000 രൂപ സഹായം അനുവദിക്കണമെന്നാണ് സർക്കാർ നിർദേശം. തൊഴിലാളിക്ക് അപകടത്തിൽ പരിക്കേറ്റാൽ സൗജന്യ ചികിത്സ ഉറപ്പാക്കേണ്ട ചുമതല ഗ്രാമപ്പഞ്ചായത്തിനാണ്.
മരണംനടന്ന് അഞ്ചുദിവസത്തിനുള്ളിൽ ഗ്രാമപ്പഞ്ചായത്ത് പണം അനുവദിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അപകടത്തിൽ സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാലും ഈ തുകയ്ക്ക് അർഹതയുണ്ട്. തൊഴിലാളിക്കൊപ്പം തൊഴിൽസ്ഥലത്തെത്തുന്ന കുട്ടികൾക്ക് മരണമോ സ്ഥിരമായ അംഗവൈല്യമോ ഉണ്ടായാൽ രക്ഷാകർത്താവിന് 37,500 രൂപ ലഭിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി. മൃഗങ്ങൾ, പാമ്പ്, കടന്നൽ, തേനീച്ച തുടങ്ങിയവയുടെ ആക്രമണത്തിലൂടെയുള്ള പരിക്കിനും അവശതയ്ക്കും ചികിത്സ ലഭിക്കും. ആം ആദ്മീ ബീമായോജന പ്രകാരമുള്ള എക്സ്‌ഗ്രേഷ്യയാണ് സഹായധനമായി നൽകുന്നത്.
തൊഴിലാളിക്കോ കുട്ടിക്കോ അപടമുണ്ടായാൽ അടുത്ത സർക്കാർ ആശുപത്രിയിലെത്തിക്കണം. തൊട്ടടുത്ത് സർക്കാർ ആശുപത്രിയില്ലെങ്കിൽ സ്വകാര്യ ആശുപത്രിയിലെത്തിക്കാം. ആശുപത്രിച്ചെലവും വാഹനച്ചെലവും അനുവദിക്കും. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സയ്ക്ക് മെഡിക്കൽ കോളജിൽ എത്തിക്കണം. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ഇക്കാര്യം അറിയിക്കണം. ഫിസിയോ തെറാപ്പിക്കും ആയുർവേദ ചികിത്സയ്ക്കും മെഡിക്കൽ ഓഫീസറുടെ ശുപാർശ ആവശ്യമാണ്. തുടർചികിത്സയ്ക്കും അനുബന്ധ ചെലവുകൾക്കും തുക അനുവദിക്കേണ്ടത് പഞ്ചായത്ത് സെക്രട്ടറിമാരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates