

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ നിർമിച്ച പുനരധിവാസ ടൗൺഷിപ്പിലെ ആദ്യ ഗൃഹപ്രവേശ ചടങ്ങ് നടന്നു. ചൂരൽമല സ്കൂൾ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ടൗൺഷിപ്പിലേക്ക് താമസം മാറിയ ആദ്യ കുടുംബം. സോൺ 1 ലെ ഡി ക്ലസ്റ്ററിലെ 38-ാം നമ്പർ വീട്ടിലാണ് ഇവരുടെ കുടുംബം താമസം ആരംഭിച്ചത്. വിജയന്റെ ഭാര്യ ലാലു, മകൻ കെ.വി. സ്മിജിത്ത്, മരു മകൾ സജിത, പേരക്കുട്ടികൾ എന്നിവരാണ് പുതിയ വീട്ടിലെ താമസക്കാർ.
ഇന്ന് രാവിലെ 10 മണിക്ക് നടന്ന ഗൃഹപ്രവേശ ചടങ്ങിൽ കുടുംബാംഗങ്ങളും നാട്ടുകാരും ജന പ്രതിനിധികളും പങ്കെടുത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബവുമായി അപ്രതീക്ഷിതമായി വിഡിയോ കോളിൽ സംസാരിച്ചതോടെ ചടങ്ങ് കൂടുതൽ ശ്രദ്ധേയമായി. സംഭാഷണത്തിനിടെ പിണറായി വിജയൻ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരുകയും അവരുടെ ക്ഷേമത്തെക്കുറിച്ച് നേരിട്ട് അന്വേഷിക്കുകയും ചെയ്തു.
“ഇത്രയും മനോഹരമായ ഒരു വീട് ഞങ്ങൾക്ക് ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഇതുപോലൊരു വീട് നൽകുന്ന മറ്റൊരു സംസ്ഥാനമുണ്ടാകുമോ എന്ന് പോലും അറിയില്ല. സർക്കാരിനോട് എന്റെ കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു'' വിജയൻ പറഞ്ഞു. ടൗൺഷിപ്പിലേക്ക് ആദ്യം താമസം മാറാനുള്ള തീരുമാനം മറ്റ് ഗുണഭോക്താക്കളെയും പുതിയ ജീവിതം ആരംഭിക്കാൻ പ്രചോദിപ്പിക്കുന്നതിന് വേണ്ടി ആണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സോണുകളിലായി വ്യാപിച്ചുകിടക്കുന്ന ടൗൺഷിപ്പിൽ ആകെ 410 വീടുകളാണ് ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ 178 വീടുകളിൽ 159 എണ്ണം ഇതിനകം കൈമാറി. കിഫ്‌കോൺ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും ചേർന്ന് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് വീടുകൾ കൈമാറിയത്. തിങ്കളാഴ്ച 19 വീടുകൾ കൂടി കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ശേഷിക്കുന്ന കുടുംബങ്ങളും വരും ദിവസങ്ങളിൽ ടൗൺഷിപ്പിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates