ആഴക്കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി അനധികൃത മത്സ്യബന്ധനം: രണ്ടു ബോട്ടുകള്‍ പിടിച്ചെടുത്ത് പിഴചുമത്തി

അന്വേഷണ സംഘം ആഴക്കടലില്‍ നടത്തിയ പരിശോധനയിലാണ് ഹൈവോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ മുനമ്പം പള്ളിപ്പുറം സ്വദേശിയായ ലൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള വചനം, വചനം 2 എന്നീ 2 ബോട്ടുകള്‍ പിടിച്ചെടുത്തത്.
Fisheries and Marine Enforcement takes strict action against boats engaged in illegal fishing
ബോട്ടില്‍ പരിശോധന നടത്തുന്നു വിഡിയോ ദൃശ്യം
Updated on
2 min read

തൃശൂര്‍: അഴീക്കോട് തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്സ്മെന്റ് - കോസ്റ്റല്‍ പൊലീസ് സംയുക്ത സംഘം. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് കൂട്ടത്തോടെ മത്സ്യങ്ങളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന രീതി മത്സ്യസമ്പത്ത് കുറയാനിടയാക്കുമെന്നും ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയുമെന്നും കാണിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി സീമ യുടെയും, അഴീക്കോട് തീരദേശ പൊലീസ് എസ്‌ഐ ബാബു പിപിയുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘം ആഴക്കടലില്‍ നടത്തിയ പരിശോധനയിലാണ് ഹൈവോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ മുനമ്പം പള്ളിപ്പുറം സ്വദേശിയായ ലൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള വചനം, വചനം 2 എന്നീ 2 ബോട്ടുകള്‍ പിടിച്ചെടുത്തത്.

കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. 12 വാട്ട്സിന് താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 6094 വാട്ട് ലൈറ്റ് ഉപയോഗിച്ചായിരുന്നു അനധികൃത മീന്‍പിടുത്തം നടത്തിയിരുന്നത്.

തൃശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ജില്ലയുടെ തെക്കേ അതിര്‍ത്തിയായ അഴീക്കോട് മുതല്‍ വടക്കേ അതിര്‍ത്തിയായ കാപ്രിക്കാട് വരെയുള്ള കടല്‍തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് മുനമ്പം, ഭാഗത്ത് നിന്ന് വന്ന ബോട്ടുകള്‍ രാത്രിയില്‍ നിരോധിത മത്സ്യബന്ധന രീതിയായ ഹൈ വോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് ആഴക്കടലില്‍ മത്സ്യബന്ധനം നടത്തിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനയില്‍ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകളില്‍ ഉപയോഗിച്ചിരുന്ന ഹൈവോള്‍ട്ടേജ് എല്‍ഇഡി ലൈറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവ പിടിച്ചെടുത്തു.

ഇവരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ (കെഎംഎഫ് റെഗുലേഷന്‍ ആക്ട്) പ്രകാരം കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 2,46,600 (രണ്ട് ലക്ഷത്തി നാല്‍പ്പത്തിആറായിരത്തി ഇരുന്നൂറ് രൂപ) സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് വചനം, വചനം 2 ബോട്ടുകള്‍ക്ക് പിഴയടക്കം 7,63,600 രൂപ ട്രഷറിയില്‍ അടക്കണം.

പ്രത്യേക പരിശോധന സംഘത്തില്‍ അഴിക്കോട് മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുമിത, അഴീക്കോട് കോസ്റ്റല്‍ സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ബാബു, എഎസ്ഐ സിന്ധു ജോസഫ്, സിപിഒ ശരത്ത് ബാബു, മെക്കാനിക് ജയചന്ദ്രന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് വിങ്ങ് ഉദ്യേഗസ്ഥരായ വിഎന്‍ പ്രശാന്ത് കുമാര്‍, ഇആര്‍ ഷിനില്‍കുമാര്‍, വിഎം ഷൈബു എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, സിജീഷ്, സ്രാങ്ക് ഹാരിസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജിദ് പോത്തനൂരാന്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com