

കോട്ടയം: ഇരുട്ടിന് മേല്‍ വെളിച്ചത്തിന്റേയും അസത്യത്തിന് മേല്‍ സത്യത്തിന്റേയും ദുഃഖത്തിന് മേല്‍ സന്തോഷത്തിന്റേയും പരാജയത്തിന് മേല്‍ വിജയത്തിന്റേയും ആഘോഷമാണ് ഈസ്റ്റര്‍. കോട്ടയം കടുത്തുരുത്തിക്ക് സമീപമുള്ള മധുരവേലി സ്വദേശിയും 48 കാരനായ പാരാമെഡിക്കല്‍ അധ്യാപകന്‍ സി ഡി ജോമോന് ഇത്തവണത്തെ ഈസ്റ്റര്‍ തന്റെ കഷ്ടപ്പാടുകളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പാണ്. ചെയ്യാത്ത തെറ്റിന്റെ പാപ ഭാരവും പേറിയാണ് കഴിഞ്ഞ ഏഴ് വര്‍ഷം ജോമോന്‍ ജീവിച്ചു തീര്‍ത്തത്. ജോമോനെതിരെ സ്വന്തം വിദ്യാര്‍ഥി ഉന്നയിച്ച ലൈംഗിക പീഡന ആരോപണം തെറ്റായിരുന്നുവെന്ന് പരാതിക്കാരി തന്നെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റസമ്മതം നടത്തിയിരിക്കുന്നു. നാളുകള്‍ക്ക് ശേഷമാണെങ്കിലും സത്യം തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് ജോമോന്‍.
2017 ഡിസംബറിലാണ് ജോമോന്റെ ജീവിതം മാറി മറിയുന്നത്. രാത്രി അപ്രതീക്ഷിതമായി പൊലീസ് വീട്ടിലെത്തുന്നു. നിര്‍ബന്ധിച്ച് സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ജോമോന്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. പിന്നീട് ലൈംഗിക പീഡന പരാതിയില്‍ പൊലീസിന്‍റെ വിശദമായ ചോദ്യം ചെയ്യല്‍. പിന്നെ അറസ്റ്റും റിമാന്‍ഡുമായി ജീവിതം ആകെ മാറിമറിഞ്ഞു. കടുത്തുരുത്തിക്ക് സമീപത്തുള്ള കുറുപ്പന്തറയില്‍ ഒരു പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുകയായിരുന്നു ജോമോന്‍. അവിടെ പഠിക്കുന്ന വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്.
അന്നത്തെ സംഭവത്തെക്കുറിച്ച് ജോമോന്‍ പറയുന്നതിങ്ങനെ, ''ഞാനും എന്റെ കുടുംബവും അത്താഴം കഴിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ എന്റെ വീട്ടിലെത്തി. ഭാര്യയുടേയും രണ്ട് കുഞ്ഞുങ്ങളുടേയും മുന്നില്‍ വെച്ച് പൊലീസ് കൈകള്‍ വിലങ്ങു വെച്ചു. ഞാന്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത കുറ്റകൃത്യത്തില്‍ കുറ്റവാളിയെപ്പോലെ എല്ലാവരുടേയും മുന്നിലൂടെ നടത്തിയാണ് കൊണ്ടുപോയത്''.
അന്നേ ദിവസം ചോദ്യം ചെയ്ത് രാത്രി വൈകി വിട്ടയച്ചു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ജോമോനെ വീണ്ടും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഒരു മാസം ജയിലില്‍ കഴിഞ്ഞതിന് ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. പൊലീസ് സ്ഥാപനം റെയ്ഡ് ചെയ്യുകയും സ്ഥാപനം സീല്‍ ചെയ്യുകയും ചെയ്തു. ''2017ല്‍ എന്റെ പാരാ മെഡിക്കല്‍ പരിശീലന സ്ഥാപനത്തിലെ വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തെ പരിശീലനത്തിനായി മഹാരാഷ്ട്രയിലെ പല ആശുപത്രികളിലേക്ക് അയച്ചിരുന്നു. പരിശീലനം കഴിഞ്ഞ് നാട്ടിലെത്തിയ ഉടനാണ് അധ്യാപകന്‍ പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. പരിശീലനത്തിന് പോകുന്ന വഴി മംഗള എക്‌സ്പ്രസില്‍ വച്ചും കോളജിലെ ഓഫീസ് മുറിയില്‍ വച്ചും പീഡിപ്പിച്ചെന്നായിരുന്നു കേസ്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ടു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു'', ജോമോന്‍ പറഞ്ഞു.
പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് കേസിന്റെ ഗൗരവം ജോമോന് മനസിലാകുന്നത്. ഐപിസി സെക്ഷന്‍ 376(ബലാത്സംഗം) ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കോവിഡ് മൂലമുള്ള തടസങ്ങള്‍ നിയമ നടപടികള്‍ വളരെ വൈകാന്‍ കാരണമായി. ''ഈ വര്‍ഷം ജനുവരിയില്‍ പരാതിക്കാരി തന്റെ കാമുകന്റെ നിര്‍ദേശ പ്രകാരമാണ് പരാതി ഉന്നയിച്ചതെന്ന് സഹപാഠികളോട് പറഞ്ഞു. സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരം ജനുവരി 31 ന് കോടതിയില്‍ പെണ്‍കുട്ടി വ്യാജ കേസാണെന്ന് സമ്മതിച്ചു. തുര്‍ന്ന് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നുവെന്നും ജോമോന്‍ പറഞ്ഞു. മൂന്ന് ആഴ്ച മുമ്പ് മധുരവേലിയിലെ സെന്റ് അല്‍ഫോണ്‍സ സിറോ മലബാര്‍ പള്ളിയില്‍ ധ്യാനത്തിനിടെ പെണ്‍കുട്ടി ജോമോനോട് ക്ഷമാപണം നടത്തി.
'' വാസ്തവത്തില്‍ ആ പെണ്‍കുട്ടിയെ അവളുടെ കാമുകന്‍ വഞ്ചിച്ചതാണ്. വെള്ളപ്പേപ്പറില്‍ അവളോട് ഒപ്പിടാന്‍ പറഞ്ഞു. എനിക്കെതിരെ വ്യാജ പരാതി എഴുതി പൊലീസില്‍ നല്‍കി. പൊലീസിനെ സമീപിക്കുന്നതിന് മുമ്പ് കാമുകന്‍ പണം ആവശ്യപ്പെട്ട് എന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഞാന്‍ അതിന് വഴങ്ങിയില്ല. ഗൂഢാലോചന നടത്തിയ എല്ലാവരേയും അറിയാം''ജോമോന്‍ പറഞ്ഞു. കര്‍ത്താവ് നിങ്ങളോട് ക്ഷമിച്ചതുപോലെ ക്ഷമിക്കാനാണ് തീരുമാനിച്ചതെന്നും ജോമോന്‍ പറഞ്ഞുവെക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates