

തിരുവനന്തപുരം: വനഭൂമി പട്ടയം സംബന്ധിച്ച വിവരശേഖരണത്തെ കുറിച്ച് അറിവ് ലഭിക്കാത്തത് മൂലം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. നിയമസഭയില്‍ പി എസ് സുപാലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
എംഎല്‍എ ഉന്നയിച്ച പ്രശ്‌നം ചില കര്‍ഷക സംഘടനകളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വനഭൂമിയില്‍ കുടിയേറിയ, പട്ടയം ലഭിച്ചിട്ടില്ലാത്തവര്‍ക്കായി നടത്തിയ വിവരശേഖരണത്തിന്റെ കാലാവധി ജൂലൈ 10 മുതല്‍ 30 വരെ ദീര്‍ഘിപ്പിക്കുകയാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
മലയോര മേഖലകളില്‍ പട്ടയ വിതരണത്തിന് പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും സംയുക്ത പരിശോധന നടത്തുന്നതിനും അനുമതി ആവശ്യപ്പെട്ട് സംസ്ഥാന റവന്യൂ-വനം വകുപ്പ് മന്ത്രിമാര്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വന ഭൂമിയില്‍ കുടിയേറി താമസിച്ച് വരുന്നവരില്‍ നാളിതു വരെ പട്ടയം ലഭിക്കാത്തവരെ കണ്ടെത്തുന്നതിന് ഒരു സമഗ്ര വിവര ശേഖരണം നടത്തുവാന്‍ തീരുമാനിച്ചത്. 2024 മാര്‍ച്ച് ഒന്നു മുതല്‍ മാര്‍ച്ച് 30 വരെ നടത്തിയ വിവര ശേഖരണത്തില്‍ 37,311 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം കേന്ദ്രാനുമതിക്കായി പരിവേഷ് പോര്‍ട്ടലിലൂടെ കേന്ദ്ര അനുവാദം ലഭ്യമാക്കി 1993ലെ ചട്ടങ്ങള്‍ക്ക് വിധേയമാക്കും. തുടര്‍ന്ന് പട്ടയം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സംയുക്ത പരിശോധന നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, സംയുക്ത പരിശോധന ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍, ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ എന്നിവര്‍ക്കായി പുതിയ ജെവിആര്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സംയുക്ത പരിശോധനയെ തുടര്‍ന്ന് വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കി അപേക്ഷ സമര്‍പ്പിക്കാനും സംസ്ഥാന റവന്യൂ-വനം വകുപ്പ് മന്ത്രിതല യോഗത്തില്‍ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി വനം-റവന്യൂ ഉദ്യോഗസ്ഥരുടെ ഒരു നിരീക്ഷണ സമിതിയെയും തീരുമാനിച്ചു.
കൊല്ലം ജില്ലയില്‍ പട്ടയം നല്‍കുന്നതിനായി പത്തനാപുരം പുനലൂര്‍ താലൂക്കുകളിലായി സംയുക്ത പരിശോധന പൂര്‍ത്തിയാക്കിയ 4552 കേസുകളുടെ (459.93.30 ഹെക്ടര്‍) വിവരങ്ങള്‍ പരിവേഷ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്തിരുന്നു. പഴയകാലത്തെ രേഖകള്‍ കൂടി സ്‌കാന്‍ ചെയ്ത് അവ അപ് ലോഡ് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ താലൂക്കുകളില്‍ ഉറപ്പാക്കി ആ നടപടി വേഗത്തിലാക്കുമെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates