തിരുവനന്തപുരം : മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഹ്വസ്വകാലം കോളജ് അധ്യാപകനായി പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം സിവില്‍ സര്‍വീസിലെത്തിയത്. ഒറ്റപ്പാലം സബ്കലക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, ആസൂത്രണവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവികള്‍ വഹിച്ചു.
1982-87 കാലത്ത് മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴില്‍ സെക്രട്ടറി, റവന്യൂബോര്‍ഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങിയ പദവികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1998 ഏപ്രിലില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. കെഇആര്‍ പരിഷ്‌ക്കരണം അടക്കം ഭരണപരിഷ്‌ക്കാര മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കി.
ഹാസ്യസാഹിത്യകാരന്‍ എന്ന നിലയിലും സിപി നായര്‍ ഏറെ തിളങ്ങിയിരുന്നു. നര്‍മ്മം തുളുമ്പുന്ന നിരവധി ലേഖനങ്ങള്‍ സിപി നായര്‍ എഴുതിയിട്ടുണ്ട്. തകിൽ, മിസ്റ്റർ നമ്പ്യാരുടെ വീട്, ലങ്കയിൽ ഒരു മാരുതി, ചിരി ദീർഘായുസ്സിന്, പൂവാലന്മാർ ഇല്ലാതാകുന്നത്, ഉഗാണ്ടാമലയാളം, ഇരുകാലിമൂട്ടകൾ, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞമ്മ, പുഞ്ചിരി, പൊട്ടിച്ചിരി, സംപൂജ്യനായ അദ്ധ്യക്ഷൻ, തൊഴിൽവകുപ്പും എലിയും, നേര്, ഒന്നാംസാക്ഷി ഞാൻ തന്നെ, എന്ദരോ മഹാനുഭാവുലു: എന്റെ ഐ എ എസ് ദിനങ്ങൾ (2012), ആത്മകഥ എന്നിവയാണ് പ്രധാന കൃതികൾ.
1994 - ലെ കേരള സാഹിത്യഅക്കാദമി പുരസ്‌കാരം സിപി നായരുടെ ഇരുകാലിമൂട്ടകൾ എന്ന പുസ്തകത്തിന് ലഭിച്ചു. പ്രശസ്ത സാഹിത്യകാരന്‍ എന്‍പി ചെല്ലപ്പന്‍ നായരുടെ മകനാണ്. സര്‍വീസ് ചട്ടങ്ങളിലും മറ്റും ആഴത്തില്‍ അവഗാഹമുള്ള വ്യക്തിയായിരുന്നു സിപി നായര്‍. സരസ്വതിയാണ് സിപി നായരുടെ ഭാര്യ. ഹരിശങ്കര്‍, ഗായത്രി എന്നിവര്‍ മക്കളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates