'കേരളം ഭരിക്കുന്നത് യുജെപി?; മോദിയുടെ ചിത്രത്തിനും പിഎം ശ്രീക്കും 'ഹലാല്‍' സര്‍ട്ടിഫിക്കറ്റ് നല്‍കാനാണോ ലീഗിന്റെ പുറപ്പാട്?'

ഇടതുപക്ഷ ഭരണകാലത്ത് എന്തിലും 'മുസ്ലിം വിരുദ്ധത' എന്ന് ആക്രോശിച്ചവര്‍ ഇപ്പോള്‍ എവിടെ ഒളിച്ചിരിക്കുകയാണെന്ന് ജനങ്ങള്‍ ചോദിക്കുന്നുണ്ട്.
Former Minister V. Sivankutty Against N Shamsudheen and K.M. Shaji
എന്‍ ഷംസുദ്ദീന്‍ - കെഎം ഷാജി
Edited By:
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെയും ഭവനനിര്‍മ്മാണ പദ്ധതികളെയും സംബന്ധിച്ച് മന്ത്രിമാരായ ഷാജിയും ഷംസുദ്ദീനും നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അഞ്ചു ലക്ഷം കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ സമ്മാനിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചു. ഒരു ഭരണാധികാരിയുടെയോ പാര്‍ട്ടി നേതാവിന്റെയോ ചിത്രം ആ വീടുകളില്‍ പതിക്കേണ്ടതില്ലെന്നും, അത് ആ കുടുംബത്തിന്റെ സ്വത്താണെന്നും പ്രഖ്യാപിച്ച സര്‍ക്കാരാണത്. ആ വീട്ടുകാര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളാണ് അവിടെ വെച്ചത്. അങ്ങനെയുള്ള വീടുകള്‍ക്കു മുന്നില്‍ കേന്ദ്രത്തിന്റെ ലോഗോയോ മോദിയുടെ ചിത്രമോ നിര്‍ബന്ധപൂര്‍വ്വം വെക്കണമെന്നു പറയുന്നത് മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണെന്ന് ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പി.എം ശ്രീ പദ്ധതിയുടെ കാര്യത്തിലും വലിയ വഞ്ചനയാണ് അരങ്ങേറുന്നത്. ഇടതുപക്ഷം അപകടം തിരിച്ചറിഞ്ഞ് മരവിപ്പിച്ച പദ്ധതി, ലീഗും കോണ്‍ഗ്രസും നടപ്പിലാക്കാന്‍ വെമ്പുകയാണ്. മോദിയുടെ ചിത്രം വെക്കുന്നതിനും പി.എം ശ്രീ നടപ്പിലാക്കുന്നതിനും 'ഹലാല്‍' സര്‍ട്ടിഫിക്കറ്റ് നല്‍കാനാണോ ലീഗിന്റെ പുറപ്പാടെന്നും ശിവന്‍കുട്ടി ചോദിച്ചു. വി.എം. സുധീരന്റെ നിലപാടിന്റെ മാതൃക കാണിക്കാനെങ്കിലും ലീഗ് നേതാക്കള്‍ തയ്യാറാകണം. ഇടതുപക്ഷ ഭരണകാലത്ത് എന്തിലും 'മുസ്ലിം വിരുദ്ധത' എന്ന് ആക്രോശിച്ചവര്‍ ഇപ്പോള്‍ എവിടെ ഒളിച്ചിരിക്കുകയാണെന്ന് ജനങ്ങള്‍ ചോദിക്കുന്നുണ്ട്. കേരളം ഭരിക്കുന്നത് യു ഡി എഫ് ആണോ യു ജെ പി ആണോയെന്നും ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെയും ഭവനനിര്‍മ്മാണ പദ്ധതികളെയും സംബന്ധിച്ച് മന്ത്രിമാരായ ഷാജിയും ഷംസുദ്ദീനും നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണ്. ആത്മാഭിമാനമുള്ള ഏതൊരു മലയാളിയെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ് ഈ പരാമര്‍ശങ്ങള്‍.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അഞ്ചു ലക്ഷം കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ സമ്മാനിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചു. ഒരു ഭരണാധികാരിയുടെയോ പാര്‍ട്ടി നേതാവിന്റെയോ ചിത്രം ആ വീടുകളില്‍ പതിക്കേണ്ടതില്ലെന്നും, അത് ആ കുടുംബത്തിന്റെ സ്വത്താണെന്നും പ്രഖ്യാപിച്ച സര്‍ക്കാരാണത്. ആ വീട്ടുകാര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളാണ് അവിടെ വെച്ചത്. അങ്ങനെയുള്ള വീടുകള്‍ക്കു മുന്നില്‍ കേന്ദ്രത്തിന്റെ ലോഗോയോ മോദിയുടെ ചിത്രമോ നിര്‍ബന്ധപൂര്‍വ്വം വെക്കണമെന്നു പറയുന്നത് മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണ്. ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെ ലോഗോയില്ലാത്ത വീടുകളുടെ വിവരം ലഭ്യമാണ്. ജനങ്ങളുടെ ആത്മാഭിമാനത്തിന് വിലകല്‍പ്പിക്കുന്ന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് അതെന്ന് ഓര്‍മ്മിപ്പിക്കുന്നു.

പി.എം ശ്രീ പദ്ധതിയുടെ കാര്യത്തിലും വലിയ വഞ്ചനയാണ് അരങ്ങേറുന്നത്. ഇടതുപക്ഷം അപകടം തിരിച്ചറിഞ്ഞ് മരവിപ്പിച്ച പദ്ധതി, ലീഗും കോണ്‍ഗ്രസും നടപ്പിലാക്കാന്‍ വെമ്പുന്നു. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വെല്ലുവിളിച്ചതുപോലെ, ലീഗിന്റെ മന്ത്രിയെക്കൊണ്ട് തന്നെ ഇതില്‍ ഒപ്പുവെപ്പിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വെമ്പല്‍ കൊള്ളുന്നത് എന്തുകൊണ്ടാണ്? ബി.ജെ.പിയുമായി എന്തെങ്കിലും 'ഡീല്‍' ഒപ്പിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മദ്യനയത്തെക്കുറിച്ചും ഗൗരവകരമായ നിലപാടെടുക്കാന്‍ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. മദ്യനികുതി കുറച്ച് മദ്യപാനം സാര്‍വത്രികമാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ചന്ദ്രികയില്‍ ലേഖനമെഴുതിയതുകൊണ്ട് കാര്യമില്ല. ലീഗിന്റെ അഞ്ച് മന്ത്രിമാര്‍ രാജിവെക്കുമെന്ന വെല്ലുവിളിയെങ്കിലും ഉയര്‍ത്താന്‍ പാണക്കാട് തങ്ങള്‍ തയ്യാറാവണം.

മോദിയുടെ ചിത്രം വെക്കുന്നതിനും പി.എം ശ്രീ നടപ്പിലാക്കുന്നതിനും 'ഹലാല്‍' സര്‍ട്ടിഫിക്കറ്റ് നല്‍കാനാണോ ലീഗിന്റെ പുറപ്പാട്? വി.എം. സുധീരന്റെ നിലപാടിന്റെ മാതൃക കാണിക്കാനെങ്കിലും ലീഗ് നേതാക്കള്‍ തയ്യാറാകണം. ഇടതുപക്ഷ ഭരണകാലത്ത് എന്തിലും 'മുസ്ലിം വിരുദ്ധത' എന്ന് ആക്രോശിച്ചവര്‍ ഇപ്പോള്‍ എവിടെ ഒളിച്ചിരിക്കുകയാണെന്ന് ജനങ്ങള്‍ ചോദിക്കുന്നുണ്ട്. കേരളം ഭരിക്കുന്നത് യു ഡി എഫ് ആണോ യു ജെ പി ആണോ?

Summary

Former Minister V Sivankutty Against N. Samsudheen and K.M. Shaji

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com