

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചത് മുതല്‍ കൗണ്‍സിലറാണ് പി ഇന്ദിര. ഇനി മുതല്‍ നഗരസഭയുടെ അധിപയാണ് അവര്‍. ഇന്ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാ നേതൃയോഗമാണ് ഇന്ദിരയെ പുതിയ ദൗത്യം ഏല്‍പ്പിച്ചത്. കഴിഞ്ഞ നഗരസഭയില്‍ ഡെപ്യൂട്ടി മേയറായിരുന്നു ഇന്ദിര.
പഴയങ്ങാടി വെങ്ങരയില്‍ പരേതനായ ബാലകൃഷ്ണന്‍ - ശാന്ത ദമ്പതികളുടെ മകളായി ജനിച്ച ഇന്ദിര ആറാം ക്‌ളാസ് മുതല്‍ പത്താം ക്‌ളാസ് വരെ മാടായി ഗേള്‍സ് ഹൈസ്‌കുളിലെ ക്‌ളാസ് ലീഡറായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേക്കുള്ള ഇന്ദിരയുടെ വരവ്. കണ്ണൂര്‍ പള്ളിക്കുന്നിലെ കൃഷ്ണമേനോന്‍ കോളജില്‍ എത്തിയതോടെ കെ.എസ്.യുവിന്റെ തീപ്പൊരി പ്രവര്‍ത്തകയായി. എസ്എഫ്‌ഐ ക്ക് ആധിപത്യമുള്ള കോളേജില്‍ ചെയര്‍പേഴ്‌സനായി അട്ടിമറി വിജയം നേടി. കൃഷ്ണമേനോന്‍ കോളജിലെ ആദ്യത്തെ കെ.എസ്.യു ചെയര്‍പേഴ്‌സനാണ് ഇന്ദിര.
1991 ല്‍ ജില്ലാ കൗണ്‍സിലില്‍ പി.കെ ശ്രീമതിക്കെതിരെയും മത്സരിച്ചു. നിയമവൃത്തിയോടൊപ്പം സജീവരാഷ്ട്രീയവും കൂടെ കൂട്ടിയ ഇന്ദിര 2010 ല്‍ കണ്ണൂര്‍ നഗരസഭയിലെ കണ്ണോത്തും ചാല്‍ ഡിവിഷനില്‍ നിന്നും ജയിച്ചു. 2011ല്‍ കല്യാശേരി നിയമസഭാ മണ്ഡലത്തില്‍ ടി.വി രാജേഷിനെതിരെ മത്സരിച്ചുവെങ്കിലും സി.പി.എം ഉരുക്കുകോട്ടയില്‍ ജയിക്കാനായില്ല. 2015 ല്‍ വീണ്ടും കോര്‍പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സനായി പ്രവര്‍ത്തിച്ചു.
2020ല്‍ പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍. 2024-2025 കാലഘട്ടത്തില്‍ മുസ്ലീം ലീഗിന് മേയര്‍ സ്ഥാനം മുന്നണി ധാരണപ്രകാരം കൈമാറിയപ്പോള്‍ ഡെപ്യുട്ടി മേയറായി. കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന ഭാരവാഹി, കണ്ണൂര്‍ വിമന്‍സ് ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അധ്യക്ഷ, ഒബിസി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, കിസാന്‍ സഭ വൈസ് പ്രസിഡന്റ്, വസുധ ഗ്‌ളോബല്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ എന്നിങ്ങനെ നീളുന്നു ഇന്ദിരയുടെ പ്രവര്‍ത്തന മണ്ഡലം.
പാര്‍ട്ടി തന്ന വലിയ അംഗീകാരമാണ് കണ്ണൂര്‍ കോര്‍പറേഷന്‍ പദവിയെന്ന് ഇന്ദിര പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. ഇനിയും ഒറ്റക്കെട്ടായി വലിയവികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഇന്ദിര പറഞ്ഞു. എല്‍. ഡി. എഫ് കൊണ്ടു വന്ന അഴിമതിയാരോപണങ്ങള്‍ കളവാണെന്ന് തെളിഞ്ഞു. ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നിന്നതാണ് മികച്ച വിജയം നേടാന്‍ കാരണമെന്നും ഇന്ദിര കൂട്ടിച്ചേര്‍ത്തു. കെ.വി പ്രേമാനന്ദാണ് (സ്‌കൂള്‍ ഓഫ് മാത്തമറ്റിക്‌സ് ) ഭര്‍ത്താവ്. മക്കള്‍ അക്ഷത, നീരജ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates