നെടുമുടി വേണുവിന് വിട ; രാവിലെ 10 മുതല്‍ പൊതുദര്‍ശനം; സംസ്‌കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക്

രാവിലെ 10 മുതല്‍ 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സിനിമാതാരം നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന് നടക്കും.  രാവിലെ 10 മുതല്‍ 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് തിരുവനന്തപുരം ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. 

ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. 73 വയസ്സായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ നെടുമുടിവേണുവിന്റെ ആരോഗ്യനില മോശമായിരുന്നു. മരണസമയം ഭാര്യ സുശീലയും മക്കളായ കണ്ണന്‍ , ഉണ്ണി എന്നിവര്‍ ആശുപത്രിയിലുണ്ടായിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്നും മൃതദേഹം കുണ്ടമണ്‍കടവിന് സമീപമുളള  വീട്ടിലേക്ക് കൊണ്ടുപോയി.

ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ  നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെ ഗംഭീരമായി അവതരിപ്പിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറു തവണയും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി.കെ.കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാല്‍ എന്നു വേണു ജനിച്ചത്. നെടുമുടി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കുറച്ചുകാലം പാരലല്‍ കോളജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. കോളജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com