സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാഹനത്തില്‍ സ്വര്‍ണം കടത്തി; പ്രസിഡന്റിന്റെ പിഎ കൂട്ടുനിന്നു: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്‌സി കുട്ടന്റെ പിഎയ്ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതായും സുരേന്ദ്രന്‍ ആരോപിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പിഎ നിരവധി തവണ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്താണ് സ്വര്‍ണക്കടത്തിനെ സഹായിച്ചത്. സിപിഎമ്മിന്റെ നോമിനിയാണ് ഇയാള്‍. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെല്ലാം ശുപാര്‍ശ ചെയ്ത് യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സന്റെ ശുപാര്‍ശ പ്രകാരമാണ് അവരെ പിഎ ആക്കിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കൗണ്‍സിലിന്റെ കാര്‍ പല തവണ വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും പോവുകയും വരികയും ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷന്റ നിയന്ത്രണം പിടിച്ചെടുക്കാന്‍ ബിനീഷ് കോടിയേരിയെ മുന്നില്‍ നിര്‍ത്തി ബിനാമി സംഘങ്ങള്‍ വലിയ നീക്കങ്ങളാണ് നടത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി വലിയ തോതിലുള്ള ഹവാല ഇടപാടുകളും സാമ്പത്തിക ഇടപാടും കള്ളക്കടത്തും അഴിമതിയും നടക്കുന്നതായി വ്യക്തമായ വിവരം വന്നിട്ടുണ്ട്. കെസിഎ ബിനീഷിനെ പുറത്താക്കണം. അന്വേഷണത്തെ നേരിടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
