തിരുവനന്തപുരം; സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ 17 പേരെക്കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി. ഇതോടെ കാഞ്ഞിരപ്പിള്ളി എംഎൽഎയും കേരള കോൺഗ്രസ് (എം) നേതാവുമായ ജയരാജിന്റെ ജീവനക്കാരുടെ എണ്ണം 25 ആയി. നേരത്തെ കാബിനറ്റ് മിനിസ്റ്ററുടെ റാങ്കും എട്ട് പേഴ്സണൽ സ്റ്റാഫിനേയും ചീഫ് വിപ്പ് ചുമതലയേറ്റപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനുപുറമേയാണ് ഇപ്പോഴത്തെ നിയമനം.
31,000 മുതല്‍ ഒരുലക്ഷം വരെ ശമ്പളം
31,000 മുതല്‍ ഒരുലക്ഷം വരെയാണ് ഇവരുടെ ശമ്പളം. ഇതോടെ ചീഫ് വിപ്പിന്റെ ജീവനക്കാർക്കായി മാത്രം സർക്കാർ ഖജനാവിൽ നിന്ന് ഒരു വർഷം മൂന്നു കോടിയാണ് ചെലവഴിക്കുന്നത്. ജനറൽ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെന്റ് ചൊവ്വാഴ്ചയാണ് 17 പേരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതിൽ 14 പേര്‍ക്ക് നേരിട്ടാണ് നിയമനം.
പ്രൈവറ്റ് സെക്രട്ടറിയായി ഡോ. റെൽഫി പോൾ, മൂന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ, രണ്ട് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി. രണ്ച് അസിസ്റ്റന്റ്, അഞ്ച് ക്ലർക്കുമാർ, നാല് ഓഫിസ് അറ്റൻഡന്റ്സ് എന്നിവരെയാണ് നിയമിച്ചത്. കേരള കോൺഗ്രസിന്റെ നോമിനീസാണ് നിയമനം ലഭിച്ച ഭൂരിഭാഗം പേരും എന്നാണ് റിപ്പോർട്ടുകൾ. ചിലർ സിപിഎമ്മിന്റേയും നോമിനിമാരാണ്. പേഴ്സണൽ സെക്രട്ടറിക്കും അഡിഷണൽ പേഴ്സൽ സെക്രട്ടറിക്കും 1,07,800 മുതൽ 1,60,000 സ്കെയ്ലിലാണ് ശമ്പളം. രണ്ട് വർഷം പൂർത്തിയാക്കിയാൽ ഇവരെല്ലാം പെൻഷനും അർഹരാകും.
ചീഫ് വിപ്പിന്റെ ജോലി
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സമയത്ത് അന്നത്തെ ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജിന് 30 പേഴ്സണല്‍ സ്റ്റാഫുകളെ അനുവദിച്ചതിനെ ഇടതുപക്ഷം വിമര്‍ശിച്ചിരുന്നു. നിയമസഭാ സമ്മേളനസമയത്ത് നിര്‍ണായകവോട്ടെടുപ്പുകളില്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക എന്നതാണ് ചീഫ് വിപ്പിന്റെ ചുമതല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates