

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ 'സ്നേഹസാന്ത്വനം' പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 14.40 കോടി രൂപയുടെ ഭരണാനുമതി. 2026-2027 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്.
അനുവദിച്ച തുകയില്‍ പ്രധാന പങ്കും ദുരിതബാധിതര്‍ക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനായാണ് വിനിയോഗിക്കുക എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ ധനസഹായം ലഭിക്കുന്ന 5,208 എന്‍ഡോസള്‍ഫാന്‍ ഗുണഭോക്താക്കള്‍ക്ക് 2026 ഏപ്രില്‍ മുതല്‍ 2027 മാര്‍ച്ച് വരെയുള്ള മാസാന്ത ആശ്വാസ ധനസഹായത്തിനായി 9,84,31,200 രൂപയും പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെടുന്നതായി പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കള്‍ക്കായി 2,64,00,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയര്‍ ഗിവേഴ്സിന് നല്‍കുന്ന മാസാന്ത ധനസഹായമായ 'ആശ്വാസകിരണം' പദ്ധതിക്കായി 64,76,400 രൂപയും വകയിരുത്തി.
ദുരിതബാധിത കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 400 കുട്ടികളുടെ 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി 10,05,000 രൂപ അനുവദിച്ചിട്ടുണ്ട്. പ്രദേശത്തെ 10 മാതൃകാ ചൈല്‍ഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates