

കണ്ണൂര്‍: ജയില്‍ചാടിയതിന് പിന്നാലെ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാറ്റി. വിയ്യൂര്‍ ജയിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റിയത്. രാവിലെ ഏഴ് മണിയോടെയാണ് വന്‍ സുക്ഷയില്‍ ആണ് ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തെത്തിച്ചത്. കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയില്‍ എന്ന നിലയിലേക്കാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയിലില്‍ ഏകാന്ത സെല്‍ ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. 4.2 മീറ്റര്‍ ഉയരവും സിസിടിവി നിരീക്ഷണത്തിന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുള്ള സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക.
536 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്നതാണ് വിയ്യൂരിലെ അതീവ സുരക്ഷാ മേഖലയിലെ സെല്ലുകള്‍. നിലവില്‍ 125 കൊടും കുറ്റവാളികളാണ് ഇവിടെയുള്ളത്. സെല്ലുകളില്‍ ഉള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ കഴിയില്ല. ഭക്ഷണവും സെല്ലില്‍ എത്തിക്കും. 6 മീറ്റര്‍ ഉയത്തിലുള്ള മതില്‍ക്കെട്ടിന് അകത്താണ് സെല്ലുകള്‍ സ്ഥിതിചെയ്യുന്നത്. 700 മീറ്റര്‍ ചുറ്റളവിലുള്ള മതിലിന് മുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുതി വേലിയുമുണ്ട്.
അതേസമയം, ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത തലയോഗത്തിന് മുന്നോടിയായി കണ്ണൂര്‍ റേഞ്ച് ഡിഐജി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയായേക്കുമെന്നാണ് വിവരം. ജയിലിലെ അസൗകര്യങ്ങള്‍ ഉള്‍പ്പെടെ വിശദീകരിക്കുന്നതാണ് റിപ്പോര്‍ട്ട് എന്നാണ് പുറത്ത് വരുന്നവിവരം. കണ്ണൂര്‍ ജയിലിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ജയില്‍ ചാട്ടത്തിന് സൗകര്യമായത് എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. കണ്ണൂര്‍ ജയിലിലുള്ള തടവുകാരുടെ എണ്ണത്തിന് അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ല. 150 ജീവനക്കാര്‍ വേണ്ടിടത്ത് 106 പേരാണുള്ളത്. 940 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യം ഉള്ളിടത്ത് 1118 പേര്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates