

തൃശൂര്‍: ദേവസ്വം കമ്മിറ്റികളിലേക്ക് രാഷ്ട്രീയ നിയമനങ്ങള്‍ ഒഴിവാക്കുന്നതാണ് ക്ഷേത്രത്തിന് ഗുണം ചെയ്യുകയെന്ന് ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്. ദേവസ്വം അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി ശുപാര്‍ശ ചെയ്യാന്‍ സമീപിക്കും. അത്തരത്തില്‍ ദേവസ്വം അംഗമാകുന്നവര്‍ പിന്നീട് ശുപാര്‍ശ ചെയ്തവരുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ഗുരുവായൂര്‍ തന്ത്രി.
ഗുരുവായൂര്‍ ദേവസ്വത്തിന് വികസനത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടില്ല. ഗുരുവായൂരില്‍ അടുത്ത 100 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. ഗുരുവായൂരിലെ തിരക്കാണ് വലിയ പ്രശ്‌നങ്ങളിലൊന്ന്. തിരക്ക് നിയന്ത്രിക്കാന്‍ ക്യൂ സംവിധാനം കാര്യക്ഷമമാക്കേണ്ടതുണ്ട്. ഭക്തരുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ കഴിയുന്ന ഒരു ക്യൂ സംവിധാനം നിര്‍ദ്ദേശിക്കാന്‍ ഐഐടിയില്‍ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായം തേടാമായിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. എസ്‌കലേറ്റര്‍ സംവിധാനം ഫലപ്രദമാകുമെന്നാണ് കരുതുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള മനുഷ്യശക്തി കുറയ്ക്കാന്‍ ഇത് സഹായിക്കും. തന്ത്രി പറഞ്ഞു.
ക്ഷേത്രഭരണത്തിന് ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിന്റെ ഭരണം വളരെ ഫലപ്രദമാണെന്ന് കരുതുന്നു. അതിലെ അംഗങ്ങളെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നു. ദേവസ്വം അംഗങ്ങള്‍ സാധാരണഗതിയില്‍ ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ല. തന്റെ അനുഭവത്തില്‍ ഇതുവരെ ഒരും ക്ഷേത്രകാര്യങ്ങളില്‍ എതിര്‍പ്പ് പറഞ്ഞിട്ടില്ലെന്നും ചേന്നാസ് ദേനേശന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.
ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും, പാര്‍ട്ടിയുമായി അഫിലിയേറ്റ് ചെയ്ത യൂണിയന്‍ ശക്തമായിരിക്കും. ആ യൂണിയനിലെ അംഗങ്ങള്‍ക്കെതിരെ ഒരു അച്ചടക്ക നടപടിയും സ്വീകരിക്കാന്‍ ബോര്‍ഡിന് കഴിയില്ല. തന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭരണം സമീപകാലത്ത് വ്യവസ്ഥാപിത പരാജയമായി മാറി. ഒരു ഉത്തരവാദിത്തവുമില്ലാതെ വളഷായി മാറിയിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രിത സംവിധാനത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത നിലയാണെന്നും തന്ത്രി പറയുന്നു.
ക്ഷേത്രകാര്യങ്ങളില്‍ ശുദ്ധിയുടെ കാര്യത്തില്‍ ജാതി വിവേചനമില്ല. ഒരു പൂജാരി ശ്രീകോവിലിലേക്ക് പോകുമ്പോള്‍, ബ്രാഹ്മണര്‍ ഉള്‍പ്പെടെ ആരും അയാളെ തൊടരുത് എന്നാണ്. ക്ഷേത്രപൂജകളില്‍ സ്ത്രീകളെ അനുവദിക്കാക്കതിനെക്കുറിച്ചും തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട് മനസ്സു തുറന്നു. ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പൂജാദി കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരും. മാസത്തില്‍ 15 ദിവസത്തോളം ഇങ്ങനെ മാറി നില്‍ക്കേണ്ടി വരും. എന്നാല്‍ തന്ത്രവിദ്യ പഠിക്കുന്നതില്‍ സ്ത്രികള്‍ക്ക് വിലക്കില്ല. മണ്ണാറശ്ശാല, പാമ്പുമേക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളില്‍ സ്ത്രീകളാണ് മുഖ്യപൂജാരികളെന്നും ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates