ഇതരമത ചിഹ്നങള്‍ ധരിച്ച് എത്തരുത്; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ക്ഷേത്രത്തില്‍ ആചാരലംഘനം നടത്തിയ 2 ഓതിക്കന്‍മാരെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
Guruvayur
Guruvayur
Edited By:
Updated on
2 min read

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇതര മത ചിഹ്നങ്ങള്‍ ധരിച്ചു ക്ഷേത്രത്തില്‍ കടക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ് അറിയിച്ചു. ക്ഷേത്രത്തില്‍ ആചാരലംഘനം നടത്തിയ 2 ഓതിക്കന്‍മാരെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയ ചെലവിലേക്ക് പിഴ ഈടാക്കുന്നതിനും തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഷ്ടമിരോഹിണി ദിനത്തില്‍ ഒന്നര ലക്ഷത്തിലേറെ ഭക്തര്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലെത്തിയതായും വിശേഷാല്‍ പ്രസാദ ഊട്ടില്‍ അമ്പതിനായിരതോളം ഭക്തര്‍ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു. പുന്നത്തൂര്‍ കോവിലകം പുതുക്കി പണിയുന്നതിന് 6.40 കോടിയുടെ പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. വെങ്ങാട് ഗോശാല നവീകരണത്തിന് 70 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഗുരുവായൂരില്‍ സെപ്റ്റംബര്‍ 13ന് 400 ലേറെ വിവാഹങ്ങള്‍: ദര്‍ശനത്തിനും കല്യാണ ചടങ്ങിനും ക്രമീകരണം ഒരുക്കും

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ സെപ്റ്റംബര്‍ 13 ന് ഗുരുവായൂരില്‍ ശീട്ടാക്കിയത് 409 വിവാഹങ്ങള്‍. വിവാഹത്തിന് തലേന്നാള്‍ വരെ ശീട്ടാക്കാമെന്നതിനാല്‍ ഇനിയും വിവാഹങ്ങള്‍ കൂടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ക്ഷേത്ര ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഭക്തരുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുകയാണെന്ന് ദേവസ്വം ചെയര്‍മാന്‍ ശ്രീ എ. വി ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.ഹരിഗോപാല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും. അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക് കണക്കി ലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പോലീസിനെ വിന്യസിക്കും.

വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍

സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി 6 മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മാരെ വിവാഹ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. സമീപം മംഗള വാദ്യസംഘ ത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേ നട പൂര്‍ണ്ണമായും വണ്‍വേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.

വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തിന് തെക്ക് പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ആദ്യം ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലിലെത്തി

വിശ്രമിക്കാം. താലികെട്ട് സമയമാകുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി ഊഴമെത്തുമ്പോള്‍ വിവാഹ ചടങ്ങ് നടത്താം.

കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘംക്ഷേത്രം തെക്കേനട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല. വധുവരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധുവരന്‍മാരുടെ കുടുംബാംഗങ്ങള്‍ പരമാവധി നിയന്ത്രിക്കണം.

ദര്‍ശന ക്രമീകരണം

സുഗമമായ ക്ഷേത്ര ദര്‍ശനത്തിനായി കൂടുതല്‍ സൗകര്യമൊരുക്കാന്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം. ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര, ചടങ്ങിനെത്തുന്നവര്‍ക്കും ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പോലീസും ഉണ്ടാകും. മഫ്ടിയില്‍ ക്ഷേത്രത്തിനകത്തും പോലീസിനെ വിന്യസിക്കും. പോക്കറ്റടിക്കാര്‍, സാമൂഹ്യവിരുദ്ധര്‍ എന്നിവരെ കര്‍ശനമായി അമര്‍ച്ച ചെയ്യാന്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സിസിടിവി നിരീക്ഷണം

ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും ഉള്ള സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കും. 24 മണിക്കൂറും സി സി ടി വി നിരീക്ഷണം ശക്തമാക്കാന്‍ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടി എടുക്കും. റോഡുകളില്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ല

വിവാഹത്തിനും ദര്‍ശനത്തിനും ഭക്തജന തിരക്ക് പ്രതീക്ഷിക്കു ന്നതിനാല്‍ ക്ഷേത്രം ഇന്നര്‍ റിംഗ്, ഔട്ടര്‍ റിങ്ങ് റോഡുകളില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല.

പാര്‍ക്കിങ്ങ് അനുവദനീയ കേന്ദ്രങ്ങളില്‍ മാത്രം. ദേവസ്വം ശ്രീകൃഷ്ണ എച്ച് എസ് എസ്. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനങ്ങളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ക്ഷേത്രപരിസരത്ത് ഭക്തജനങ്ങള്‍ക്ക് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും. അടിയന്തര സന്ദര്‍ഭത്തില്‍ ആംബുലന്‍സിനും ഫയര്‍ഫോഴ്‌സിനും പ്രത്യേക വഴിയൊരുക്കും. ഗുരുവായൂരിലേക്കുള്ള പ്രധാന റോഡ് മാര്‍ഗ്ഗങ്ങളായ കുന്നംകുളം -ഗുരുവായൂര്‍, ചൂണ്ടല്‍- ഗുരുവായൂര്‍, ചാവക്കാട്-ഗുരുവായൂര്‍ എന്നീ പാതകളുടെ ഓരത്ത് വാഹനങ്ങള്‍ കൂട്ടമായി പാര്‍ക്ക് ചെയ്യാതിരിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം. ക്ഷേത്ര ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുന്നതായി ചെയര്‍മാന്‍ എ.വി ഗോപിനാഥും അഡ്മിനിസ്‌ട്രേറ്റര്‍ എസ്.ഹരിഗോപാലും അറിയിച്ചു.

Summary

Guruvayur Temple to fine visitors entering with symbols of other religions: Devaswom Chairman A.V. Gopinath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com