

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രധാന ആചാരങ്ങളില്‍ ഒന്നായ തത്ത്വകലശാഭിഷേകം നടന്നു. വ്യാഴാഴ്ച രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം നാലമ്പലത്തിലായിരുന്നു ചടങ്ങുകള്‍. തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ കലശാഭിഷേകം നിര്‍വ്വഹിച്ചു. ചടങ്ങിനു മുന്‍പായി നാലമ്പലത്തില്‍ 'വലിയ പാണി' വിശേഷങ്ങള്‍ നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ അഭിഷേകം പൂര്‍ത്തിയാകുന്നതുവരെ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
ഉത്സവ കലശങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയ ബ്രഹ്മകലശം വെള്ളിയാഴ്ച നടക്കും. ഇതിന്റെ ഭാഗമായി ആയിരം കലശക്കുടങ്ങളില്‍ നിറയ്ക്കാനുള്ള മുളപ്പിച്ച ധാന്യങ്ങള്‍ വ്യാഴാഴ്ച കീഴ്ശാന്തിമാര്‍ നാലമ്പലത്തില്‍ നിന്ന് കൂത്തമ്പലത്തിലേക്ക് ചടങ്ങോടുകൂടി കൊണ്ടുപോയി. ബ്രഹ്മകലശത്തിന് അനുമതി ചോദിക്കുന്ന പരമ്പരാഗത ചടങ്ങും രാത്രി നടന്നു.
ബ്രഹ്മകലശാഭിഷേകവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെയും ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല. കൂത്തമ്പലത്തില്‍ നിന്ന് പട്ടുകുട, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ അകമ്പടിയോടെ ബ്രഹ്മകലശം എഴുന്നള്ളിക്കും.
ഇതോടെ ഉത്സവത്തിന് മുന്നോടിയായുള്ള എട്ടുദിവസത്തെ കലശചടങ്ങുകള്‍ സമാപിക്കും. ശനിയാഴ്ച രാത്രി ഉത്സവത്തിന് കൊടിയേറും. രാത്രി എട്ടിനു ശേഷം തന്ത്രി കൊടിയേറ്റം നിര്‍വ്വഹിക്കും. അന്നേ ദിവസം രാവിലെ ക്ഷേത്രത്തില്‍ ആനയില്ലാ ശീവേലി നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആനയോട്ടവും നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates