

തിരുവനന്തപുരം: പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ടിനോടുള്ള ആദരവായി 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ്. സംഘര്‍ഷ മേഖലകളിലെയും നിര്‍ധന കുടുംബങ്ങളിലെയും ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്തക്രിയ നല്‍കാന്‍ ലക്ഷ്യമിട്ട് പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ചതാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ്. ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ഷംഷീര്‍ വയലില്‍ അറിയിച്ചു.
ഡോ. ഷംഷീര്‍ വയലില്‍ കഴിഞ്ഞ ജനുവരിയിലാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ചത്. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്കാവശ്യമായ അടിയന്തര ശസ്തക്രിയ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്കുള്ള ആദരവായാണ് അദ്ദേഹത്തിന്റെ മകള്‍ ഡോ. ഷബീന യൂസഫലിയുടെ ഭര്‍ത്താവ് കൂടിയായ ഡോ. ഷംഷീര്‍ സംരംഭം പ്രഖ്യാപിച്ചത്. സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്നാക്ക പശ്ചാത്തലത്തില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് പുതുജീവന്‍ നല്‍കാനായിരുന്നു പദ്ധതി. വിദഗ്ധരുടെ നേതൃത്വത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയായ സംരംഭത്തിന്റെ ഗുണഭോക്താക്കള്‍ ഇന്ത്യ, ഈജിപ്ത്, സെനഗല്‍, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ്. സംഘര്‍ഷ മേഖലകളില്‍ നിന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇതില്‍ ഉള്‍പ്പെട്ടതായും ഷംഷീര്‍ വയലില്‍ കൂട്ടിച്ചേര്‍ത്തു.
വന്‍ ചെലവു കാരണം ശസ്ത്രക്രിയകള്‍ മുടങ്ങിയ കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി കേരളത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പുമായും ഗോള്‍ഡന്‍ ഹാര്‍ട്ട് സംരംഭം സഹകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ 'ഹൃദ്യം' പദ്ധതിയിലെ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കാണ് സഹായം എത്തിച്ചത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികള്‍ക്ക് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സൗജന്യ ചികിത്സ ലഭ്യമാക്കിയത്. അതേസമയം, യാത്രാ നടപടികള്‍ കഠിനമായ വിദേശ രാജ്യങ്ങളിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് കുട്ടികളെ ആശുപത്രികളിലേക്ക് കൊണ്ട് വന്നത് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന പ്രത്യേക യാത്രാനുമതികള്‍ ലഭ്യമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതര ഹൃദ്രോഗങ്ങളുള്ള രണ്ടു മാസം മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് കൈത്താങ്ങായത്. നിലമ്പൂര്‍ സ്വദേശിനിയായ എട്ട് വയസുകാരി ലയാല്‍ സംരംഭത്തിന്റെ ഭാഗമായി സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കടന്നു. ശസ്ത്രക്രിയാനന്തരം ഉയര്‍ന്ന അപകടസാധ്യത ഉണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാന്‍ അവള്‍ക്കായതായും ഷംഷീര്‍ വയലില്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈജിപ്തില്‍ നിന്നുള്ള രണ്ടര വയസ്സുകാരന്‍ ഹംസ ഇസ്‌ളാമിന്റെ അതിജീവനവും സമാനം. ഹൃദയ അറയിലെ സുഷിരങ്ങള്‍ കാരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട കുട്ടിക്ക് മതിയായ ചികിത്സ പദ്ധതിയിലൂടെ ലഭ്യമാക്കാനായി. സെനഗലിലും ലിബിയയിലും മാസങ്ങളായി ചികിത്സ കാത്തുകിടന്ന കുട്ടികള്‍ക്കാണ് ജീവന്‍ രക്ഷാ സഹായം ലഭിച്ചത്. ഇന്ത്യ, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് സംരംഭത്തിന്റെ ഭാഗമായുള്ള നിര്‍ണായക ശസ്ത്രക്രിയകള്‍ നടത്തിയതെന്നും ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates