

വയനാട്ടിലെ ടൂറിസവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങളിൽ പകുതിയോളം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പഠനം കണ്ടെത്തി.
വയനാട് ടൂറിസം മേഖലയിലുടനീളം നിയന്ത്രണ ലംഘനങ്ങളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനത്തിലെയും വ്യാപ്തി വെളിപ്പെടുത്തന്നതാണ് വയനാട്ടിലെ സുസ്ഥിര- ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം.
റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ്ഡ് വില്ലകൾ എന്നീമേഖലകളിൽ പകുതിയോളം സ്ഥാപനങ്ങൾ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി തദ്ദേശ സ്വയംഭരണ വകുപ്പിലെ ആസൂത്രണ വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
ഇവിടെയുള്ള ടൂറിസവുമായി ബന്ധപ്പെട്ട കെട്ടിടങ്ങളിൽ 56 ശതമാനത്തിന് മാത്രമേ നിർബന്ധമായും ആവശ്യമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് അനുവദിച്ചിട്ടുള്ളൂ. 16 ശതമാനത്തിന് മാത്രമേ ജിഎസ്ടി രജിസ്ട്രേഷൻ ഉള്ളൂ, 53 ശതമാനം പേർക്ക് മാത്രമേ മലിനീകരണ നിയന്ത്രണ ബോർഡിൽ (പിസിബി) നിന്നുള്ള അനുമതി ലഭിച്ചിട്ടുള്ളൂ- റിസോർട്ട്, പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം ഉത്തരവാദിത്തമുള്ള രീതിയിൽ പ്രവർത്തിക്കുന്നുവെന്നും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിന് ഇത് നിർബന്ധമാണ്.
മണ്ണിടിച്ചിലും വെള്ളപ്പൊക്ക സാധ്യതയും കാരണം വേർതിരിച്ചിരിക്കുന്ന ഉയർന്ന അപകട മേഖലകളിലോ (HHZ) അല്ലെങ്കിൽ 500 മീറ്റർ ബഫർ സോണുകൾക്കുള്ളിലോ ഒന്നിലധികം സ്ഥാപനങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട് അല്ലെങ്കിൽ ഇതിനകം നിലവിലുണ്ട് എന്ന് പഠനത്തിൽ കണ്ടെത്തി. പരിസ്ഥിതി ലോലവും അപകടകരവുമായ മേഖലകളിലെ വസ്തുവകകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണ് കണ്ടെത്തലുകളിൽ ഏറ്റവും ഗുരുതരമായ ഒന്നാണിത്.
വയനാട്ടിലെ മണ്ണിടിച്ചിലും മനുഷ്യ-വന്യജീവി സംഘർഷവും കാരണം ഈ പ്രദേശങ്ങൾ പ്രത്യേകിച്ചും സെൻസിറ്റീവ് ആണ്. എന്നാൽ, അത്തരം പ്രദേശങ്ങളിലെ പല ടെന്റ് സ്റ്റേകളിലും റിസോർട്ടുകളിലും അടിസ്ഥാനപരമായി വേണ്ടുന്ന വേലിയോ അടിയന്തര സാഹചര്യങ്ങളിൽ അവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല.
അനധികൃത ടൂറിസ്റ്റ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ ആവശ്യപ്പെട്ടു. അനധികൃത റിസോർട്ടുകളുമായും താമസ സൗകര്യങ്ങളുമായും ബന്ധപ്പെട്ട അപകടങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഈ സ്ഥാപനങ്ങളിൽ പലതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അറിവില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു.
"ഇത്തരം റിസോർട്ടുകളിൽ പലതും റോഡിൽ നിന്ന് അകലെയുള്ള പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് കാരണം അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനവും മറ്റും വളരെ പ്രയാസം നിറഞ്ഞതായി മാറുന്നു. ഈ പഠനം ഒരു അടിസ്ഥാന രേഖയാണ്, അനധികൃത നിർമ്മാണങ്ങൾ തിരിച്ചറിയുന്നതിനും പരിശോധിക്കുന്നതിനും തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും കീഴിൽ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ രൂപീകരിക്കാൻ ജില്ലാ പഞ്ചായത്ത് ശുപാർശ ചെയ്തിരുന്നു," അദ്ദേഹം പറഞ്ഞു.
"ഈ കെട്ടിട ഉടമകൾ പുതുക്കിയ കെട്ടിട പ്ലാനുകൾ ഹാജരാക്കാൻ നിർബന്ധിതരാകണം. ലൈസൻസ് കൈവശമുള്ളവർ പോലും അനധികൃത വിപുലീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഈ അനുമതിയില്ലാത്ത വികസനം കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗണ്യമായ നികുതി വരുമാനവും നഷ്ടപ്പെടുന്നു," അദ്ദേഹം പറഞ്ഞു.
ക്യാമ്പിങ് സൈറ്റുകൾ, ടെന്റുകൾ, ട്രീ ഹൗസുകൾ എന്നിവയ്ക്കായി സംസ്ഥാന സർക്കാർ നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ഷംഷാദ് മരക്കാർ പറഞ്ഞു . "ഇപ്പോൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇവയിലൊന്നും ഇടപെടാൻ അധികാരമില്ല. സർക്കാർ ഇടപെട്ട് വ്യക്തമായ നിയന്ത്രണങ്ങൾ സ്ഥാപിക്കേണ്ട സമയമാണിത്," അദ്ദേഹം വിശദീകരിച്ചു.
ഏകീകൃത ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ബിസിനസുകൾക്കുള്ള വിവിധ ലൈസൻസുകളും അംഗീകാരങ്ങളും നേടുന്നതിനുള്ള പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വേഗത്തിലുള്ളതും സുതാര്യവുമായ ക്ലിയറൻസിനായുള്ള ഏകജാലക സംവിധാനമായ കെ - സ്ഫിറ്റ് (K-SWIFT - Kerala Single Window Interface)ന്റെ ദുരുപയോഗമാണ് വയനാട്ടിൽ വർദ്ധിച്ചുവരുന്ന നിയമലംഘനങ്ങളുടെ ഒരു കാരണമെന്ന് ടൗൺ പ്ലാനിങ് വകുപ്പ് പറയുന്നു.
പഠനത്തിനായുള്ള ഫീൽഡ് സർവേകൾ ആരംഭിച്ചത് 2,764 നിർമ്മാണങ്ങളുടെ പ്രാരംഭ പട്ടികയോടെയാണ്. 89 ദിവസത്തിനുള്ളിൽ, സർവേ സംഘം 2,478 സ്ഥലങ്ങൾ സന്ദർശിച്ചു , ഇത് മൊത്തം സ്ഥലങ്ങളുടെ 89% വരും. ഇതിൽ 1,040 ഇടങ്ങളുടെ വിശദമായ സർവേകൾ പൂർത്തിയാക്കി.
ശേഷിക്കുന്ന 1,438 ൽ ഡാറ്റ ഡ്യൂപ്ലിക്കേഷൻ ഉൾപ്പെടെയുള്ള നിരവധി തടസ്സങ്ങൾ കാരണം സർവേ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ കണ്ടെത്തിയ 116 സ്ഥലങ്ങളിൽ അവയുടെ പേരിനപ്പുറം മറ്റ് വിവരങ്ങളൊന്നുമില്ലായിരുന്നു, ഇത് സ്ഥിരീകരണവും തുടർനടപടികളും അസാധ്യമാക്കി.
Half of Wayanad's tourism constructions that are illegal operating without a valid licence, according to a study by the local self-government
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
