കോഴിക്കോട് : നിരന്തരം സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നതായി ഹരിത മുന്‍ നേതാക്കള്‍. പരാതിപ്പെട്ടതിന് പിന്നാലെ വെര്‍ബല്‍ റേപ്പിനാണ് ഇരയാകുന്നത്. ഹരിത നേതാക്കളെ വേശ്യകളോട് താരതമ്യം ചെയ്ത് സംസാരിച്ചു. സ്വഭാവദൂഷ്യമുള്ളവരെന്ന് പ്രചരിപ്പിച്ചു. തങ്ങള്‍ ക്രൂശിക്കപ്പെട്ടവരാണെന്നും ഹരിത മുന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹരിതയുടെ പെണ്‍കുട്ടികളെ നയിക്കുന്നത് ഒരു സൈബര്‍ ഗുണ്ടയാണെന്നും, അവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ അടക്കമുള്ളവ എഴുതിക്കൊടുക്കുന്നതും ഇതേ സൈബര്‍ ഗുണ്ടയാണെന്നും പി കെ നവാസ് പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടി ഒരു നടപടി സ്വീകരിച്ചാല്‍ ഹരിതയിലുള്ള പല പെണ്‍കുട്ടികളുടെയും ചിത്രങ്ങളും വീഡിയോകളും അവന്റെ കൈയിലുണ്ട്. പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പറഞ്ഞു.
ഇതിലാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. പക്ഷെ നീതി നിഷേധമാണുണ്ടായത്. ആരുടേയെങ്കിലും വാക്ക് കേട്ട് തുള്ളാന്‍ ഞങ്ങള്‍ ചാടി കളിക്കുന്ന കുരങ്ങന്‍മാരല്ല. ഒരു സിസ്റ്റത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപറ്റുന്ന ലീഗ് ജനല്‍ സെക്രട്ടറി ഞങ്ങളെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നു. അത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ടെന്നും ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ പറഞ്ഞു.
തങ്ങളുടെ ഇത്രയും കാലത്തെ പ്രവര്‍ത്തനം റദ്ദു ചെയ്യുന്ന രീതിയില്‍, അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരു പരാമര്‍ശമായി കണക്കാട്ടിയിട്ടു തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിന് അഞ്ചുപേജുള്ള പരാതി നല്‍കിയതെന്നും ഹരിത മുന്‍ നേതാക്കള്‍ വ്യക്തമാക്കി.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയാണ്. പരാമര്‍ശം നടത്തിയത് ജൂണ്‍ 24 നാണ്. പാര്‍ട്ടിക്ക് പരാതി നല്‍കിയത് 27 നാണ്. പി കെ കുഞ്ഞാലിക്കുട്ടിയോടും സാദിഖലി തങ്ങളോടും പിഎംഎ സലാമിനോടും പരാതി പറഞ്ഞു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. പാര്‍ട്ടിക്ക് പരാതി നല്‍കി 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കുന്നതെന്നും ഹരിത മുന്‍ നേതാക്കള്‍ പറഞ്ഞു.
മധ്യസ്ഥ ചര്‍ച്ചക്കെത്തിയപ്പോള്‍ വേശ്യക്കും അവരുടേതായ ന്യായീകരണമുണ്ടാകും. അവര്‍ പറയട്ടെ എന്നാണ് പറഞ്ഞത്. സലാമിന്റെ പ്രതികരണം ക്രൂരമായിരുന്നെന്ന് ഹരിത നേതാക്കള്‍ പറഞ്ഞു.
കോഴിക്കോട് അങ്ങാടിയില്‍ തെണ്ടിത്തിരിഞ്ഞ് നടക്കാന്‍ വരുന്നവര്‍ എന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആക്ഷേപിച്ചു. വനിതാ കമ്മീഷന് പരാതി നല്‍കിയത് വലിയ കുറ്റമായി പറഞ്ഞു. ചാനലില്‍ പോയി പ്രശ്നം പരിഹരിച്ചോളാന്‍ പറഞ്ഞു.
പരാതി ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. പരാതി വ്യക്തികള്‍ക്ക് എതിരെയാണ് പാര്‍ട്ടിക്ക് എതിരെയല്ല. ലീഗില്‍ ഉറച്ച് നിന്നു കൊണ്ട് തന്നെ പോരാടും. ആവശ്യമെങ്കില്‍ പെണ്‍കുട്ടികളുടെ പുതിയ പ്ലാറ്റ്‌ഫോമിനെ പറ്റി ചിന്തിക്കും. വ്യക്തികള്‍ക്കെതിരേ പറഞ്ഞ പരാതി അങ്ങനെ തീര്‍ക്കാമായിരുന്നു. പക്ഷെ അത് പാര്‍ട്ടി എന്ന രീതിയില്‍ കാണാനാണ് പലരും ശ്രമിച്ചതെന്നും ഹരിത മുൻ നേതാക്കൾ കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates