എന്റെ കുഞ്ഞിന്റെ കൈപിടിച്ച്, ‘ഈ കൈ ഞാൻ വിടില്ല’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്; ഹർഷിന

കൃത്യമായ നഷ്ടപരിഹാര തുക എന്റെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നാണ് സതീശൻ സാർ നൽകിയ ഉറപ്പ്. ജീവനക്കാർക്കെതിരെയുള്ള നടപടിയെക്കുറിച്ച് സംസാരിച്ചിരുന്നില്ല.
Harshina
ഹര്‍ഷിന
Updated on
2 min read

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി അഞ്ച് വർഷമായി ദുരിതം അനുഭവിക്കുന്ന കോഴിക്കോട് സ്വദേശി ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനുമായും ആരോഗ്യമന്ത്രി കെ. മുരളീധരനുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഇന്നലെ ഹർഷിനയെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഓഫിസ് അസിസ്റ്റന്റായി നിയമിച്ചത്. ഹോസ്പിറ്റൽ ഡെവലപ്മെന്റ് കമ്മിറ്റി വഴിയുള്ള നിയമനമാണെങ്കിലും ജോലി സ്ഥിരമാക്കുമെന്നും നഷ്ടപരിഹാര തുക ഉടൻ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഹർഷിന പറഞ്ഞു.

Q

നാല് വർഷത്തെ നീതിക്കായുള്ള പോരാട്ടത്തിനുശേഷമാണ് താങ്കൾക്ക് സർക്കാർ ജോലി ലഭിക്കുന്നത്. ഈ നിമിഷത്തിൽ എന്താണ് തോന്നുന്നത്?

A

എനിക്കും എന്റെ കുടുംബത്തിനും വളരെ അധികം സന്തോഷവും സമാധാനവും നൽകുന്ന തീരുമാനമാണ് പുതിയ സർക്കാർ എടുത്തത്. ഞാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണാൻ പോയിരുന്നു. എന്നെ കണ്ട ഉടൻ തന്നെ എന്റെ വിഷയത്തിൽ എല്ലാം തീരുമാനിച്ചുകഴിഞ്ഞുവെന്നും നേരെ പോയി ആരോഗ്യമന്ത്രിയെ കണ്ടാൽ മതിയെന്നും പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോഴാണ് എനിക്ക് ജോലി ലഭിച്ചതായി അറിയുന്നത്.

എനിക്ക് ഏറ്റവും സൗകര്യമുള്ള, അടുത്തുള്ള ആശുപത്രിയിൽ ജോലി നൽകുമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. അങ്ങനെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ചത്. എല്ലാം വളരെ പെട്ടെന്ന് നടന്നതുപോലെയാണ് തോന്നുന്നത്. സന്തോഷത്തിനൊപ്പം എനിക്കും എന്റെ കുടുംബത്തിനും വലിയ സമാധാനവും ലഭിച്ചിട്ടുണ്ട്.

Q

ഹർഷിനയുടെ ജോലി ഹോസ്പിറ്റൽ ഡെവലപ്മെന്റ് കമ്മിറ്റി വഴിയാണല്ലോ ലഭിച്ചത്. സാധാരണ എച്ച്.ഡി.സി വഴിയുള്ള നിയമനങ്ങൾ താൽക്കാലികമാണല്ലോ. താങ്കൾക്ക് സ്ഥിര ജോലി ആയിരിക്കുമെന്ന് ഉറപ്പ് ലഭിച്ചോ?

A

അതെ. പെൻഷൻ പ്രായം വരെ സ്ഥിര ജോലി എന്ന ഉറപ്പാണ് എനിക്ക് ലഭിച്ചത്. പെൻഷനെക്കുറിച്ചോ മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചോ ഇപ്പോൾ വ്യക്തമായ അറിവില്ല. ഇന്ന് ജോലിയിൽ പ്രവേശിച്ചതേയുള്ളൂ. പിന്നീട് അതിനെക്കുറിച്ച് അന്വേഷിക്കും.

Q

ഏകദേശം രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ഹർഷിനയുടെ ആവശ്യം. അതോടൊപ്പം തെറ്റുകാരായ മെഡിക്കൽ കോളജ് ജീവനക്കാർക്കെതിരെ നിയമനടപടിയും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളിൽ തീരുമാനമായോ?

A

കൃത്യമായ നഷ്ടപരിഹാര തുക എന്റെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നാണ് സതീശൻ സാർ നൽകിയ ഉറപ്പ്. ജീവനക്കാർക്കെതിരെയുള്ള നടപടിയെക്കുറിച്ച് സംസാരിച്ചിരുന്നില്ല. നിലവിൽ ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിലാണല്ലോ. അതുമായി മുന്നോട്ട് പോകും. കേസുകൾ ഒന്നും പിൻവലിക്കില്ല.

Q

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് താങ്കൾ യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നല്ലോ. ഇത് രാഷ്ട്രീയപ്രേരിതമായിരുന്നോ?

A

ഒരിക്കലും അല്ല. അതിൽ രാഷ്ട്രീയം ഇല്ല. എന്നെ ചേർത്തുനിർത്തും എന്ന് ഉറപ്പു തന്ന എൽ ഡി എഫ് സർക്കാർ തന്നെയാണ് എന്നെ തള്ളിപ്പറഞ്ഞത്. എനിക്കെതിരെ നടന്ന അനീതിക്കുള്ള മറുപടിയായിട്ടാണ് ഞാൻ യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിന് പോയത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അവർ ചെയ്ത തെറ്റുകളുടെ ഫലമാണ് അവർക്ക് ജനങ്ങൾ നൽകിയതെന്ന് ഞാൻ കരുതുന്നു.

സത്യത്തിൽ പ്രചാരണത്തിന് പോകുമ്പോൾ കോൺഗ്രസ് നേതാക്കൾ കാണിച്ച സ്നേഹത്തിലും പരിഗണനയിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇവർ ജയിച്ചുകഴിഞ്ഞാൽ ഇതെല്ലാം മറക്കുമോ എന്ന വലിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ പ്രചാരണ കാലയളവിൽ ലഭിച്ചതിനേക്കാൾ ഇരട്ടിയോളം സ്നേഹവും പരിഗണനയുമാണ് ഇപ്പോൾ എനിക്കും എന്റെ കുടുംബത്തിനും ലഭിക്കുന്നത്.

Q

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എന്തായിരുന്നു അനുഭവം?

A

ഇന്നലെ മുഖ്യമന്ത്രിയെ കണ്ടപ്പോൾ എന്റെ കുഞ്ഞിന്റെ കൈപിടിച്ച്, ‘ഈ കൈ ഞാൻ വിടില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. തുടർചികിത്സയുടെ കാര്യം ഞാൻ ഏറ്റെടുത്തതല്ലേ, ഞാൻ കൂടെയുണ്ടാകും എന്നും പറഞ്ഞു. നഷ്ടപരിഹാരത്തിൽ നിന്ന് ഒരു രൂപ പോലും തുടർചികിത്സയ്ക്കായി ചെലവഴിക്കേണ്ടതില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.

Q

പുതിയ സർക്കാരിനെക്കുറിച്ച് എന്താണ് പ്രതീക്ഷ?

A

തീർച്ചയായും വലിയ പ്രതീക്ഷയാണ് ഞങ്ങൾക്കുള്ളത്. ഞങ്ങൾ മുഖ്യമന്ത്രിയെ കാണാൻ പോയപ്പോൾ അവിടെ മറ്റും ആളുകൾ ഉണ്ടായിരുന്നു. അവരോടൊക്കെ അദ്ദേഹം പെരുമാറുന്ന രീതി കണ്ടാൽ തന്നെ മനസ്സിലാകും അദ്ദേഹത്തിന്റെ നല്ല മനസ്. യുഡിഎഫ് സർക്കാരിന് നല്ലൊരു ഭരണം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

Summary

Medical negligence victim Harshina speaks to Samakalika Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com