ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകും. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് സൂചിപ്പിക്കുന്നത്. 

സംസ്ഥാനത്തെ ശേഷിക്കുന്ന എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ (യെല്ലോ അലര്‍ട്ട് ) മുന്നറിയിപ്പ്. 

ഉരുള്‍ പൊട്ടല്‍ സാധ്യത

ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയില്‍ കേരളത്തിന്റെ മലയോര പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശിച്ചു. 

തമിഴ്‌നാടിന് മുകളില്‍ ചക്രവാതച്ചുഴി

തമിഴ്‌നാടിന് മുകളിലും അറബിക്കടലിലുമായുള്ള ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ പടിഞ്ഞാറന്‍ കാറ്റ് സജീവമാകുന്നതാണ് നിലവില്‍ മഴ ശക്തമാകുന്നതിന് കാരണം. അടുത്ത മണിക്കൂറുകളില്‍ വടക്കന്‍ മേഖലകളിലേക്ക് കാറ്റ് വ്യാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്. 

ബംഗാള്‍ ഉള്‍കടലില്‍ ആന്‍ഡമാന്‍ കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം നാളെയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കും. തുടര്‍ന്ന് പടിഞ്ഞാറു  വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുകയും വീണ്ടും ശക്തി പ്രാപിച്ച്  വ്യാഴാഴ്ചയോടെ (നവംബര്‍ 18) ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാനുമാണ് സാധ്യതയെന്നാണ് കേന്ദ്രകാലവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ചക്രവാതചുഴിയുടെ സ്വാധീനഫലമായി മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇന്നലെ കനത്ത മഴ ലഭിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരണം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിപ്പുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com