

കോഴിക്കോട്: തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ഗുണ്ടല്‍പേട്ടില്‍ വച്ചെന്ന് പൊലീസ്. മുഖ്യപ്രതി നൗഷാദിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് കൊലപ്പെടുത്തിയത്. രണ്ടുദിവസം ഇവിടെ പൂട്ടിയിട്ട് ഹേമചന്ദ്രനെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറയുന്നു. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തിയതിന് ശേഷം കാറിലാണ് മൃതദേഹം വനത്തില്‍ എത്തിച്ചതെന്നാണ് കരുതുന്നത്. അതേസമയം വനത്തിനുള്ളില്‍ നാലടി താഴ്ചയില്‍ കുഴിയെടുത്ത് മറവ് ചെയ്തതിലും ദുരൂഹത ഉണ്ട്. സൗദിയിലുള്ള നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പ് കോഴിക്കോട്ടു നിന്നു കാണാതായ വയനാട് സ്വദേശി, കോഴിക്കോട് മായനാട് നടപ്പാലം പാറപ്പുറത്തു വാടക വീട്ടില്‍ താമസിച്ചിരുന്ന, ബത്തേരി പൂമല ചെട്ടിമൂല 'വിനോദ് ഭവനി'ല്‍ ഹേമചന്ദ്രന്‍(54) ആണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ നേരത്തേ അറസ്റ്റിലായ ബത്തേരി സ്വദേശികളായ മാടക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ്‌കുമാര്‍(28), വെള്ളപ്പന പള്ളുവടി വീട്ടില്‍ ബി എസ് അജേഷ്(27) എന്നിവരെ കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നു കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പ് മോഷണക്കേസിലാണ് ഇവര്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ ഹേമചന്ദ്രന്റെ കൊലപാതകവുമായി ഇവര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രനുമായി നൗഷാദ് ഏറെക്കാലം പണമിടപാട് നടത്തിയിരുന്നതായും ഇവര്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
പിടിയിലായ പ്രതികളുമായി എസിപി എ ഉമേഷ്, മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചേരമ്പാടി വനത്തില്‍ ചെന്ന് ഇന്നലെ രാവിലെ 9 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണു കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. രണ്ടു വര്‍ഷത്തിലേറെയായി മായനാട്ടെ വാടകവീട്ടില്‍ താമസിച്ചിരുന്ന ഹേമചന്ദ്രന്‍ കരസേനയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. 2024 മാര്‍ച്ച് 20ന് വീട്ടില്‍ നിന്നു പുറത്തുപോയതാണ്.
പത്തു ദിവസം പിന്നിട്ടിട്ടും കാണാതായതിനെ തുടര്‍ന്നാണ് ഭാര്യ എന്‍എം സുബിഷ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. തുടക്കത്തില്‍ എസ്‌ഐ ടി കാസിം അന്വേഷിച്ച കേസില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും തുമ്പൊന്നും ലഭിച്ചില്ല. ഹേമചന്ദ്രന്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് തെളിവുകള്‍ ലഭിച്ചത്. ഹേമചന്ദ്രനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍ പൊലീസിനു ലഭിച്ച സുപ്രധാന വിവരവും സംഭവത്തിന്റെ ചുരുളഴിക്കാന്‍ സഹായകരമായി. തുടര്‍ന്നാണ് ബത്തേരി സ്വദേശികളായ ജ്യോതിഷ് കുമാര്‍, അജേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. മായനാട് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഹേമചന്ദ്രനെ ഫോണില്‍ സ്ത്രീ ശബ്ദത്തില്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനടുത്തേക്ക് വിളിച്ചു വരുത്തിയതായും കാറില്‍ കയറ്റി ബത്തേരി,റിപ്പണ്‍, ചേരമ്പാടി എന്നിവിടങ്ങളില്‍ എത്തിച്ചതായും പിടിയിലായവര്‍ പറഞ്ഞു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഊട്ടി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു വന്നത്. ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധന ഫലം കിട്ടുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
Hemachandran was murdered in Gundalpet, his body was found buried in the forest.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates