കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് വൻതുക പിഴ ചുമത്തണമെന്നും കുറ്റം ആവർത്തിക്കുന്നവർക്ക് തടവുശിക്ഷ കൂടി ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ഹൈക്കോടതി. അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ തടയുന്ന ഉത്തരവാദിത്തം ഭാഗികമായി പൊലീസിനെ ഏൽപിക്കുന്നതു പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇത്തരക്കാർക്ക് തടവ് ഉൾപ്പെടെ ശിക്ഷ നൽകാൻ നിയമത്തിൽ ഭേദഗതി വരുത്താനാകുമോയെന്നു ഹൈക്കോടതി ആരാഞ്ഞു. ബ്രഹ്മപുരം വിഷപ്പുകയെത്തുടർന്നു സ്വമേധയായെടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ സംസ്ഥാനത്ത് കുപ്പിയുടെ ആകൃതിയിലുള്ള ബൂത്തുകൾ സ്ഥാപിക്കാനും തദ്ദേശസ്ഥാപനങ്ങൾ ഇതിനു പറ്റിയ സ്ഥലങ്ങൾ കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു. മാലിന്യ സംസ്കരണത്തിൽ നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്നും ഓർഡിനൻസ് ഇറക്കാൻ ആലോചിക്കുന്നുണ്ടെന്നും ഓൺലൈനിലൂടെ ഹാജരായ തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഹൈക്കോടതിയെ അറിയിച്ചു.
പ്ലാസ്റ്റിക്കും മറ്റ് മുനിസിപ്പൽ മാലിന്യങ്ങളും ദേശീയപാത നിർമാണത്തിനായി പ്രയോജനപ്പെടുത്തുന്ന കാര്യങ്ങൾ അറിയിക്കാൻ ദേശീയ പാത അതോറിറ്റിക്കും ഹൈക്കോടതി നിർദേശം നൽകി. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ ദേശീയ പാത റീജനൽ മാനേജർ ഓൺലൈനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഒക്ടോബർ ആറിന് ഹർജി വീണ്ടും പരിഗണിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates