സിംഗിള്‍ യൂസ് പ്ലാസ്റ്റിക്: കര്‍ശന നടപടി വേണം, റെയ്ഡ് ഊര്‍ജിതമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Strict action against those using banned plastic carry bags and products
നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിപ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണവും വില്‍പനയും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതി നിര്‍ദേശം. വാണിജ്യ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇടയ്ക്കിടെ പരിശോധന നടത്തണമെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.

ചട്ടപ്രകാരം റജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മാണമോ വില്‍പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പ് മലിനീകരണ ബോര്‍ഡ് മൂന്നു മാസത്തിനകം വികസിപ്പിക്കണം. ചട്ടപ്രകാരം റജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണു കോടതി ഉത്തരവ്.

ഷോപ്പിങ് സെന്ററുകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസ് സമുച്ചയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തിയറ്ററുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇടയ്ക്കിടെ സ്‌ക്വാഡ് പരിശോധന നടത്തി വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പന തടയാന്‍ ചില്ലറ വില്‍പനക്കാരുടെ ഉള്‍പ്പെടെ യോഗം വിളിച്ചുകൂട്ടിയും മറ്റു പ്രചാരണ മാര്‍ഗങ്ങള്‍ അവലംബിച്ചും ബോധവല്‍കരണം നടത്തണം. തദ്ദേശ സ്ഥാപനങ്ങളും ശുചിത്വമിഷനും മറ്റും യോജിച്ചു പ്രവര്‍ത്തിക്കണം.

സ്‌ക്വാഡ് റിപ്പോര്‍ട്ട് ചെയ്യുന്നതു കൂടാതെ, ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചട്ട ലംഘനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com