

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോഗ്രാഫിക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാൾ കെയ്ക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതി നിയന്ത്രണമേർപ്പെടുത്തി ഉത്തരവിട്ടത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബഞ്ചാണ് ഉത്തരവിറക്കിയത്.
പിറന്നാൾ കെയ്ക്ക് മുറിക്കാനുള്ള ഇടമല്ല ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലെന്നു കോടതി ഓർമിപ്പിച്ചു. വിവാഹത്തിനും മത ചടങ്ങുകൾക്കും മാത്രമേ വിഡിയോഗ്രാഫി അനുവദിക്കാൻ പാടുള്ളു. മറ്റ് തരത്തിലുള്ള എല്ലാ വീഡിയോ ചിത്രീകരണങ്ങൾക്കും ശക്തമായ നിയന്ത്രണം, അല്ലെങ്കിൽ നിരോധനം ഏർപ്പെടുത്തണം. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വീഡിയോ, വ്ലോഗർമാരുടെ വിഡിയോഗ്രാഫി എന്നിവ വിലക്കണമെന്നും ഉത്തരവിലുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദീപസ്തംഭത്തിനു അരികിൽ നിന്നു അകത്തെ ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ ആളുകൾ പകർത്താറുണ്ട്. ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നതും വിലക്കണമെന്നു കോടതി നിർദ്ദേശിച്ചു. ഭക്തർക്ക് തടസമുണ്ടാകുന്ന ഒരു കാര്യവും പാടില്ല. ഇത്തരം വിഷയങ്ങളിൽ ഗുരുവായൂർ ദേവസ്വം ശക്തമായ നടപടികൾ എടുക്കണം. ആവശ്യമുണ്ടെങ്കിൽ പൊലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
ജെസ്ന പിറന്നാൾ ദിനത്തിൽ നടപ്പന്തലിൽ എത്തി കെയ്ക്ക് മുറിച്ചതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജെസ്ന ഗുരുവായൂരിലെത്തി ഭക്തരുമായി വാക്കു തർക്കത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളുടെ പേരിൽ രണ്ട് ഭക്തർ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ പാരമ്പര്യവും പവിത്രതയും നിലനിർത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates