

കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി നരേന്ദ്ര കുമാറിന്റെ ശിക്ഷയാണ് ഇളവു ചെയ്തത്. പകരം 20 വർഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കണം.
2015 മേയ് 16 നാണ് കൂട്ടക്കൊല നടക്കുന്നത്. പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറായിരുന്നു പ്രതി. അപൂര്‍വങ്ങളിൽ അപൂര്‍വമെന്ന് വിശേഷിപ്പിച്ചാണ് 2017ൽ വിചാരണ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്.
വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയതും ശിക്ഷിച്ചതുമായ വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെ ഉള്ളത് എന്നത് പരിഗണിച്ചാണ് വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നതിൽ യാതൊരു സംശയവുമില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും വി.എം.ശ്യാം കുമാറും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡ്രൈക്ലീനിങ് സ്ഥാപനത്തിൽ കിടന്നുറങ്ങുകയായിരുന്ന പ്രവീൺ ലാലിനെയാണ് ഇയാൾ ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് ഫോൺ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലാലസനെയും പ്രസന്നയെയും വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. ജോലി സ്ഥലത്തെ പ്രശ്നങ്ങളുടെ പേരിലും മോഷണം നടത്താനുമാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു ശേഷം നാടുവിട്ട പ്രതിയെ യുപിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates