

കൊച്ചി: 25 വർഷം മുമ്പ് കൂലിപ്പണിക്കാരനായ അയ്യപ്പൻ എന്നയാളെ ലോക്കപ്പിൽ ക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് കീഴ്കോടതി വിധിച്ച തടവുശിക്ഷ ശരിവെച്ച് ഹൈകോടതി.1996ലാണ് എഴുകോൺ സ്വദേശിയായ അയ്യപ്പനെ പൊലീസ് ലോക്കപ്പിൽ ക്രൂരമർദനത്തിന് ഇരയാക്കിയത്. ഇയാളുടെ നാക്കിൽ സിഗരറ്റ് കുത്തി പൊള്ളലേൽപിച്ചു.
കേസിലെ ഒന്നാം പ്രതിയും സംഭവം നടക്കുമ്പോൾ എഴുകോൺ എസ് ഐയുമായിരുന്ന ഡി രാജഗോപാൽ, മൂന്നുമുതൽ അഞ്ചുവരെ പ്രതികളും കോൺസ്റ്റബിൾമാരുമായിരുന്ന മണിരാജ്, ബേബി, ഷറഫുദ്ദീൻ എന്നിവർക്ക് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ച ഒരുവർഷം വീതം തടവും 3500 രൂപ പിഴയും ശിക്ഷയാണ് ശരിവെച്ചത്. രണ്ടാം പ്രതിയായിരുന്ന എഎസ്ഐ ടി കെ പൊടിയൻ വിചാരണ കാലയളവിൽ മരിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അയ്യപ്പനെ അറസ്റ്റ് ചെയ്തത്. പിറ്റേന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ ഇയാൾക്ക് പരസഹായം കൂടാതെ എഴുന്നേറ്റു നിൽക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ലോക്കപ്പ് മർദനത്തെക്കുറിച്ച് അയ്യപ്പൻ മജിസ്ട്രേറ്റിനോട് പരാതിപ്പെട്ടു. ഇക്കാര്യം റിമാൻഡ് അപേക്ഷയിൽ രേഖപ്പെടുത്തി.
1996ൽതന്നെ അയ്യപ്പൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. 13 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പൊലീസുകാരെ ശിക്ഷിച്ച് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. 10,000 രൂപ അയ്യപ്പന് നഷ്ടപരിഹാരം നൽകാനും ഉത്തരവുണ്ടായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates