ഉയർന്ന അൾട്രാ വയലറ്റ് സൂചിക; രാവിലെ 10 മുതൽ വൈകീട്ട് 3 വരെ വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം, വേണ്ടത് അതിജാ​ഗ്രത

മാർച്ച് പകുതിക്കു ശേഷം സൂര്യൻ ഉത്തരാർധ​ഗോളത്തിലേക്കു പ്രവേശിക്കുന്നതോടെ അൾട്രാ വയലറ്റ് രശ്മികൾ മനുഷ്യ ശരീരത്തിൽ നേരിട്ട് ഏൽക്കുന്നതു കൂടും
High ultraviolet index
പ്രതീകാത്മകം
Updated on
1 min read

തിരുവനന്തപുരം: ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെയിലത്ത് ജോലി ചെയ്യുന്നവരും ചർമ, നേത്ര രോ​ഗങ്ങൾ ഉള്ളവരും കാൻസർ പോലെ ​ഗുരുതര രോ​ഗങ്ങളോ രോ​ഗ പ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേക ജാ​ഗ്രത പുലർത്തണം.

മാർച്ച് പകുതിക്കു ശേഷം സൂര്യൻ ഉത്തരാർധ​ഗോളത്തിലേക്കു പ്രവേശിക്കുന്നതോടെ അൾട്രാ വയലറ്റ് രശ്മികൾ മനുഷ്യ ശരീരത്തിൽ നേരിട്ട് ഏൽക്കുന്നതു കൂടും. ചർമ രോ​ഗങ്ങൾ ഉൾപ്പെടെയുള്ള ആ​രോ​ഗ്യ പ്രശ്നങ്ങൾക്കു ഇതു വഴി വയ്ക്കുമെന്നു വിദ​ഗ്ധർ മുന്നറിയിപ്പു നൽകുന്നു.

ഉയർന്ന തോതിൽ അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സ്യൂര്യാതപം ഉൾപ്പെടെയുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്കും സാരമായ പൊള്ളലിനും കാരണമാകും. പകൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺ​ഗ്ലാസ് എന്നിവ ഉപയോ​ഗിക്കണം. ശരീരം മറയുന്ന കോട്ടൺ വസ്ത്രങ്ങളാണ് ഉചിതം. യാത്രാ ഇടവേളകളിൽ തണലിൽ വിശ്രമിക്കണം.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. തൊഴിൽദായകർ ജോലി സമയം ക്രമീകരിക്കണമെന്നു തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടു.

സാഹചര്യത്തിന്റെ ​ഗൗരവം മനസിലാക്കി ജാ​ഗ്രത പുലർത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ സജ്ജീകരിക്കും.

വേനൽ മഴ

ഈയാഴ്ച സംസ്ഥാനത്ത് വേനൽ മഴ ലഭിക്കുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ശമിക്കുന്നതോടെ ചൂട് വീണ്ടും കൂടും. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് പെട്ടെന്നു കൂടുന്നത് ചൂട് കൂടുതൽ അനുഭവവേദ്യമാകുന്ന താപസൂചിക വർധിപ്പിക്കും.

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ കൂടുതൽ മേഘാവൃതമാകുന്നതിനാൽ ചൂട് കുറയും. വടക്കൻ ജില്ലകളിൽ താപനില ഉയർന്നു നിൽക്കും. വടക്കൻ ജില്ലകളിൽ മഴയെത്താൻ അൽപ്പം താമസം നേരിടുന്നതിനാലാണിത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com