

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖുവിന് മുഖ്യമന്ത്രി കത്തയച്ചു. മലയാളികളായ 18 പേര്‍ ഉള്‍പ്പെടെ വിനോദസഞ്ചാരത്തിന് പോയ 25 പേരടങ്ങുന്ന സംഘമാണ് ഹിമാചലിലെ കല്‍പയില്‍ കുടുങ്ങിയത്.
കുടുങ്ങി കിടക്കുന്നവരുടെ സുരക്ഷയും സുഗമമായ മടങ്ങിവരവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യവും മുഖ്യമന്ത്രി അറിയിച്ചു. ഹിമാചല്‍ പ്രദേശിലെ കല്‍പ മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെ 25 അംഗ യാത്രാ സംഘം കുടുങ്ങിക്കിടക്കുന്നു. 18 മലയാളികളാണ് സംഘത്തിലുള്ളത്. സംഘത്തിലെ 5 പേര്‍ തമിഴ്‌നാട്ടുകാരും ബാക്കിയുള്ളവര്‍ ഉത്തരേന്ത്യക്കാരുമാണ്. മഴയും മണ്ണിടിച്ചിലും മൂലം പ്രദേശത്ത് കുടുങ്ങിയ യാത്രാ സംഘത്തിന് മതിയായ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം പോലും നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡല്‍ഹിയില്‍ നിന്ന് ഓഗസ്റ്റ് 25-ന് യാത്ര തുടങ്ങിയ സംഘം സ്പിറ്റിയില്‍ നിന്ന് കല്‍പ്പയിലേക്ക് എത്തിയതിന് പിന്നാലെയാണ് കാലാവസ്ഥ പ്രതികൂലമായത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും ഷിംലയിലേക്കുള്ള റോഡ് തകര്‍ന്നിരുന്നു. ഇതോടെ സംഘം മടങ്ങാനാവാതെ കുടുങ്ങുകയായിരുന്നു. കല്‍പ ഗ്രാമത്തിലെ ഹോട്ടലിലാണ് നിലവില്‍ സംഘമുള്ളതെന്നാണ് വിവരം.
അതേമസമയം, മലയാളികളുടെ മോചനത്തിന് നോര്‍ക്ക വഴി ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സംഘത്തെ തിരികെ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചിരുന്നു. മടങ്ങാന്‍ സാധിക്കാതെ കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളുടെ വിവരം പുറത്തറിഞ്ഞതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഘവുമായി ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
