

കൊച്ചി: വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പ്രസ്ഥാനം. ക്രിസ്ത്യന്‍ - നായര്‍ ഐക്യത്തിലൂടെ കേരളത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയം ആദ്യം പരീക്ഷിച്ച പാര്‍ട്ടി. കാലാന്തരത്തില്‍ പല കഷണങ്ങളായി ഇടതു, വലതു മുന്നണികളുടെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും പിന്നാമ്പുറങ്ങളില്‍ അപ്രസക്തമാക്കപ്പെട്ട കേരള കോണ്‍ഗ്രസ് സ്വത്വം നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍ മധ്യകേരളത്തിലെക്രൈസ്തവ റബ്ബര്‍ രാഷ്ട്രീയം വഴിത്തിരിവിലാണ്.
പല മുന്നണികളിലായി വിഘടിച്ച് അപ്രസക്തമായ കേരള കോണ്‍ഗ്രസിനെ ഒരുമിപ്പിച്ചു ക്രൈസ്തവ രാഷ്ട്രീയത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുമ്പോള്‍ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കു ശ്രമിക്കുകയാണ് സമുദായം. ഒരു വശത്തു തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ആശീര്‍വാദത്തോടെ കത്തോലിക്കാ കോണ്‍ഗ്രസിനെ രാഷ്ട്രീയ പ്രസ്ഥാനമാക്കാന്‍ ശ്രമം നടക്കുമ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയത്തോട് സമരസപ്പെട്ടു ദേശീയ തലത്തില്‍ പ്രസക്തി നേടാനാണ് കേരള കോണ്‍ഗ്രസിന്റെ മുന്‍കാല പടനായകരുടെ ശ്രമം. ഇന്നലെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തിരികൊളുത്തി ഉദ്ഘാടനം ചെയ്ത കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ അത്തരം ഒരു പരീക്ഷണമാണ്. കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപം കൊള്ളുന്നത്.
2003 മെയ് മുതല്‍ ഒരു വര്‍ഷക്കാലം വാജ്‌പേയി മന്ത്രിസഭയില്‍ നിയമകാര്യ സഹമന്ത്രി ആയിരുന്ന പി സി തോമസ് ആണ് ഹിന്ദുത്വ ദേശീയ രാഷ്ട്രീയത്തോട് ആദ്യം സമരസപ്പെട്ട കേരള കോണ്‍ഗ്രസ് നേതാവ്. തന്റെ പിന്‍ഗാമിയായി ജോസ് കെ മാണിയെ വാഴിക്കാനുള്ള കെ എം മാണിയുടെ തീരുമാനത്തില്‍ കലഹിച്ചു പാര്‍ട്ടി വിട്ട തോമസ് 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഐ എഫ് ഡി പി) രൂപീകരിച്ചു എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചു. 2006 ല്‍ അയോഗ്യനാക്കപ്പെട്ടെങ്കിലും റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നിരന്തരം ലോക്‌സഭയില്‍ ഉന്നയിച്ച പി സി തോമസിന് ക്രിസ്ത്യന്‍ സമുദായത്തില്‍ ബി ജെ പിക്കു സ്വീകാര്യത വളര്‍ത്താന്‍ കഴിഞ്ഞു.
ഇടക്കാലത്തു കേരള കോണ്‍ഗ്രസ് ജോസഫിലേക്കു പോയെങ്കിലും തിരിച്ചു എന്‍ ഡി എ പാളയത്തില്‍ എത്തിയ പി സി തോമസ് 2019 ലോക് സഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു 157658 വോട്ട് നേടി. പിന്നീട് 2021 ല്‍ ജോസഫ് വിഭാഗവുമായി ലയിച്ചു ബ്രാക്കറ്റ് ഇല്ലാത്ത കേരള കോണ്‍ഗ്രസ് ആയി.
2014ല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ നോബിള്‍ മാത്യു നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് രൂപീകരിക്കുകയും കോട്ടയം ലോക് സഭ മണ്ഡലത്തില്‍ നിന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. 2015 ജനുവരിയില്‍ ബി ജെ പിയില്‍ ചേര്‍ന്ന അദ്ദേഹം ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ആയി. കുരുവിള മാത്യൂസിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് നിലവില്‍ കേരളത്തില്‍ എന്‍ ഡി എ ഘടകകക്ഷിയാണ്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ മുന്നണി പോരാളിയായിരുന്ന പി സി ജോര്‍ജ് ആണ് പിന്നീട് ബി ജെ പി പാളയത്തില്‍ എത്തിയ പ്രമുഖ ക്രിസ്ത്യന്‍ നേതാവ്. പൂഞ്ഞാര്‍ എം എല്‍ എ ആയിരുന്ന പി സി ജോര്‍ജ് എല്‍ ഡി എഫില്‍ നിന്ന് തെറ്റിപ്പിരിഞ്ഞാണ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ എന്ന പാര്‍ട്ടി രൂപീകരിച്ചത്. പിന്നീട് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേര്‍ന്നെങ്കിലും 2015 ല്‍ മാണി ഗ്രൂപ്പ് വിട്ട ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു. 2016 ല്‍ പൂഞ്ഞാറില്‍ നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് 2021 ല്‍ പരാജയപ്പെട്ടു. ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹത്തെ മാണി ഗ്രൂപ്പിന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പരാജയപ്പെടുത്തി. 2024 ജനുവരിയില്‍ പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബി ജെ പിയില്‍ ചേര്‍ന്നു.
2023 ലാണ് ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച മുന്‍ ദേശീയ വൈസ് പ്രസിഡന്റ് വി വി അഗസ്റ്റിന്റെ നേതൃത്വത്തില്‍ നാഷണല്‍ പ്രോഗ്രസ്സിവ് പാര്‍ട്ടി രൂപീകരിച്ചത്. മുന്‍ എം എല്‍ എമാരായ ജോണി നെല്ലൂര്‍, ജോര്‍ജ് ജെ മാത്യു, മാത്യു സെബാസ്റ്റ്യന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ ചേരും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അവര്‍ അവസാന നിമിഷം പിന്മാറി. എന്‍ പി പിയുടെ പ്രതിനിധികള്‍ അക്കാലത്തു എന്‍ ഡി എയുടെ കേരള സംസ്ഥാന ഘടകം മീറ്റിങ്ങുകളില്‍ പങ്കെടുത്തെങ്കിലും ആ പാര്‍ട്ടി ക്രമേണ ഇല്ലാതായി. ഇതിനിടെ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി എന്ന മറ്റൊരു പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. ബി ജെ പി അനുകൂലികളായ മുന്‍ കേരള കോണ്‍ഗ്രസ് നേതാക്കളുടെ പുതിയ പരീക്ഷണമാണ് കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍.
ലവ് ജിഹാദിനെതിരെ ക്രിസ്ത്യന്‍ ഹിന്ദു ഐക്യ മുദ്രാവാക്യവുമായി 2018 ല്‍ പിറന്ന ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) എന്ന സംഘടനയും ഇതിനിടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം നടത്തി. 2025 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടു സമാന മനസ്‌കരായ ക്രിസ്ത്യന്‍ സമുദായ നേതാക്കളെ മുന്നണിയില്‍ എത്തിക്കാന്‍ ബി ജെ പി ശ്രമം നടത്തുന്നുണ്ട്. വിഘടിച്ചു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെ ആകര്‍ഷിച്ചു മത മേലധ്യക്ഷന്മാരുടെ പിന്തുണയോടെ മധ്യകേരളത്തില്‍ സ്വാധീനമുറപ്പിക്കുകയാണ് ബി ജെ പി ലക്ഷ്യം. അതില്‍ കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ എത്രകണ്ട് വിജയിക്കും എന്ന് കാത്തിരുന്ന് കാണാം.
അതിനിടെ വന്യജീവി ആക്രമണങ്ങള്‍, ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, കാര്‍ഷിക വിഭവങ്ങളുടെ വിലയിടിവ് എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി ക്രൈസ്തവ ഐക്യം ഊട്ടിയുറപ്പിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മെയ് 17, 18 തീയതികളില്‍ പാലക്കാട്ട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസ് അന്തര്‍ദേശീയ സമ്മേളനവും സമുദായ ശാക്തീകരണ റാലിയും സംഘടനയുടെ ശക്തി പ്രകടനമായി. കോണ്‍ഗ്രസിനോട് ആഭിമുഖ്യമുണ്ടെങ്കിലും വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഗോളബല്‍ ഡയറക്ടര്‍ ഫാ ഫിലിപ്പ് കവിയിലിനെയും മാര്‍ ജോസഫ് പാംപ്ലാനിയെയും ആവേശം കൊള്ളിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക ആഭിമുഖ്യമുള്ള സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുമെന്നും സമുദായത്തെ ഒരു വോട്ട് ബാങ്ക് ആക്കി മാറ്റുമെന്നും ഫിലിപ്പ് കവിയില്‍ പറയുന്നു. സമുദായ താല്പര്യം സംരക്ഷിക്കാനും അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും കെ എം മാണിയെപോലെയുള്ള ഒരു നേതാവിന്റെ അഭാവം ക്രിസ്ത്യന്‍ സമുദായം ശരിക്കും അനുഭവിക്കുന്നുണ്ട്. അതിനാലാണ് കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ ഐക്യത്തിലൂടെ വിലപേശല്‍ ശക്തിയായി മാറണമെന്ന് ആഗ്രഹിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
