HOT TEMPERATURE IN KERALA
കടുത്ത ചൂടിൽ കുട്ടിക്ക് വെള്ളം കൊടുക്കുന്ന ദൃശ്യം ഫയൽ

വെന്തുരുകുന്ന ചൂട് തുടരും, പാലക്കാട് 41 ഡിഗ്രി തന്നെ; വെള്ളിയാഴ്ച മുതല്‍ പരക്കെ മഴ, കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് തുടര്‍ച്ചയായ ഏഴാം ദിവസമായ ഇന്നും ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും ഈ ചൂട് തന്നെ തുടരാനാണ് സാധ്യത.

കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും തൃശൂര്‍ ജില്ലയില്‍ 39°C വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38°C വരെയും, ആലപ്പുഴ, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യല്‍സ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കാനും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനിടെ നാളെ മുതല്‍ വേനല്‍മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും എല്ലാ ജില്ലകളിലും വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനത്തില്‍ പറയുന്നത്.

കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരമാലയുടെ വേഗം സെക്കന്‍ഡില്‍ 20 cm നും 45 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാര്‍ഗനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

HOT TEMPERATURE IN KERALA
'പിജെ കുര്യന്‍റെ കേസ് ഒത്തുതീര്‍പ്പാക്കിയത് നന്ദകുമാര്‍, കാണാന്‍ വന്നത് നടക്കാത്ത ആവശ്യങ്ങളുമായി'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com