

കോഴിക്കോട്: തിരൂരില്‍നിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍സ്വദേശി സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ടാണെന്നും പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് രാത്രി തന്നെ തിരൂരിലെ കേരങ്ങത്ത് പള്ളിയില്‍ ഖബറടക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പോസ്റ്റുമോര്‍ട്ടത്തായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഫോറന്‍സിക് സര്‍ജന്റെ നിര്‍ദേശം പ്രകാരം പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പായി എക്സേറേ എടുത്തിട്ടുണ്ട്. ഏതുതരം ആയുധങ്ങള്‍ ഉപയോഗിച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്, എല്ലുകളുടെ സ്ട്രെക്ച്ചറില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ തുടങ്ങിയവ അറിയുന്നതിനായാണ് പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പായി എക്സ്റേ എടുത്തത്
പ്രതി ആഷിക്കുമായി നടത്തിയ തിരച്ചിലിലാണ് സിദ്ദിഖിന്റെ മൃതദേഹം കണ്ടെടുത്തത്. ചെന്നൈയില്‍ പിടിയിലായ ഷിബിലിയെയും (22) ഫര്‍ഹാനയെയും (18) വൈകിട്ട് തിരൂരില്‍ എത്തിക്കും.
സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളിബാഗില്‍ അട്ടപ്പാടി ചുരംവളവില്‍ ഉപേക്ഷിക്കുകയായിരുന്നു. സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. ഷിബിലിയുടെ സുഹൃത്താണ് ഫര്‍ഹാന. ഫര്‍ഹാനയുടെ സുഹൃത്താണ് ചിക്കു എന്ന ആഷിക്ക്. ഹോട്ടലിലെ മേല്‍നോട്ടക്കാരനായിരുന്നു ഷിബിലിയെന്നാണ് വിവരം. രണ്ട് ആഴ്ച മാത്രമാണ് ഷിബിലി ഹോട്ടലില്‍ ജോലി നോക്കിയത്. ഇതിനിടെ മറ്റ് തൊഴിലാളികള്‍ ഷിബിലിയുടെ പെരുമാറ്റ ദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടിരുന്നു.
ഷിബിലിക്കു കുറച്ചു ദിവസത്തെ ശമ്പളം നല്‍കാനുണ്ടായിരുന്നു. അതു കൊടുത്ത് അവരെ കടയില്‍നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് സിദ്ദീഖിന്റെ കുടുംബത്തിന്റെ ഭാഷ്യം. കൊലയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണമെന്നാണ് നിഗമനമെന്ന് മലപ്പുറം എസ്പി പറഞ്ഞു. ഹണിട്രാപ്പ് ഉണ്ടോ എന്നതില്‍ വ്യക്തതയില്ല. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യും. മൂവരും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹതയുണ്ട്. കൊല നടന്നത് ഈ മാസം 18നും 19നും ഇടയിലാണെന്നും മൂന്നുപേര്‍ക്കും കൊലയില്‍ പങ്കുണ്ടെന്നും എസ്പി വ്യക്തമാക്കി.
കഴിഞ്ഞ 18ന് സിദ്ദീഖിനെ കാണാതായിരുന്നു. 22ന് സിദ്ദീഖിന്റെ മകന്‍ പൊലീസില്‍ പരാതി നല്‍കി. സിദ്ദീഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടില്‍നിന്ന് തുടര്‍ച്ചയായി പലയിടങ്ങളില്‍നിന്നായി പണം പിന്‍വലിച്ചിരുന്നു. ഇതില്‍ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണുള്ളതെന്ന് കണ്ടെത്തി. ഇത് ഷിബിലി, ആഷിക്ക്, ഫര്‍ഹാന എന്നിവരാണെന്നാണ് വിവരം. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ആഷിക്കിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates