

കല്‍പ്പറ്റ പുനരധിവാസ ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ വലിയ വിവാദങ്ങള്‍ പുകയുകയാണ്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകളില്‍ ഒന്നില്‍ വിള്ളലുകള്‍ കണ്ടെത്തി എന്ന് വീട്ടുടമയായ നൗഫല്‍ മാധ്യമങ്ങളോട് പറഞ്ഞതോടു കൂടിയാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. എന്നാല്‍ വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്.
എന്നാല്‍ സമകാലിക മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനായി കോണ്‍ഗ്രസ് ഉപയോഗിക്കുന്നതില്‍ താല്പര്യം ഇല്ല എന്നും സര്‍ക്കാരിന്റെ വീട്ടില്‍ തന്നെ താമസിക്കാന്‍ ആണ് താല്പര്യം എന്നും നൗഫല്‍ പറഞ്ഞു. വീടിന്റെ റൂഫിങ്ങിന് വിള്ളല്‍ സംഭവിച്ചതിനു കാരണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആണെന്നും സര്‍ക്കാരിന് ഇതുമായി ബന്ധം ഇല്ലന്നും നൗഫല്‍ പറയുന്നു.
ചോദ്യം: താങ്കളുടെ വീടിന്റെ മേല്‍ക്കൂരയില്‍ ഉണ്ടായ വിള്ളലാണല്ലോ കഴിഞ്ഞ കുറച്ചു ദിവസമായി സംസ്ഥാനത്തെ ചര്‍ച്ചാവിഷയം. നിങ്ങള്‍ എങ്ങനെയാണ് വിള്ളല്‍ ഉണ്ടായ വിവരം അറിയുന്നത്? ഊരാളുങ്കല്‍ സൊസൈറ്റി നിങ്ങളെ അറിയിക്കുകയായിരുന്നോ?
ഉത്തരം: അല്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കല്‍പ്പറ്റയില്‍ നന്നായി മഴ പെയ്തിരുന്നു. പുതിയ വീടായതുകൊണ്ട് മേല്‍ക്കൂരയ്ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് അറിയാന്‍ ഞാന്‍ അവിടെ പോയി നോക്കിയതാണ്. അപ്പോഴാണ് എന്റെ വീടിന്റെ മേല്‍ക്കൂരയില്‍ തൊഴിലാളികള്‍ വെള്ളം തടഞ്ഞുനിര്‍ത്തി 'പൂള്‍ ടെസ്റ്റ്' (Pool Test) ചെയ്യുന്നത് കണ്ടത്. അകത്തു കയറി നോക്കിയപ്പോള്‍ വെള്ളം കിനിയുന്നത് കാണാന്‍ കഴിഞ്ഞു. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് കോണ്‍ക്രീറ്റിന് വിള്ളലുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. എന്‍ജിനീയറോട് സംസാരിച്ചപ്പോള്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും അതിനുശേഷം മാത്രമേ വീട് കൈമാറുകയുള്ളൂ എന്നും പറഞ്ഞു. എന്നാല്‍ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മെയിന്‍ ഡോര്‍ തകര്‍ന്നതായും കണ്ടു. അപ്പോഴാണ് എനിക്ക് ULCCS-ന്റെ പണിയില്‍ സംശയം തോന്നിയത്. തുടര്‍ന്ന് ഞാന്‍ ഉടനെ മാധ്യമങ്ങളെ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു.
ചോദ്യം: എങ്ങനെയാണ് കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ഇടപെടുന്നത്? നൗഫല്‍ അവരെ വിളിച്ചിരുന്നോ?
ഉത്തരം: ഒരിക്കലുമില്ല. വിഷയം വാര്‍ത്തയായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജെനീഷ് എന്നെ ഇങ്ങോട്ട് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വീട് വന്നു കണ്ടോട്ടെ എന്നും സന്ദര്‍ശന വേളയില്‍ ഞാന്‍ കൂടെയുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ഷിപ്പിന് പുറത്ത് കുടില്‍ കെട്ടി സമരം ചെയ്യും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഞാന്‍ കണ്ടിരുന്നു. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള പ്രവൃത്തികള്‍ അവിടെ ഉണ്ടാകരുത് എന്ന് ഞാന്‍ ഉറപ്പ് വാങ്ങിയിരുന്നു. എന്റെ ഈ വിഷയം കാരണം മറ്റ് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ചോദ്യം: താങ്കള്‍ ഒരു കോണ്‍ഗ്രസ്സുകാരനാണെന്നും ഈ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചു എന്നും വിമര്‍ശനങ്ങളുണ്ടല്ലോ?
ഉത്തരം: ഞാന്‍ ഒരു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനൊന്നുമല്ല. 16 വര്‍ഷത്തോളം സൗദിയില്‍ ജോലി ചെയ്ത ആളാണ് ഞാന്‍. അതിനുമുമ്പ് ഒരു കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരത്തില്‍ ഒരു വിഷയം വരുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിന് ഇടവരുത്താതെ ഇരിക്കുക എന്നതായിരുന്നു സര്‍ക്കാരും ULCCSഉം ചെയ്യേണ്ടിയിരുന്നത്.
ചോദ്യം: കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി കെ രാജന്‍ താങ്കളുടെ വീട് സന്ദര്‍ശിച്ചല്ലോ. നിങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നോ?
ഉത്തരം: ഇല്ല. ഞാന്‍ ആ സമയം അവിടെത്തന്നെ ഉണ്ടായിരുന്നു. എന്നാല്‍ വിള്ളലുള്ള ഭാഗത്തെ മാര്‍ക്കിംഗ് തുടച്ചു കളയുകയല്ലാതെ മന്ത്രി എന്നോട് ഒരു വാക്കുപോലും സംസാരിച്ചില്ല. പ്രശ്‌നമുണ്ടെന്ന് അംഗീകരിക്കാതെ അതിനെ ലഘൂകരിച്ചത് എനിക്ക് വലിയ വിഷമമുണ്ടാക്കി. അതുകൊണ്ടാണ് പിന്നീട് പ്രതിനിധികള്‍ വന്നപ്പോള്‍ ഞാന്‍ ആ രീതിയില്‍ പ്രതികരിച്ചത്. വര്‍ഷങ്ങളോളം പണിയെടുത്തുണ്ടാക്കിയ വീട്ടില്‍ എന്റെ കുടുംബം താമസിച്ചത് വെറും രണ്ട് മാസമാണ്. ആ ഉരുള്‍പൊട്ടലില്‍ ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി. വാടകയ്ക്കെടുത്ത ഓട്ടോ ഓടിച്ചാണ് ഇന്ന് ഞാന്‍ കുടുംബം നോക്കുന്നത്. എനിക്കും കുടുംബത്തിനും ഇനിയുള്ള ഏക പ്രതീക്ഷ ഈ വീടാണ്. അതിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ എനിക്ക് സഹിക്കാനാവില്ല.
ചോദ്യം: കെട്ടിടം പണിക്കാരന്‍ എന്ന് വിളിച്ച് മന്ത്രിയെ കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിക്കുന്നത് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?
ഉത്തരം: ഒരിക്കലുമില്ല. ഞാനും ഒരു തൊഴിലാളിയാണ്. അത്തരം പരിഹാസങ്ങളോട് എനിക്ക് താല്‍പ്പര്യമില്ല. എനിക്ക് ഈ ഗവണ്‍മെന്റിനോട് ഒരു എതിര്‍പ്പുമില്ല. അവര്‍ കോണ്‍ട്രാക്ടര്‍ക്ക് കൃത്യമായി പണം നല്‍കിയിട്ടുണ്ട്, ഞങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്. വീടിന്റെ പണി തുടക്കത്തില്‍ മനോഹരമായിരുന്നു. ഫൗണ്ടേഷന്‍ ഒക്കെ ഞങ്ങള്‍ക്ക് വലിയ സംതൃപ്തി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ആ സംതൃപ്തിയില്ല. അതിന് കാരണം നിര്‍മ്മാണ ഏജന്‍സിയായ ULCCS ആണ്.
ചോദ്യം: 178 വീടുകളുടെ പണി പൂര്‍ത്തിയായതായാണ് സര്‍ക്കാര്‍ പറയുന്നത്. നിങ്ങള്‍ മാത്രമാണ് പരാതിയുമായി വരുന്നത്, ബാക്കിയുള്ളവര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമാണല്ലോ?
ഉത്തരം: അവരൊക്കെ ഒരുപക്ഷേ ഭരണകക്ഷിയില്‍ ഉള്ളവരായിരിക്കാം. അതുകൊണ്ടായിരിക്കാം അവര്‍ പ്രതികരിക്കാത്തത്.
ചോദ്യം: ഇനിയും ആ വീട്ടില്‍ത്തന്നെ താമസിക്കാനാണോ തീരുമാനം? ഗവണ്‍മെന്റ് വീട് ഉപേക്ഷിച്ച് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്ന വീട്ടിലേക്ക് മാറിക്കൂടെ എന്ന ചോദ്യം ഉയരുന്നുണ്ടല്ലോ?
ഉത്തരം: ഉരുള്‍പൊട്ടലിന് ശേഷം പല സംഘടനകളും വീട് വെച്ചുനല്‍കാന്‍ എന്നെ സമീപിച്ചിരുന്നു. അവരോടെല്ലാം ഞാന്‍ പറഞ്ഞത് ഒരേ കാര്യമാണ് എനിക്ക് ഈ ഗവണ്‍മെന്റില്‍ വിശ്വാസമുണ്ട്, ഗവണ്‍മെന്റ് നല്‍കുന്ന വീട് മതി എന്ന്. ഇപ്പോഴും അതില്‍ മാറ്റമില്ല. കോണ്‍ഗ്രസിന്റെയോ മറ്റ് സംഘടനകളുടെയോ വീട് എനിക്ക് വേണ്ട. നിലവിലെ വീടിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ റൂഫിംഗ് ഷീറ്റ് ഇട്ടു നല്‍കണം എന്ന് മാത്രമാണ് എന്റെ ആവശ്യം.
ചോദ്യം: കോണ്‍ഗ്രസ് ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ടല്ലോ. അവര്‍ അത് നല്‍കുമെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ?
ഉത്തരം: അതില്‍ കുറെ പ്രശ്‌നങ്ങളുണ്ട്. സര്‍ക്കാര്‍ ഉള്‍പ്പെടെ ഒട്ടനവധി സംഘടനകള്‍ ദുരന്തബാധിതര്‍ക്ക് ഇപ്പോള്‍ തന്നെ വീട് വെച്ച് നല്‍കിയിട്ടുണ്ട്. ഇനി വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ് വീടുകള്‍ കിട്ടാനുള്ളത്. കോണ്‍ഗ്രസ് 100 വീട് വെച്ചാലും അത് സ്വീകരിക്കാന്‍ അവിടെ ആളുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഈ കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ ജനീഷുമായി സംസാരിച്ചിരുന്നു. വീടുകളുടെ അടിത്തറയെങ്കിലും കെട്ടണം എന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടനെ തന്നെ അത് ഉണ്ടാകും എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates